ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി തിളങ്ങി ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിദ്ധ്യമായി മാറിയ താരമാണ് യശസ്വി ജയ്‌സ്വാള്‍. ഇന്ത്യക്കായി ടെസ്റ്റിലും ടി20യിലും തിളങ്ങിയ ജയ്‌സ്വാള്‍ നിലവില്‍ ഐപിഎല്ലില്‍ വിലപിടിപ്പുളള താരമാണ്. ഇത്തവണ നായകന്‍ സഞ്ജു സാംസണിനൊപ്പം 18 കോടി രൂപ കൊടുത്താണ് ജയ്‌സ്വാളിനെയും രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. ഈ വര്‍ഷം ഐപിഎലില്‍ ആദ്യത്തെ മത്സരങ്ങളില്‍ തിളങ്ങിയില്ലെങ്കിലും അടുത്ത കളികളിലൂടെ താരം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇതിനിടെ യുവതാരത്തെ സംബന്ധിച്ചൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
ജയ്‌സ്വാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ സ്വന്തം ടീമായ മുംബൈയില്‍ നിന്നും ഗോവയിലേക്ക് മാറാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതേകുറിച്ച് മനസുതുറന്ന് യശസ്വി തന്നെ പിന്നാലെ രംഗത്തെത്തി. “ഇതൊരു ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു എന്ന് താരം പറയുന്നു. ഞാന്‍ ഇന്ന് എവിടെയൊക്കെ എത്തിയോ അതിനെല്ലാം കാരണം മുംബൈ ടീമാണ്. എന്നെ ഞാനാക്കിയത് ഈ നഗരമാണ്. എന്റെ ജീവിതം മുഴുവന്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനോട് കടപ്പെട്ടിരിക്കുന്നു”, ജയ്‌സ്വാള്‍ പറഞ്ഞു.
ഗോവ എനിക്ക് പുതിയൊരു അവസരമാണ് മുന്നില്‍വച്ചത്. അവര്‍ എനിക്ക് നായകസ്ഥാനം വാഗ്ദാനം ചെയ്തു. എന്റെ പ്രധാന ലക്ഷ്യം ഇന്ത്യക്കായി നന്നായി കളിക്കുകയെന്നാണ്. എന്നാല്‍ എനിക്ക് നാഷണല്‍ ഡ്യൂട്ടി ഇല്ലാത്ത സമയത്ത് ഗോവക്കായി കളിക്കണമെന്നും അവരെ ടൂര്‍ണമെന്റില്‍ മുന്നോട്ട് നയിക്കാനായി ശ്രമിക്കുമെന്നും ജയ്‌സ്വാള്‍ പറഞ്ഞു. ഇത് എന്നിലേക്ക് വന്ന ഒരു അവസരമാണെന്നും അത് ഞാന്‍ തിരഞ്ഞെടുക്കുകയാണ് ഉണ്ടായതെന്നും താരം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മറ്റൊരു റിപ്പോര്‍ട്ടില്‍ ജയ്‌സ്വാള്‍ ടീം വിടാന്‍ കാരണം മുംബൈയുടെ നായകനും സീനിയര്‍ താരവുമായ അജിന്‍ക്യ രഹാനെയുമായുളള അസ്വാരസ്യം മൂലമാണെന്നും പറയപ്പെടുന്നു. രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ മോശം ഷോട്ട് സെലക്ഷന്റെ പേരില്‍ ജയ്‌സ്വാളിനെ രഹാനെ ചോദ്യം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.