ഡോക്ടര്‍ സൈഫുദ്ദീന്‍കുഞ്ഞ് (അസിസ്റ്റന്റ് പ്രെഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേര്‍ഷ്യന്‍- ഗുഹാത്തി യൂണിവേഴ്‌സിറ്റ് ആസാം)
നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ക്ക് കോവിഡ് 19 മഹാമാരി ദൂരവ്യാപകമായ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. കൊറോണ വൈറസ് മൂലം സംജാതമായ സാമൂഹിക സാമ്പത്തിക വെല്ലുവിളികള്‍ ഭാവിയില്‍ രാഷ്ട്രീയ ആപല്‍ സന്ധികളിലേക്കു നയിക്കുകയും അവ പശ്ചിമേഷ്യന്‍ വടക്കേ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ വ്യാപിക്കാനും സാധ്യതയുണ്ട്. ചെറുതും വലുതുമായ വാണിജ്യ മേഖലകളിലെ നഷ്ടങ്ങള്‍, തൊഴിലില്ലായ്മയുടെ വര്‍ധനവ്, ടൂറിസം സെക്ടറിലെ വന്‍ ഇടിവ് തുടങ്ങി നിരവധി സാമ്പത്തിക പ്രതിസന്ധികള്‍ ഉടലെടുത്തിട്ടുണ്ട്. ജനതയില്‍ നിന്നകന്ന ഭരണനിര്‍വഹണ സാഹചര്യവും വര്‍ധിച്ച തൊഴിലില്ലായ്മയും നിലനില്‍ക്കുന്ന ഈ മേഖലയിലെ ഭൂരിപക്ഷം രാജ്യങ്ങളിലേക്കാണ് കൊറോണ പടര്‍ന്നിരിക്കുന്നത്.
2011 ഓടെ പശ്ചിമേഷ്യന്‍ വടക്കേ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത് അസഹനീയമായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പശ്ചാത്തലം കാരണമായിരുന്നു. കൊറോണാനന്തരം പ്രാദേശിക രാഷ്ട്രീയം കൂടുതല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത രൂപപ്പെട്ടു വരുന്നുണ്ട്. പ്രൊഫസര്‍ മുഹമ്മദ് അയ്യൂബ് നിരീക്ഷിച്ചതുപോലെ രാജ്യങ്ങള്‍ രാജ്യസുരക്ഷയുടെ പേരില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം, സ്വകാര്യത, പ്രതിഷേധിക്കാനുള്ള അവകാശം എന്നിവ അടിച്ചമര്‍ത്താന്‍ ശ്രമിക്കും. കൊറോണയെ ചെറുക്കുക എന്ന പേരില്‍ ഈജിപ്തില്‍ നടപ്പിലുള്ള എമര്‍ജന്‍സി നിയമത്തിലെ പുതിയ നിയമ ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കിയത് കൂടുതല്‍ അവകാശ ലംഘനങ്ങള്‍ക്കു വഴിയൊരുക്കുന്നതാണ്. ഈജിപ്ഷ്യന്‍ ഏകാധിപതി നിലവില്‍ കൈ കൊണ്ടിരിക്കുന്ന മര്‍ദ്ദന നയങ്ങള്‍ തുടരാനും രാജ്യത്തിലെ ആപത്കരമായ എമര്‍ജന്‍സി നിയമത്തെ കുടുതല്‍ ബലവത്താക്കാനുമാണ് സീസി (ഈജിപ്ഷ്യന്‍ പ്രസിഡന്റ്) ശ്രമിക്കുന്നത്. പുതിയ നിയമത്തിലൂടെ രാജ്യത്തിലെ വിദ്യാഭ്യാസവാണിജ്യ മേഖലകളിലെ സ്വകാര്യ സ്ഥാപനങ്ങളുടെയും ഹോസ്പിറ്റലുകളുടെയും നിയന്ത്രണം പ്രസിഡന്റിനു ഏറ്റെടുക്കാന്‍ സാധിക്കും.
ഭരണകൂട പൗര ബന്ധങ്ങള്‍ വളരെ ദുര്‍ബലമായ ഈജിപ്തു പോലുള്ള രാഷ്ട്രങ്ങളില്‍ അധികാരികളുടെ രാഷ്ട്രീയ ഉത്തരവാദിത്വത്തെ ചോദ്യം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ അവിടങ്ങളില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ ജനങ്ങളെ ധാരാളം പ്രയാസങ്ങളിലേക്കു തള്ളിവിടും. ജനതക്കുമേല്‍ മര്‍ദ്ദന നിയമങ്ങള്‍ നടപ്പിലാക്കാന്‍ മേഖലകളിലെ ഏകാധിപതികള്‍ ഈ സാഹചര്യവും ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇറാനിലാണ് കൊറോണ വൈറസ് സാരമായി ബാധിച്ചത്. ഏപ്രില്‍ പകുതി വരെയുള്ള കണക്കനുസരിച്ചു 5000 ത്തില്‍ അധികം മരണപ്പെടുകയും 80000 ത്തില്‍ അധികം രോഗബാധിതരായിത്തീരുകയും ചെയ്തു. അമേരിക്കന്‍ ഉപരോധം മൂലം മെഡിക്കല്‍ സാമഗ്രികള്‍ ലഭ്യമാകുന്നതിനു തടസ്സം സൃഷ്ടിച്ചതു പ്രശ്‌നം രൂക്ഷമാകാന്‍ ഇടവരുത്തി. കോവിഡ് -19 പ്രതിരോധാനന്തര പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത് മേഖലയിലെ സാമ്പത്തിക ശേഷിയായിരിക്കും എന്നതില്‍ സംശയമില്ല. 1979ലെ സ്റ്റേറ്റ് രൂപീകരണം മുതല്‍ ഇറാന്‍-ഇറാഖ് യുദ്ധം, അമേരിക്കയുടെ സാമ്പത്തിക ഉപരോധം, അയല്‍പക്ക രാഷ്ട്രങ്ങളുമായുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തുടങ്ങിയവയിലൂടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാനിന്റെ മുമ്പില്‍ കോവിഡ് 19 മഹാമാരിയും കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റ പ്രവണത പുതിയ പ്രാദേശിക ശക്തികളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നുണ്ട്. കോവിഡ്-19 മൂലം പ്രതിരോധത്തിലായി സഹായ സഹകരണങ്ങള്‍ നല്‍കിയും അമേരിക്കയുടെ ഉപരോധത്തിനെതിരെ ഇറാനിന് പിന്തുണ പ്രഖ്യാപിച്ചും പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്ഥാനം നേടാനുള്ള ശ്രമത്തിലാണ് മേഖലയിലെ എണ്ണ സ്രോതസ്സുകളില്‍ വലിയ താത്പര്യം കാണിക്കുന്ന ചൈന. ഭാവിയില്‍ ചൈന പ്രാദേശിക രാഷ്ട്രീയത്തില്‍ സുപ്രധാന പങ്കു വഹിച്ചേക്കും.
പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ചെറിയ തോതിലാണെങ്കിലും സാരമായി ബാധിച്ച പടര്‍ച്ചവ്യാധിയാണ് മെര്‍സ് (MERS‐CoV / 2012). 2012 സൗദി അറേബ്യയില്‍ നിന്നും ആരംഭിച്ച ഈ മഹാമാരി 27 രാഷ്ട്രങ്ങളിലേക്കു പടര്‍ന്നു. എങ്കിലും ഓരോ രാജ്യങ്ങള്‍ക്കും പെട്ടെന്നു നിയന്ത്രിക്കാന്‍ സാധിച്ചു. പുതിയ രോഗ വ്യാപനം സൗദി അറേബ്യയുടെ സാമ്പത്തിക ഭദ്രതക്കു കോട്ടം തട്ടിച്ചിട്ടുണ്ട്. സൗദി അറേബ്യക്കും റഷ്യക്കുമിടയില്‍ നടന്ന എണ്ണ വിലയില്‍ രൂപപ്പെട്ട തര്‍ക്കം പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുടെ എണ്ണനികുതിയെ സാരമായി ബാധിച്ചു. കോവിഡ് 19 കാരണം ലോക സാമ്പത്തിക ഘടന തകരാറിയായ സാഹചര്യത്തില്‍ എണ്ണവിലയുടെ കാര്യത്തില്‍ റഷ്യയുമായുള്ള നയതന്ത്ര പ്രതിസന്ധി കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഉംറയും ഹജ്ജും സൗദി അറേബ്യയുടെ സമ്പദ് ഘടനയുടെ അടിസ്ഥാന സ്രോതസ്സുകളാണ്. സമകാലിക പശ്ചാത്തലത്തില്‍ ഉംറ താത്കാലികമായി നിര്‍ത്തിവെച്ചത് സാമ്പത്തിക വരുമാനത്തെ ബാധിച്ചിട്ടുണ്ട്. കൊറോണ കാരണം ജൂലൈ മാസത്തിലെ ഹജ്ജിന്റ സംഘാടനവും സംശയാസ്പദമാണ്.
സൗദിയെപ്പോലെ ഇറാഖിന്റെയും എണ്ണയുല്‍പ്പാദനത്തില്‍ ഗണ്യമായ തോതില്‍ കുറവു വന്നു. 2020 മാര്‍ച്ചില്‍ എണ്ണ വരുമാനത്തില്‍ നാല്‍പതു ശതമാനം കുറവാണ് വന്നത്. രാഷ്ട്രീയ സാമ്പത്തിക അസ്ഥിരാവസ്ഥ നിലനില്‍ക്കുന്ന ഇറാഖിന് പുതിയ സാമ്പത്തിക തളര്‍ച്ച അസഹനീയമാണ്. സൗദി- യമന്‍ സംഘര്‍ഷം മൂലം തകര്‍ച്ചയിലായിരുന്നെങ്കിലും കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെ യമനിലെ ജീവിത നിലവാരം പരിതാപകരമാക്കിയിരിക്കുന്നു. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈനികാക്രമണം മൂലം യമനിലെ നിരവധി ആരോഗ്യ സ്ഥാപനങ്ങള്‍ നിലംപരിശായിട്ടുണ്ട്. കൊറോണ വൈറസിനെയും വൈദേശികാക്രമണത്തെയും ഒരു പോലെ ചെറുക്കാനുള്ള ശക്തി യമനിനില്ല എന്നതു വസ്തുതയാണ്.
സാമ്പത്തിക ഭാരം കുറക്കാനായി ഗള്‍ഫ് രാഷ്ട്രങ്ങള്‍ സ്വദേശിവല്‍ക്കരണ പ്രക്രിയക്ക് ആക്കം കൂട്ടുന്നത് ഇന്ത്യന്‍ പ്രവാസികളുടെയും റെമിറ്റന്‍സിന്റെ വരവിലും രൂക്ഷമായ പ്രത്യാഘാതങ്ങള്‍ക്കു ഇട വരുത്തും. പത്തു മില്യന്‍ ഇന്ത്യന്‍ പ്രവാസികളാണ് പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നത്. 40 ബില്യന്‍ ഡോളറാണ് ഈ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്നത്. ഈ ഗൗരവകരമായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ചുമതല ഇരു പ്രദേശങ്ങളിലെയും ഭരണകൂടങ്ങള്‍ക്കുണ്ട്. തൊഴില്‍ രഹിതരായി തിരിച്ചു വരേണ്ടി വരുന്ന പ്രവാസികളെ അവശ്യമായ രീതിയില്‍ പുനരധിവസിപ്പിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രവാസികളോടുള്ള നിരുത്തരവാദപരമായ സമീപനം വിമര്‍ശനവിധേയമാണ്.
ഇന്ത്യയില്‍ കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ടു സംഘപരിവാറും മീഡിയയും നടത്തിയ ഹേറ്റ് കാമ്പയിന്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ അനുരണനങ്ങളുണ്ടാക്കിയത് ശ്രദ്ധേയമായി. ഇന്ത്യയില്‍ ശക്തിയാര്‍ജിച്ച ഇസ് ലാം ഭീതിയും മുസ്ലിംകള്‍ക്കെതിരെയുള്ള അക്രമ പരമ്പരകളും അറബ് മീഡിയ പോലും ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യാനും ആരംഭിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും അവര്‍ തയ്യാറായി.ഗള്‍ഫ് രാജകുടുംബങ്ങള്‍ തന്നെ ഈ വിഷയത്തില്‍ ആര്‍ജവത്തോടെ മുന്നിട്ടിറങ്ങിയതും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
പശ്ചിമേഷ്യയിലെ ആഭ്യന്തര കലാപങ്ങളും സിറിയ മുതല്‍ യമന്‍ വരെയുള്ള രാജ്യങ്ങളില്‍ തുടരുന്ന സംഘട്ടനങ്ങളും മൂലം നിരവധി അഭയാര്‍ഥികള്‍ പ്രയാസമനുഭവിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ഈ പതിത ജനതക്ക് കൊറോണയെ ഫലപ്രദമായി നേരിടാനുള്ള അവശ്യ ഘടകങ്ങളില്ല എന്നത് ഗൗരവകരമാണ്. ആയിരക്കണക്കിനു ജീവനുകള്‍ പ്രതിരോധ സാമഗ്രികളുടെ അപര്യാപ്തത മൂലം നഷ്ടമായേക്കാം.
ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ ഫലസ്തീനികളുടെ ആരോഗ്യാവസ്ഥ വളരെ അപകടകരമാണ്. ഗാസയിലെ ഇസ്രായേല്‍ ഉപരോധം കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ ഉപദ്രവകരമായിത്തീരും. കൊറോണ മഹാമാരിമൂലം യുദ്ധരംഗമുള്ള പശ്ചിമേഷ്യന്‍ മേഖലകളില്‍ താരതമ്യേന സമാധാന അന്തരീക്ഷം വന്നെങ്കിലും ഫലസ്തീന്‍ ജനതയെ അടിച്ചമര്‍ത്തുന്നതില്‍ യാതൊരു കുറവും വരുത്താന്‍ ഇസ്രായേല്‍ തയ്യാറായിട്ടില്ല.
Read more
(കടപ്പാട് : ശബാബ് വാരിക)