സാധാരണക്കാരനിൽ നിന്നും ഇതിഹാസത്തിലേക്കുള്ള വഴി ഒരിക്കലും എളുപ്പമുള്ളതായിരുന്നില്ല; പോർച്ചുഗലിന്റെ സ്വന്തം ക്രിസ്റ്റ്യാനോ റൊണാൾഡോ

നാല്പത് വയസ് തികഞ്ഞ ഈ വേളയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവിതത്തെയോ കരിയാറിനെയോ കുറിച്ച് അധികം വിശദീകരിക്കേണ്ടാത്ത രൂപത്തിൽ ഫുട്ബോളിനെ സ്നേഹിക്കുന്ന, ഫുട്ബോളിനെ ആരാധിക്കുന്ന ജനങ്ങളുടെ ഹൃദയത്തിൽ ആ പേര് പതിഞ്ഞിട്ടുണ്ട്. പോർചുഗലിലെ കൊച്ചു നഗരമായ മധീരയിൽ നിന്ന് ലോക ഫുട്ബോളിന്റെ ഹൃദയത്തിലേക്ക് വളർന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവിതം ഇതിഹാസ തുല്യമാണ്. ചെറുപ്പത്തിൽ പഠനത്തിൽ താല്പര്യമില്ലാതിരുന്ന റൊണാൾഡോ ഫുട്ബോളിനോടുള്ള തന്റെ പാഷനിൽ അടിയുറച്ചു നിന്നു. അതുകൊണ്ട് തന്നെ ജന്മനാടായ ഫാൻചാലിലെ അൻഡോറിൻഹ ക്ലബ്ബിൽ താത്കാലികകിറ്റ്മാനായിരുന്ന തന്റെ പിതാവിനെ പിന്തുടരുന്നതിൽ റൊണാൾഡോക്ക് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു. തന്റെ എട്ടാമത്തെ വയസ്സിൽ അതെ അൻഡോറിൻഹ ഫുട്ബോൾ അക്കാദമിയിൽ ചേർന്ന് റൊണാൾഡോ തന്റെ ഫുട്ബോൾ യാത്രക്ക് തുടക്കം കുറിച്ചു. റൊണാൾഡോയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി അദ്ദേഹത്തിന്റെ അച്ഛൻ ജോസ് അവേറോ ക്ലബ്ബിൽ മുഴുവൻ സമയ കിറ്റ്‌മാൻ ആകാൻ തീരുമാനിച്ചു.

ആൻഡോറിഞ്ഞയിൽ രണ്ട് വർഷം ചെലവഴിച്ചതിന് ശേഷം റൊണാൾഡോ മധീര ദ്വീപിലെ നാസിയോനൽ ക്ലബ്ബിൽ ചേർന്നു. ആ സമയത്ത്, അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനാകുമെന്ന് ആർക്കും അറിയില്ലായിരുന്നെങ്കിലും അവിടെ അദ്ദേഹത്തിന്റെ എല്ലാ വിജയങ്ങളും കുടുംബം നന്നായി ആസ്വദിച്ചു.

പിന്നീട് പന്ത്രണ്ടാം വയസ്സിലാണ് തന്റെ ഫുട്ബോൾ കരിയർ മെച്ചപ്പെടുത്താനും മാതാപിതാക്കളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി ക്രിസ്റ്റ്യാനോ തന്റെ ഏറ്റവും വലിയ തീരുമാനമെടുക്കുന്നത്. തനിക്ക് 12 വയസ്സുള്ളപ്പോൾ മദീരയിലുള്ള തന്റെ കുടുംബത്തെ ഉപേക്ഷിച്ച് അദ്ദേഹം ലിസ്ബണിലേക്ക് പോകാൻ തീരുമാനം എടുക്കുന്നു. 1997-ൽ, സ്പോർട്ടിംഗ് ക്ലബ്ബുമായി മൂന്ന് ദിവസത്തെ ട്രയലിൽ പങ്കെടുത്ത റൊണാൾഡോയെ അവർ £1,500 തുകയ്ക്ക് അവനെ സ്വന്തമാക്കി. തുടർന്ന് വിദ്യാഭാസത്തെയും ഫുട്ബോളിനെയും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോയ റൊണാൾഡോയ്ക്ക് സ്കൂളിൽ അധിക കാലം പിടിച്ചു നിൽക്കാനായില്ല. തന്റെ പതിനാലാം വയസിൽ കസേര എടുത്ത് എറിഞ്ഞു എന്ന് പറഞ്ഞു കൊച്ചു റൊണാൾഡോയെ അന്ന് സ്കൂളിൽ നിന്ന് പുറത്താക്കി ഇതേ കാലത്താണ് അമിത വേഗത കാരണം റൊണാൾഡോയുടെ സമ്മർദ്ദത്തിലായ ശരീരത്തിന് ഉത്കണ്ഠ ഉൾപ്പെടെയുള്ള ശക്തമായ വൈകാരിക പ്രതികരണത്തിന് കാരണമാകുന്നത്. ഇത് ക്രിസ്റ്റ്യാനോയ്ക്ക് അതിവേഗം പടരുന്ന ഹൃദ്രോഗത്തിലേക്ക് നയിച്ചു. ഇത് ഫുട്ബോൾ ഉപേക്ഷിക്കാൻ വരെ അദ്ദേഹത്തെ നിർബന്ധിതനാക്കിയ ആരോഗ്യപ്രശ്നമായിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹൃദയം തകരാറിലായതിനെ തുടർന്ന്, പെട്ടെന്നു തന്നെ സ്പോർട്ടിംഗ് ക്ലബ്ബിലെ മെഡിക്കൽ സ്റ്റാഫ് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്താൻ മാതാപിതാക്കളുടെ അനുമതി തേടി. പ്രശ്നം പരിഹരിക്കാൻ റൊണാൾഡോ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നു, ദിവസങ്ങൾക്ക് ശേഷം, റൊണാൾഡോ വീണ്ടും പരിശീലനത്തിലേക്ക് മടങ്ങി. അങ്ങനെ റൊണാൾഡോയുടെ പതിനാറാമത്തെ വയസ്സിൽ സ്പോർട്ടിങ് സിപി ക്ലബ്ബിന്റെ ഒരു പ്രീ സീസൺ ടൂറിൽ മാനേജർ ലാസ്ലോ ബൊലോണി റൊണാൾഡോയ്ക്ക് ഒരു അവസരം നൽകാൻ തീരുമാനിച്ചു. അങ്ങനെ 2003-ൽ, പ്രീ സീസൺ ടൂറിന്റെ ഭാഗമായി കൃത്യം ഓഗസ്റ്റ് 12-ാം തീയതി ഇംഗ്ലണ്ടിലെ ഓൾഡ് ട്രാഫൊഡിൽ വെച്ച് മാനേജർ ലാസ്ലോ ബൊലോണിയുടെ സംഘത്തിന് നേരിടേണ്ടിയിരുന്നത് സാക്ഷാൽ സർ അലക്സ് ഫെർഗൂസന്റെ മാഞ്ചസ്റ്റർ യൂണിറ്റിഡിനെ ആയിരുന്നു.

Read more