"എന്നെ ആദ്യം സമീപിച്ചത് കേരള ബ്ലാസ്റ്റേഴ്‌സ് അല്ല"; തുറന്ന് പറഞ്ഞ് പുതിയ പരിശീലകൻ മൈക്കല്‍ സ്റ്റാറേയ

മലയാളി ആരാധകർ നെഞ്ചിലേറ്റി സ്നേഹിച്ച പരിശീലകനായ ഇവാന്‍ വുകോമനോവിച്ചിന് പകരക്കാരനായി ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് ഇറക്കിയിരിക്കുന്നത് സ്വീഡിഷ് താരമായ മൈക്കല്‍ സ്റ്റാറേയ ആണ്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ ആദ്യം സമീപിച്ച ടീം കേരള ബ്ലാസ്റ്റേഴ്‌സ് അല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകൻ മൈക്കല്‍ സ്റ്റാറേയ.

മൈക്കല്‍ സ്റ്റാറേയ പറയുന്നത് ഇങ്ങനെ:

എനിക്ക് ഇന്ത്യൻ സൂപ്പർ ലീഗിലെ വേറെയും ചില ടീമുകളിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു. പക്ഷെ ഞാൻ തിരഞ്ഞെടുത്തത് ബ്ലാസ്റ്റേഴ്സിനെയാണ്. ഇപ്പോഴുള്ള ടീമിൽ താരങ്ങൾക്ക് വിജയിക്കാനുള്ള ദാഹം ഉണ്ട്. അത് ഒരുകണക്കിന് ടീമിന് ഗുണം ചെയ്യും. കൊച്ചിയിലുള്ള മത്സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ” മൈക്കല്‍ സ്റ്റാറേയ പറഞ്ഞു.

ഇത്തവണ ടീമിന്റെ മുന്നേറ്റ നിരയിൽ ദിമിത്രി ഡയമന്റക്കോസും, മധ്യനിരയില്‍ ജിക്‌സണ്‍ സിങ് എന്നിവർ കാണില്ല. പകരം ഡ്യുറന്റ് കപ്പിൽ മികച്ച പ്രകടനം നടത്തിയ മൊറോക്കന്‍ താരം നോഹ സദൗയിയും ലൂണയും മുന്നേറ്റത്തിന് കരുത്താകും എന്നാണ് ആരാധകർ വിലയിരുത്തുന്നത്. പ്രതിരോധത്തില്‍ അലക്‌സാണ്ടര്‍ കോഫും, പ്രീതം കോട്ടാലും ആണ് ടീമിന്റെ വന്മതിൽ.

തിരുവോണദിനത്തിൽ മലയാളികൾക്ക് ഓണസമ്മാനമായി ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മത്സരം വൈകിട്ട് 7.30 ന് പഞ്ചാബ് എഫ്‌സിക്ക് എതിരെയാണ്.