ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒളിമ്പിക് മെഡല്‍ നേടിത്തന്നതില്‍ മുഖ്യ പങ്കുവഹിച്ച മലയാളി താരം പി.ആര്‍ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ടോക്കിയോയില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ശ്രീജേഷിനെ ദുബായില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടാണ് ഷംഷീര്‍ സര്‍പ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്.
‘മികച്ച പ്രകടനത്തിലൂടെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാനമുഹൂര്‍ത്തമാണ് ശ്രീജേഷ് സമ്മാനിച്ചത്. ഒരു മലയാളിയെന്ന നിലയില്‍ ഈ നേട്ടത്തില്‍ എനിക്കും അഭിമാനമുണ്ട്. ഹോക്കിയില്‍ രാജ്യത്തിനുള്ള താത്പര്യം വര്‍ദ്ധിപ്പിക്കാന്‍ ഈ നേട്ടം ഇടയാക്കിയിട്ടുണ്ട്. ശ്രീജേഷിന്റെയും സഹതാരങ്ങളുടെയും പ്രകടനം നൂറുകണക്കിന് യുവതീയുവാക്കളെ തുടര്‍ന്നും പ്രചോദിപ്പിക്കുമെന്നുറപ്പാണ്’ ഷംഷീര്‍ പറഞ്ഞു.
Read more
വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മ്മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യന്‍ ടീമിന് പലപ്പോഴും രക്ഷയായത് ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളായിരുന്നു. ടൂര്‍ണമെന്റിലുടനീളം ശ്രീജേഷിന്റെ ഗോള്‍കീപ്പിംഗ് മികവാണ് പലപ്പോഴും ഇന്ത്യന്‍ ടീമിന്റെ രക്ഷയ്‌ക്കെത്തിയത്. ഈ മികവിന്റെ ബലത്തിലായിരുന്നു ഇന്ത്യയുടെ സെമി പ്രവേശം. ഇതില്‍ ബ്രിട്ടനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ എട്ടോളം രക്ഷപ്പെടുത്തലുകളാണ് താരം നടത്തിയത്.