ഇതാണോ ഡിസാസ്റ്റര്‍ റിപ്പോര്‍ട്ടിംഗ്?; ജനം ടി വി പ്രവര്‍ത്തകരെ, ഇത് മാധ്യമ പ്രവര്‍ത്തനമല്ല

ഡോ. സെബാസ്റ്റ്യന്‍ പോള്‍

പിണറായി വിജയന്‍ മുഖ്യമന്ത്രിയായതു കൊണ്ടാണ് കേരളത്തില്‍ തുടര്‍ച്ചയായി പ്രകൃതി കോപിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയാല്‍ വിദേശത്തു പോയി അദ്ദേഹം പുട്ടടിക്കുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളുണ്ട്. ഇവര്‍ക്ക് തീര്‍ച്ചയായും പിശാചിന്റെ മനസായിരിക്കും. ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ പിശാചുക്കള്‍ തന്നെയാണ്. ഒരു കാര്യം ഇവരെ ഓര്‍മ്മിപ്പിക്കുന്നു, കര്‍ണാടകയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായായതിന്റെ മൂന്നാംനാള്‍ സംസ്ഥാനം പ്രളയത്തില്‍ മുങ്ങി. യെദ്യൂരപ്പ തൃക്കാല്‍ വെച്ചതു കൊണ്ടാണോ ഇതെന്ന് ചോദിച്ചാല്‍ എന്ത് മറുപടിയുണ്ട്. മഹാരാഷ്ട്രയില്‍ ഇത്തവണ പല പ്രാവശ്യം പ്രളയമുണ്ടായി. മുംബൈയും കൊല്‍ഹാപ്പൂരും അടക്കമുള്ള മേഖലകള്‍ ഇനിയും തീരാദുരിതത്തിലാണ്. ഈ രണ്ടു സംസ്ഥാനങ്ങളിലും ബി.ജെ.പി മുഖ്യമന്ത്രിമാരായതു കൊണ്ടുള്ള ദൈവകോപമാണോ അവിടെ സംഭവിക്കുന്നത്?

ചാനല്‍ പ്രവര്‍ത്തകരോട് ഒരു വാക്ക്, സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നിങ്ങളുടേത്. പലപ്പോഴും ജീവന്‍ രക്ഷിക്കുന്നതിന് പോലും പ്രളയമേഖലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സഹായകമായിട്ടുണ്ട്. പക്ഷെ ദുരന്ത ഭൂമികയില്‍ നെഗറ്റീവായ കാര്യങ്ങള്‍ ചികയുന്നത് ഒരു നല്ല പ്രവണതയല്ല. ഡിസാസ്റ്റര്‍ റിപ്പോര്‍ട്ടിംഗ് തന്നെ ഒരു ഡിസാസ്റ്റര്‍ ആയി മാറരുത്. “ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല, ഇങ്ങോട്ടാരും തിരഞ്ഞു നോക്കിയില്ല” എന്ന തരത്തില്‍ മാത്രം പറയിപ്പിക്കാന്‍ നടത്തുന്ന നിങ്ങളുടെ ശ്രമം ശരിയായ മാധ്യമരീതിയല്ല. ജനം ടി വി ഇക്കാര്യത്തില്‍ പലതും പഠിക്കേണ്ടതുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ രാഷ്ട്രീയമായി വല്ലതും തടയുമോ എന്ന ആ ചാനലിന്റെ നോട്ടം പൈശാചിക മനസിന്റെ ഒരു ലക്ഷണമാണ്.

Read more

ഒരു ദുരന്തമുണ്ടായാല്‍ രക്ഷാദൗത്യമെന്നതാണ് ആദ്യ കടമ. നിങ്ങള്‍ക്ക് വിമര്‍ശിക്കാം, വിയോജിക്കാം, തെറ്റുകള്‍ ചൂണ്ടിക്കാട്ടാം. പക്ഷെ മുങ്ങി ചാവാന്‍ പോകുന്നവന്റെ വായിലേക്ക് മൈക്ക് തിരുകി പിണറായി വിജയനെതിരെ നാലെണ്ണം പറയിപ്പിക്കാനുള്ള ശ്രമം അടിമുടി തെറ്റ് തന്നെയാണ്. സാമൂഹിക മാധ്യമങ്ങളില്‍ വൃത്തികെട്ട കമന്റുകളുമായി വരുന്ന ഭ്രാന്തന്മാരല്ല, മാധ്യമപ്രവര്‍ത്തകര്‍ എന്ന് മനസ്സിലാക്കുക.