തുർക്കി ലീഗിൽ പോർച്ചുഗീസ് പരിശീലകൻ ജോസ് മൗറീഞ്ഞോയുടെ ടീമായ ഫെനർബാഷെ എതിരാളിയായ ഗലാറ്റസരെയുമായി സമനിലയിൽ പിരിഞ്ഞതിനെത്തുടർന്ന് നടത്തിയ പരാമർശത്തെത്തുടർന്ന് തുർക്കി ഫുട്ബോൾ ഫെഡറേഷൻ അദ്ദേഹത്തിന് നാല് മത്സരങ്ങളിൽ നിന്ന് വിലക്കും പിഴയും ചുമത്തി.
തിങ്കളാഴ്ച ഇസ്താംബൂളിൽ നടന്ന ലീഗിലെ 25-ാം റൗണ്ടിൽ ഇരു ടീമുകളും തമ്മിലുള്ള ഗോൾരഹിത സമനിലയ്ക്ക് ശേഷം പോർച്ചുഗീസ് പരിശീലകൻ “വംശീയ പരാമർശങ്ങൾ” നടത്തിയതായി ഗലാറ്റസരെ ആരോപിച്ചു.
Read more
“ആദ്യ മിനിറ്റിലെ വലിയ ഡൈവിനും കുട്ടിയുടെ മുകളിൽ കുരങ്ങന്മാരെപ്പോലെ അവരുടെ ബെഞ്ച് ചാടിയതിനും ശേഷം…” എന്ന് മൗറീഞ്ഞോ പറഞ്ഞതായാണ് ആരോപണം. 62 കാരനായ പരിശീലകനെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കുമെന്ന് ഗലാറ്റസരെ ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു. “തുർക്കിയിലെ മാനേജീരിയൽ ചുമതലകൾ ആരംഭിച്ചതുമുതൽ, ഫെനർബാഷെ പരിശീലകൻ ജോസ് മൗറീഞ്ഞോ തുർക്കി ജനതയ്‌ക്കെതിരെ നിരന്തരം അപമാനകരമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.” പ്രസ്താവനയിൽ പറയുന്നു.