അൽതായ് ബയിന്ദിർ: തുർക്കിയിൽ നിന്നുള്ള ദൈവത്തിന്റെ കൈകൾ

ഡിസംബറിൽ കാരബാവോ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ സോൺ ഹ്യൂങ്-മിന്നിൻ്റെ കോർണറിൽ നിന്നുള്ള നേരിട്ടുള്ള ഷോട്ട് തടുക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടർക്കിഷ് ഗോൾ കീപ്പർ അൽതായ് ബയിന്ദിർ രൂക്ഷ പരിഹാസത്തിന് വിധേയനായിരുന്നു. എന്നാൽ, ഒരു മാസം അകലെ വീണ്ടും യുണൈറ്റഡിന് വേണ്ടി ഗ്ലൗസ് അണിഞ്ഞ ബയിന്ദിറിനെ മാനേജർ റൂബൻ അമോറിം വിശേഷിപ്പിച്ചത് “നമ്മുടെ ഹീറോ” എന്നാണ്.

ആഴ്സണലിന്റെ ഹോം ഗ്രൗണ്ട്, എമിറേറ്റ്സിൽ തൻ്റെ ടീമിൻ്റെ എഫ്എ കപ്പ് മൂന്നാം റൗണ്ട് വിജയത്തിന് നിർണായക സംഭാവന നൽകി പേരെടുക്കുകയാണ് ഇരുപത്തിയാറുകാരൻ. “ചിലപ്പോൾ ഒരാഴ്‌ചയ്‌ക്കുള്ളിൽ തന്നെ നിങ്ങളുടെ ജീവിതം മാറിയേക്കാം. നിങ്ങൾക്ക് അത് അൽതായുടെ ജീവിതത്തിൽ കാണാൻ കഴിയും. ടോട്ടൻഹാമിനെതിരെ എല്ലാവരും അൽതായുടെ പേരിൽ വിരലുകൾ കടിക്കുകയായിരുന്നു. ഞാൻ അത് മനസ്സിലാക്കുന്നു. എന്നാൽ ഇന്ന് അവൻ ഞങ്ങളുടെ ഹീറോ ആണ്. അവൻ ഒരു നല്ല വ്യക്തിയാണ്, അവൻ ഒരുപാട് ജോലി ചെയ്യുന്നു. അത് അവന്റെ ജീവിതത്തിൽ മനോഹരമാക്കുന്നു.” മത്സര ശേഷം യുണൈറ്റഡ് ബോസ് റൂബൻ അമോറിം പറഞ്ഞു.

72-ാം മിനിറ്റിൽ മാർട്ടിൻ ഒഡെഗാർഡിൻ്റെ പെനാൽറ്റി തടഞ്ഞ ബയിന്ദിറിൻ്റെ മിന്നുന്ന സേവാണ് മത്സരത്തിൻ്റെ ഫലത്തെ മാറ്റി മറിച്ചത്. സമാനമായ ഒരുപാട് ഹീറോ സേവുകൾ ബയിന്ദിർ മത്സരത്തിലുടനീളം തുടർന്ന് കൊണ്ടേയിരുന്നു. ഡിയാഗോ ഡാലോ റെഡ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പത്ത് പേരായി ചുരുങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി അവതരിച്ച രക്ഷകനായിരുന്നു ബയിന്ദിർ. സമനിലയിൽ അവസാനിച്ച മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോഴും അവിടെയും ബയിന്ദിർ തന്റെ മികവ് പുറത്തെടുത്തു. ആഴ്സണലിന്റെ ജർമൻ താരം കായ് ഹവേർട്സിന്റെ പെനാൽറ്റി സേവ് ചെയ്ത് ബയിന്ദിർ യുണൈറ്റഡ് വിജയത്തിന് അടിത്തറയിട്ടു.