എൻ്റെ ഭാഗത്ത് യാതൊരു തെറ്റുമില്ല, അത് ഗോൾ തന്നെ; യോഗത്തിൽ സ്വയം ന്യായീകരിച്ച് ക്രിസ്റ്റൽ ജോൺ

ബെംഗളൂരു എഫ്സിക്കെതിരായ ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ തള്ളി. കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ പരാതി അന്വേഷിച്ച ഫെഡറേഷൻ ഗോൾ അനുവദിച്ചതിൽ പിഴവൊന്നും ഇല്ലെന്നുള്ള നിഗമനത്തിലാണ് എത്തിയത്.

അതേസമയം, സീസണ്‍ പൂര്‍ത്തിയായതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കൊച്ചിയിലെ ടീം ക്യാമ്പ് വിട്ടു. വിദേശതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നാട്ടിലേക്ക് മടങ്ങി. മത്സരം വീണ്ടും നടത്തണമെന്നും റഫറിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് പരാതി നൽകിയത്. എന്നാൽ മത്സരത്തിൽ പിഴവുകൾ ഇല്ലെന്നും തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നുമാണ് ബാംഗ്ലൂർ എഫ് സി പറഞ്ഞത്.

റഫറി ക്രിസ്റ്റൽ ജോണും യോഗത്തിൽ പങ്കെടുത്തിരുന്നു, തന്റെ ഭാഗത്ത് തെറ്റില്ലെന്നും അത് നിയമപരമായി ഗോൾ ആയിരുന്നു എന്നുമുള്ള വാദമാണ് ക്രിസ്റ്റൽ ഉന്നയിച്ചത്. റഫറിയുടെ തീരുമാനത്തിൽ പിഴവുണ്ടെന്നാണ് മുൻ റഫറിമാർ അടക്കം വാദിച്ചത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.