ഇന്ത്യയുടെ ഗുകേഷ് ദൊമ്മരാജു എന്ന ഡി ഗുകേഷ് വ്യാഴാഴ്ച ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് 2024 ലോക ചെസ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. ചാമ്പ്യൻഷിപ്പ് ഫൈനലിലെ പതിനാലാം ഗെയിം വിജയിച്ചതിന് ശേഷം ഇന്ത്യൻ ഇതിഹാസം വിശ്വനാഥൻ ആനന്ദിന് ശേഷം കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗുകേഷ്. ഡിംഗ് ലിറനും ഗുകേഷും 6.5 പോയിൻ്റ് വീതം നേടി 14-ാം റൗണ്ടിലെത്തിയതോടെ ചൈനീസ് താരത്തിന്റെ വിലയേറിയ പിഴവ് ഗുകേഷിന്റെ നിർണായക വിജയത്തിലേക്ക് നയിച്ചു. 58-ാം നീക്കത്തിലാണ് ഗുകേഷിന്റെ അത്ഭുതകരമായ വിജയ നീക്കം പിറന്നത്. ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി ഗുകേഷ് ചരിത്രം സൃഷ്ടിച്ചു. എക്കാലത്തെയും പ്രായം കുറഞ്ഞ ചാമ്പ്യൻ എന്ന റെക്കോർഡ് കൂടി സ്വന്തം പേരിലാക്കാൻ ഗുകേഷിന് സാധിച്ചു. സിംഗപ്പൂരിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ, ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഗുകേഷ് ചൈനീസ് ഗ്രാൻഡ്മാസ്റ്റർ ഡിംഗ് ലിറനെ പരാജയപ്പെടുത്തി കിരീടം നേടുമ്പോൾ അദ്ദേഹത്തിന് 18 വയസ്സും 8 മാസവും 14 ദിവസവുമാണ് പ്രായം.
2006 മെയ് മാസത്തിൽ ചെന്നൈയിലെ ഒരു തെലുങ്ക് കുടുംബത്തിൽ ജനിച്ച ഗുകേഷ് ഏഴാം വയസ്സിൽ ചെസ് കളിക്കാൻ തുടങ്ങി. അച്ഛൻ രജനികാന്ത് ഇഎൻടി സർജനും അമ്മ പദ്മ കുമാരി മൈക്രോബയോളജിസ്റ്റുമാണ്. എട്ടാം വയസ്സിൽ, 2015 ലെ ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൻ്റെ അണ്ടർ 9 വിഭാഗത്തിലും 2018 ലെ ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 12 വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ അണ്ടർ 12 വ്യക്തിഗത ക്ലാസിക് ഫോർമാറ്റ്, അണ്ടർ 12 ടീം റാപ്പിഡ്, ബ്ലിറ്റ്സ്, അണ്ടർ 12 വ്യക്തിഗത റാപ്പിഡ്, ബ്ലിറ്റ്സ് ഇവൻ്റുകൾ എന്നിവയിൽ 2018-ൽ അഞ്ച് സ്വർണ്ണ മെഡലുകൾ നേടി. 2019 ജനുവരിയിൽ, അന്ന് 12 വയസ്സും 7 മാസവും പ്രായമുള്ള ഗുകേഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററായി. പിന്നീട് നാട്ടുകാരൻ കൂടിയായ അഭിമന്യു മിശ്ര ഗുകേഷിന്റെ റെക്കോർഡ് തകർത്തു. സെപ്തംബറിൽ, അർജുൻ എറിഗൈസി, പെൻ്റല ഹരികൃഷ്ണ, ആർ പ്രഗ്നാനന്ദ, വിദിത് ഗുജറാത്തി എന്നിവരോടൊപ്പം ചേർന്ന് ഇന്ത്യയെ ആദ്യത്തെ ചെസ് ഒളിമ്പ്യാഡ് സ്വർണം നേടാൻ അദ്ദേഹം സഹായിച്ചു. അവസാന മത്സരത്തിൽ ഡിംഗ് ലിറനെ പരാജയപ്പെടുത്തുന്നതിന് മുമ്പ് ഗുകേഷ് റഷ്യയിൽ നിന്നുള്ള ഗാരി കാസ്പറോവിനെ പരാജയപ്പെടുത്തിയിരുന്നു.

ഗുകേഷും ഡിംഗ് ലിറനും
ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യൻ എന്ന പതിറ്റാണ്ടുകളായി നിലനിന്ന ഗാരി കാസ്‌പറോവിന്റെ റെക്കോർഡാണ് ഡി ഗുകേഷ് തകർത്തത്. 22 വർഷവും 6 മാസവും 27 ദിവസവും പ്രായമുള്ളപ്പോഴാണ് ഗാരി കാസ്‌പറോവ് ലോക ചാമ്പ്യൻ എന്ന നേട്ടം കൈവരിച്ചത്. അഞ്ച് തവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിന് ശേഷം ചാമ്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഡി ഗുകേഷ്. വിശ്വനാഥൻ ആനന്ദ് 2013ലാണ് അവസാനമായി കിരീടം നേടിയത്.
ലോക ചെസ് ചാമ്പ്യനാകാനുള്ള തൻ്റെ സ്വപ്നം സാക്ഷാത്കരിക്കാൻ മാതാപിതാക്കൾ അനുഭവിച്ച ത്യാഗത്തെക്കുറിച്ച് ഡി ഗുകേഷ് തുറന്നുപറയുന്നു: “ഞാൻ എൻ്റെ ചെസ് യാത്ര ആരംഭിച്ച ഏകദേശം 7 വയസ്സ് മുതൽ ഞാൻ ഈ നിമിഷത്തെക്കുറിച്ച് സ്വപ്നം കാണുന്നു. പക്ഷേ ആ സ്വപ്നം അവർക്ക് എന്നെക്കാൾ വലുതായിരിക്കാം.” ഗുകേഷ് തൻ്റെ മാതാപിതാക്കളായ രജനികാന്തിനെയും പദ്മ കുമാരിയെയും കുറിച്ച് പറഞ്ഞു. ഗുകേഷിൻ്റെ പിതാവ് രജനികാന്ത്, 2018-ൽ ഇഎൻടി സർജൻ ജോലി ഉപേക്ഷിച്ച് ചെസ് ടൂർണമെൻ്റുകളിൽ പങ്കെടുക്കാൻ അവന്റെ കൂടെ ഇറങ്ങി തിരിച്ചു. അതേസമയം കുടുംബം പോറ്റാൻ മൈക്രോബയോളജിസ്റ്റായ അമ്മ ജോലി തുടർന്നു. “ഞങ്ങൾ മികച്ച സാമ്പത്തിക സ്ഥിതിയുണ്ടായിരുന്ന കുടുംബമായിരുന്നില്ല. അതിനാൽ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. പക്ഷെ എനിക്ക് അത് അന്ന് മനസ്സിലായില്ല. 2017 ലും 2018 ലും മാതാപിതാക്കൾക്ക് പണത്തിന് നല്ല പ്രയാസമുണ്ടായിരുന്നു. എങ്കിലും ടൂർണമെൻ്റുകൾ കളിക്കാൻ വേണ്ടി എൻ്റെ മാതാപിതാക്കൾ എന്നെ സ്‌പോൺസർ ചെയ്‌തു.”

ഗുകേഷ് മാതാപിതാക്കളോടൊപ്പം
തന്നിലൂടെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഗുകേഷ് കൂട്ടിച്ചേർത്തു. “അവർ രണ്ടുപേരും കായിക പ്രേമികളാണ്, ചെറുപ്പത്തിൽ അവരുടെ അഭിനിവേശം പിന്തുടരാൻ അവർക്ക് അവസരം ലഭിച്ചില്ല. ഞാൻ ജനിച്ചപ്പോൾ, അവർ എന്നെ പിന്തുണക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ തീരുമാനിച്ചു. ഞാൻ ചെസിൽ കഴിവ് കാണിക്കാൻ തുടങ്ങിയപ്പോൾ, അവർ എന്നെയും കൊണ്ട് ഇത്രയും ദൂരം വന്നു. തിരിഞ്ഞുനോക്കുമ്പോൾ, അവർ അവിശ്വസനീയമാണെന്ന് ഞാൻ മനസ്സിലാക്കുന്നു (ചിരിക്കുന്നു). എൻ്റെ മുഴുവൻ യാത്രയും എനിക്ക് വേണ്ടി മാത്രമുള്ളതല്ല. ഞാൻ അവരെ രണ്ടുപേരെയും സ്നേഹിക്കുന്നു.” ഗുകേഷ് പറഞ്ഞു. സിംഗപ്പൂരിൽ ഗുകേഷിനോടൊപ്പം ഉണ്ടായിരുന്ന അവൻ്റെ പിതാവ് ദിവസവും മത്സര വേദിയിലേക്ക് അവനെ അനുഗമിച്ചു. വെള്ളിയാഴ്ച മെഡൽ ദാന ചടങ്ങിൽ അമ്മയും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗുകേഷ് പറഞ്ഞു.
ഗുകേഷും വിശ്വനാഥൻ ആനന്ദും
Read more
ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ് സിംഗപ്പൂരിൽ ഡിംഗ് ലിറനുമായുള്ള മത്സരത്തിനിടെ ഇതിഹാസതാരം വിശ്വനാഥൻ ആനന്ദിൽ നിന്ന് തനിക്ക് ലഭിച്ച സൂക്ഷ്മവും ‘പ്രവചനാത്മകവുമായ’ പ്രോത്സാഹന വാക്കുകളെ കുറിച്ചും സംസാരിച്ചു. “ഒന്നാം മത്സരം കഴിഞ്ഞ് ഒരു നല്ല നിമിഷം ഉണ്ടായിരുന്നു. ഞാൻ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. വിശി സാറും ലിഫ്റ്റിൽ ഉണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു, ‘എനിക്ക് 11 ഗെയിമുകൾ, നിനക്ക് 13 ഗെയിമുകൾ’ അത്രമാത്രം. ഇത് ഒറ്റ കളി മാത്രമാണെന്നും ഇത് ഒരു നീണ്ട മത്സരമാണെന്നും അദ്ദേഹം പറഞ്ഞു. 2010ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ബൾഗേറിയൻ താരം വെസെലിൻ ടോപലോവിനെതിരായ മത്സരത്തെ കുറിച്ചായിരുന്നു വിഷി നടത്തിയ പരാമർശമെന്ന് ഗുകേഷിന് മനസ്സിലാക്കാൻ വലിയ പ്രയാസമുണ്ടായില്ല.