ഇന്ത്യൻ സൂപ്പർ ലീഗിൽ മലയാളികളുടെ ഡെർബി വരുമോ? പ്രതീക്ഷ നൽകി ഗോകുലം കേരള കോച്ച്

ഇന്ത്യൻ ഫുട്ബോളിലെ ഒന്നാം ഡിവിഷൻ ലീഗ് ആയ ഇന്ത്യൻ സൂപ്പർ ലീഗ് മലയാളികൾക്ക് അഭിമാനവും നിരാശയും ഇടകലർന്ന അനുഭവമാണ്. ലീഗിലെ ഏറ്റവും മികച്ച ആരാധക കൂട്ടായ്മയും ഏറ്റവും മികച്ച ഹോം ഗെയിം അനുഭവം നൽകാൻ സാധിക്കുന്ന ആരാധകവൃന്ദവും അവകാശപ്പെടാൻ സാധിക്കുന്ന മലയാളികൾക്ക് ഇതുവരെ ഒരു ട്രോഫി നേട്ടം സ്വന്തമാക്കാനായില്ല എന്നത് അൽപ്പം നിരാശയുണ്ടാക്കുന്നതാണ്. എങ്കിലും നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഒന്നാം ഡിവിഷനിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഹോം മത്സരങ്ങൾക്ക് ഇപ്പോഴും ആരാധകർ ആവേശത്തോടെ കലൂർ സ്റ്റേഡിയത്തിലേക്ക് ഒഴുകി എത്താറുണ്ട്.

ഡെർബികൾ സ്വതവേ മത്സരങ്ങൾക്ക് കൂടുതൽ ആവേശവും വ്യത്യസ്തമായ അനുഭവങ്ങളും പ്രധാനം ചെയ്യുന്നു. ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഡെർബി മാച്ചുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഒരേ നഗരത്തിലെ രണ്ട് ടീമുകളെയും ഒരേ രാജ്യത്തിനകത്തെ രണ്ട് സംസ്‌കാരങ്ങളെയും ഒരേ പ്രവിശ്യയിലെ രണ്ട് രാഷ്ട്രീയത്തെയും ഡെർബികൾ പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ ഡെർബികൾ കേവല മത്സരങ്ങൾക്ക് അപ്പുറത്തുള്ള അനുഭവം കാണികൾക്കും ആരാധകർക്കും നൽകുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു ക്ലബ് എന്ന നിലക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെ അടുത്ത സീസണിൽ ഒരു കേരള ടീം കൂടി ചേരുമ്പോൾ എങ്ങനെയൊക്കെ മലയാളികളുടെ ഡെർബി അനുഭവം വികസിക്കുമെന്ന് പരിശോധിക്കുന്നത് രസകരമായിരിക്കും.

അത്തരത്തിലുള്ള ഒരു ഡെർബി സാധ്യതക്ക് പ്രതീക്ഷ നൽകുകയാണ് നിലവിൽ രണ്ടാം ഡിവിഷൻ ലീഗ് ആയ ഐ ലീഗിലെ ഗോകുലം കേരള എഫ്‌സി കോച്ച് അൻ്റോണിയോ റുവേഡ. ഇന്ത്യൻ സൂപ്പർ ലീഗിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരേയൊരു ക്ലബായ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കാനുള്ള യോഗ്യത തൻ്റെ ടീമിനുണ്ടെന്ന് ഗോകുലം കേരള ഹെഡ് കോച്ച് അൻ്റോണിയോ റുവേഡ വിശ്വസിക്കുന്നു. തൻ്റെ ടീമിന് ഐ-ലീഗ് ജയിക്കാനും അടുത്ത സീസണിൽ ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നേടാനും കഴിയുമെന്നാണ് സ്പാനിഷ് കോച്ച് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായ ഗോകുലം എഫ്‌സി നിലവിൽ ഐ ലീഗിൽ മികച്ച തുടക്കത്തോടെ കളിക്കുന്നു.

റുയേഡയുടെ അഭിപ്രായത്തിൽ, ഐഎസ്എല്ലും ഐ-ലീഗും തമ്മിലുള്ള വ്യത്യാസം വളരെ ചെറിയതാണ്. “ഐ-ലീഗിലെ കുറഞ്ഞത് അഞ്ച് ക്ലബ്ബുകൾക്കെങ്കിലും ഐഎസ്എല്ലിൽ കളിക്കാനാകുമെന്ന് ഞാൻ കരുതുന്നു. ഉദാഹരണത്തിന്, പ്രീ-സീസണിൽ, ഞങ്ങൾ ചെന്നൈയിൽ ചെന്നൈയിൻ എഫ്‌സിയുമായി കളിച്ചു, വ്യത്യാസം വളരെ കുറവായിരുന്നു. ഞങ്ങൾ അൽപ്പം മെച്ചപ്പെട്ടുവെന്ന് ഞാൻ കരുതുന്നു.” റുയേഡ പറഞ്ഞു.

വടക്കൻ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഗോകുലം കേരളയെ മുൻനിര മൈതാനങ്ങളിൽ കാണാൻ അർഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ആരാധകർക്ക് വേണ്ടി മാത്രമാണ് കളിക്കുന്നത്. ഈ ആരാധകരും ഞങ്ങളുടെ കളിക്കാരും ഉള്ളതിനാൽ അടുത്ത സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ഞങ്ങൾക്ക് കളിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരളയും ഐഎസ്എല്ലിൽ ഉണ്ടാകുന്നത് മനോഹരമായിരിക്കും.”

ഐ-ലീഗ് സീസണിലെ അവരുടെ ആദ്യ ഹോം മത്സരത്തിൽ ഗോകുലം ചൊവ്വാഴ്ച ഐസ്വാൾ എഫ്‌സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിന് കളി തുടങ്ങും. ആദ്യ രണ്ട് റൗണ്ടുകൾക്ക് ശേഷം, ഒരു ജയവും സമനിലയുമായി ഗോകുലവും ഐസ്വാളും തോൽവി അറിയാതെയാണ് മത്സരത്തിന് ഇറങ്ങുന്നത്. ഹൈദരാബാദിൽ ശ്രീനിധി ഡെക്കാനെ 3-2ന് പരാജയപ്പെടുത്തിയ ഗോകുലം ശ്രീനഗറിൽ റിയൽ കശ്മീരിനെ 1-1ന് സമനിലയിൽ തളച്ചു.

ഈ സീസണിൽ 12 ടീമുകൾ പങ്കെടുക്കുന്ന ഐ-ലീഗിലെ വിജയികൾക്ക് ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. 2022-23 മുതൽ അതാണ് പതിവ്. ഇന്ത്യൻ ഫുട്ബോൾ റോഡ്‌മാപ്പിന് മുമ്പ് ഗോകുലം തുടർച്ചയായി ഐ-ലീഗ് കിരീടങ്ങൾ നേടിയിരുന്നു. നിലവിൽ ഗോകുലം കേരളയുടെ ഫോം ഐഎസ്എൽ പ്രമോഷൻ ആരംഭിക്കുന്നതിന് ഉറപ്പുനൽകുന്നു. കഴിഞ്ഞ രണ്ട് ഐ-ലീഗ് സീസണുകളിൽ അവർ ഐ-ലീഗിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Read more