"ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടാണ് ഞാൻ ഇവിടെ എത്തിയത്"; ലയണൽ മെസിയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബാഴ്‌സലോണയ്ക്ക് വേണ്ടി എക്കാലത്തെയും ഗംഭീര പ്രകടനം നടത്തിയ താരം ആരാണെന്ന് ചോദിച്ചാൽ ഒരേ സ്വരത്തിൽ ആരാധകർ പറയുന്ന പേര് അത് ലയണൽ മെസി എന്നായിരിക്കും. ബാഴ്‌സയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ വ്യക്തിയും മെസി തന്നെ. നിലവിൽ 125 ആം ആനിവേഴ്സറി സെലിബ്രേഷൻ ബാഴ്സ നടത്തുന്നുണ്ട്. ഈ ചടങ്ങിലേക്ക് മെസിയെ ക്ഷണിച്ചിരുന്നുവെങ്കിലും വരാൻ സാധിക്കില്ലെന്ന് മെസി അറിയിക്കുകയായിരുന്നു. പകരം ഇതുമായി ബന്ധപ്പെട്ട അഭിമുഖം മെസി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

ബാഴ്സയിലെ ഏറ്റവും മനോഹരമായ അതല്ലെങ്കിൽ അസാധാരണമായ നിമിഷം ഏതാണ് എന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു. സീനിയർ ടീമിന് വേണ്ടിയുള്ള അരങ്ങേറ്റമാണോ റോമിൽ വെച്ച് നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേടിയ ഗോളാണോ ഫസ്റ്റ് ബാലൺ ഡി ഓർ പുരസ്കാരമാണോ എന്നായിരുന്നു ചോദ്യം.

ലയണൽ മെസി പറയുന്നത് ഇങ്ങനെ:

” ഒരു നിമിഷത്തെ മാത്രം തിരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാൻ എനിക്ക് വേണ്ടി തെരഞ്ഞെടുക്കാൻ ആരെയെങ്കിലും ഏൽപ്പിക്കുകയാണ് ചെയ്യാറുള്ളത്. ഇനി ഒരെണ്ണം തിരഞ്ഞെടുക്കണം എന്ന് നിർബന്ധമാണെങ്കിൽ ഞാൻ എന്റെ അരങ്ങേറ്റത്തെ തിരഞ്ഞെടുക്കും. കാരണം ഒരുപാട് ത്യാഗങ്ങൾ സഹിച്ചുകൊണ്ടാണ് ഞാൻ അവിടെ വരെ എത്തിയത്. അർജന്റീനയിൽ നിന്നും സ്പെയിനിലേക്ക് എന്റെ ജീവിതം പറിച്ച് നടുകയായിരുന്നു.ആ അരങ്ങേറ്റമാണ് എല്ലാം മാറ്റി മറിച്ചത്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം “ ലയണൽ മെസി പറഞ്ഞു.

Read more