ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനം സ്വന്തമാക്കുന്ന ഫുട്‌ബോളര്‍മാരുടെ ഫോബ്‌സ് പട്ടികയില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറി പോര്‍ച്ചുഗീസ് തുറപ്പുചീട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് വന്‍തുകയ്ക്ക് ചേക്കേറിയതാണ് കളത്തിലെ നിതാന്തവൈരിയും ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ താരവുമായ മെസിയെ മറികടക്കാന്‍ സിആര്‍7നെ സഹായിച്ചത്.
ഫോബ്‌സിന്റെ പുതിയ കണക്കു പ്രകാരം 2021-22 സീസണില്‍ ക്രിസ്റ്റ്യാനോയ്ക്ക് 125 മില്യണ്‍ ഡോളര്‍ (922 കോടിയിലേറെ രൂപ) വരുമാനം ലഭിക്കും. ഇതില്‍ 70 മില്യണ്‍ ഡോളര്‍ (553 കോടിയിലേറെ രൂപ) ശമ്പള, ട്രാന്‍സ്ഫര്‍ ബോണസ് എന്നിവയുടെ വകയിലുള്ളതാണ്. പരസ്യ കരാറുകളില്‍ നിന്ന് 55 മില്യണ്‍ ഡോളറും (405 കോടിയിലേറെ രൂപ) ക്രിസ്റ്റ്യാനോയ്ക്ക് കൈവരുമെന്ന് കണക്കാക്കപ്പെടുന്നു. സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ (90 മില്യണ്‍ ഡോളര്‍, 665 കോടിയോളം രൂപ) അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് (65 മില്യണ്‍ ഡോളര്‍, 480 കോടിയോളംരൂപ) ഗോള്‍ഫര്‍ ടൈഗര്‍ വുഡ്‌സ് (60 മില്യണ്‍ ഡോളര്‍, 443 കോടിയോളം രൂപ) എന്നിവര്‍ മാത്രമേ ഇക്കാര്യത്തില്‍ ക്രിസ്റ്റ്യാനോയ്ക്ക് മുന്നിലുള്ളൂ.
2021-22 സീസണില്‍ 110 മില്യണ്‍ ഡോളറാണ് (812 കോടിയോളം രൂപ) മെസിക്ക് ഫോബ്‌സ് കണക്കാക്കുന്ന വരുമാനം. പിഎസ്ജിയിലെ ശമ്പളത്തിന്റെയും ബോണസിന്റെയും ഇനത്തില്‍ 75 മില്യണ്‍ ഡോളര്‍ (554 കോടിയോളം രൂപ) മെസിക്ക് ലഭിക്കും. പരസ്യവരുമാനവും മറ്റുംചേര്‍ന്ന് 35 മില്യണ്‍ ഡോളറും (259 കോടിയോളംരൂപ) മെസിയുടെ അക്കൗണ്ടില്‍ വന്നുചേരും.
അതേസമയം, ലോകത്തെ പത്ത് അതിവരുമാനക്കാരായ ഫുട്‌ബോള്‍ താരങ്ങളില്‍ മൂന്നു പേര്‍ പിഎസ്ജിയുടെ പ്രതിനിധികളാണ്. മെസിക്ക് പിന്നില്‍ 95 മില്യണ്‍ ഡോളറുമായി (701 കോടിയിലേറെ രൂപ) ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ മൂന്നാം സ്ഥാനത്തും ഫ്രഞ്ച് യുവതാരം കെയ്‌ലിയന്‍ എംബാപെ (43 മില്യണ്‍ ഡോളര്‍, 310 കോടിയോളം രൂപ) നാലാമതുമുണ്ട്.