'മേയര്‍ കടിച്ച മെഡല്‍ വേണ്ട'; ജപ്പാന്‍ താരത്തിന് മെഡല്‍ മാറ്റി നല്‍കി ഒളിമ്പിക്സ് അധികൃതര്‍

സോഫ്റ്റ് ബോളില്‍ സ്വര്‍ണം നേടിയ ജപ്പാന്‍ ടീമംഗം മിയു ഗോട്ടയുടെ മെഡല്‍ മാറ്റി നല്‍കി ടോക്കിയോ ഒളിമ്പിക്സ് അധികൃതര്‍. മിയു ഗോട്ടയുടെ മെഡല്‍ നേട്ടം ആഘോഷിക്കാന്‍ സംഘടിപ്പിച്ച അനുമോദനച്ചടങ്ങില്‍ നാഗോയ സിറ്റി മേയര്‍ തകാഷി കവാമുറ സ്വര്‍ണ മെഡലില്‍ കടിച്ചതാണ് മെഡല്‍ മാറ്റി നല്‍കാന്‍ ഒളിമ്പിക്സ് അധികൃതര്‍ നിര്‍ബന്ധിതരായത്.

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മേയറുടെ ഈ പ്രവൃത്തി രൂക്ഷ വിമര്‍ശനത്തിന് വഴിവെച്ചു. ഇതോടെ മിയു ഗോട്ടയുടെ മെഡല്‍ മാറ്റി നല്‍കണം എന്നായി ആരാധകര്‍. ആവശ്യം ശക്തമായപ്പോള്‍ ടോക്കിയോ ഒളിമ്പിക്സ് സംഘാടകര്‍ ആരാധകര്‍ക്ക് വഴങ്ങി. ആ മെഡലിന് പകരം പുതിയ മെഡല്‍ ജപ്പാനീസ് താരത്തിന് നല്‍കി.

Read more

സമ്മാനമായി ലഭിക്കുന്ന മെഡല്‍ കടിച്ചുനോക്കുന്നത് പൊതുവേ ഒളിമ്പിക്‌സ് വേദികളില്‍ മറ്റും സ്ഥിരം കാണുന്ന കാഴ്ചയാണ്. എന്നാല്‍ ടോക്കിയോ ഒളിമ്പിക്സില്‍ ഈ പതിവ് കണ്ടില്ല. ഇലക്ട്രോണിക് ഉപകരണങ്ങള്‍ റീസൈക്കിള്‍ ചെയ്ത് മെഡല്‍ നിര്‍മ്മിച്ചിരിക്കുന്നതു കൊണ്ടും, കോവിഡ് സാഹചര്യവും മെഡല്‍ കടിക്കുന്നത് ഒഴിവാക്കാന്‍ കാരണമായി.