എടികെ മോഹന്‍ ബഗാന്‍ ഇനിയില്ല; കിരീട നേട്ടത്തിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി ഐഎസ്എല്‍ രാജാക്കന്മാര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീട നേട്ടത്തിന് പിന്നാലെ പേരുമാറ്റം പ്രഖ്യാപിച്ച് എടികെ മോഹന്‍ ബഗാന്‍. ഇനി മുതല്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സ് എന്നായിരിക്കും എടികെ അറിയപ്പെടുകയെന്ന് ക്ലബ് ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചു.

‘എടികെ അടുത്ത സീസണില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സ് ആയിരിക്കും. ടീമിന്റെ വിജയത്തിന് ശേഷം പേരുമാറ്റം പ്രഖ്യാപിക്കാന്‍ കാത്തിരിക്കുകയായിരുന്നെന്നും സഞ്ജീവ് ഗോയങ്ക പ്രതികരിച്ചു. 2020ല്‍ മോഹന്‍ ബഗാനുമായി എടികെ ലയിച്ചതിനുശേഷമാണ് എടികെ മോഹന്‍ ബഗാന്‍ എന്ന പേരാക്കിയത്.

ആവേശം അവസാനം വരെ അലതല്ലി നിന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ മത്സരത്തിനൊടുവില്‍ ബാംഗ്ലൂര്‍ എഫ്‌സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് എ.ടി.കെ മോഹന്‍ ബഗാന്‍ കിരീടം ചൂടുകയായിരുന്നു. മുഴുവന്‍ സമയത്തും അധികസമയത്തും ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെയാന്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. പെനാല്‍റ്റിയില്‍ നിന്ന് തന്നെയാാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. എടികെയ്ക്കായി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ സുനില്‍ ഛേത്രിയും റോയ് കൃഷ്ണയുമാണ് ബാംഗ്ലൂരിന്റെ ഗോള്‍ നേടിയത്.

Read more

പെനാല്‍റ്റിയില്‍ ഷൂട്ടൗട്ടില്‍ കൊല്‍ക്കത്തയുടെ എല്ലാ ഷോട്ടുകളും ഗോള്‍ ആയപ്പോള്‍ ബാംഗ്ലൂരിന്റെ രണ്ട് കിക്കുകള്‍ പിഴച്ചു. പെനാല്‍റ്റിയില്‍ 4 -3 നാണ് കൊല്‍ക്കത്ത ജയിച്ചുകയറിയത്.