ആശാജീവനസമരം അതിജീവന പോരാട്ടമാണ്

മിനി മോഹന്‍

നെഹ്രുവിന്റെ കാലം മുതല്‍ക്കേ ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിലൂന്നിയുള്ള തൊഴില്‍ബന്ധങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. പണിയെടുത്തിരുന്ന സ്ത്രീകളെ സാങ്കേതികമായി പിന്തള്ളുന്ന ഔദ്യോഗിക വ്യവസ്ഥകളൊന്നും അന്നുണ്ടായിരുന്നില്ല. എന്നാല്‍ തൊണ്ണൂറുകള്‍ കഴിയുമ്പോള്‍ മുന്‍കാലങ്ങളില്‍ കയര്‍, കശുവണ്ടി, നെയ്ത്ത്, മത്സ്യസംസ്‌കരണം തുടങ്ങിയ നിരവധി മേഖലകളില്‍ തൊഴിലാളികളായി പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകളെ, ആ വ്യവസായങ്ങളുടെ തകര്‍ച്ചയോടെ, ഏറ്റെടുത്തത് സന്നദ്ധസേവനത്തിന്റെ വിപുലമായ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് കൂടിയാണ്. അംഗനവാടി ജീവനക്കാര്‍, ഹരിതകര്‍മ്മസേന ജീവനക്കാര്‍, സാക്ഷരതാപ്രേരക്, കുടുംബശ്രീ തുടങ്ങിയ പരിചരണാധിപത്യമുള്ളതും എന്നാല്‍ സാങ്കേതികമായി തൊഴിലാളിയെന്ന് പറയാനുമാകാത്ത മേഖലകളിലാണ് ഇവരെല്ലാം വിന്യസിക്കപ്പെട്ടത്. അവിടെയെല്ലാം വ്യവസ്ഥകള്‍ക്കപ്പുറത്ത്, അന്നന്നുള്ള ഭരണസംവിധാനത്തിന്റെ ഭാഗമായാണ് അതില്‍ പണിയെടുക്കുന്നവരുടെ വേതനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നത്. അതിനാല്‍ എന്നും വിധേയരായി മാത്രം നിലകൊള്ളുന്ന ഒരു വലിയ ആശ്രയവൃന്ദത്തെ നിലനിര്‍ത്താന്‍ അധികാരമുള്ള സംഘടനകള്‍ക്ക് സാധിച്ചു.

മദ്ധ്യവയസ്സില്‍ ലഭിച്ച പുതിയ തൊഴിലുകള്‍ സ്ത്രീശാക്തീകരണത്തിന്റെ മാതൃകയായി പോലും വാഴ്ത്തപ്പെട്ടിരുന്നു. നാനാവര്‍ണ്ണങ്ങളിലുള്ള യൂണിഫോമുമിട്ട ഇവര്‍ക്ക് നിര്‍ഭാഗ്യവശാല്‍ തൊഴില്‍-വേതന-സേവന വ്യവസ്ഥകളൊന്നും ഇല്ലായിരുന്നു. തൊഴിലാളിയായി നിര്‍വ്വചിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇവരുടെ പ്രശ്‌നങ്ങളില്‍ തൊഴില്‍മന്ത്രാലയത്തിനും സാങ്കേതികമായി ഇടപെടാനാവില്ല. കാരണം ഇതിനോടനുബന്ധമായി തൊഴില്‍ നിയമങ്ങളും ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. ബിജെപി അധികാരത്തില്‍ വന്ന ശേഷം ഉണ്ടായ സമഗ്രമായ പൊളിച്ചെഴുത്തില്‍ മുമ്പേതാണ്ട് നാല്‍പ്പതോളം ലേബര്‍ കോഡുകള്‍ ഉണ്ടായിരുന്നത് ഇന്നാകെ നാല് കോഡുകളായി ചുരുങ്ങി. എന്നാലതിലൊന്നില്‍ പോലും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായിട്ടുള്ള (മേല്‍പ്പറഞ്ഞവരൊന്നും) ഉള്‍പ്പെടുന്നില്ല. പീസ് വര്‍ക്കുകള്‍ ചെയ്യുന്നവര്‍ക്ക് പോലും വേതനം നിശ്ചയിച്ചിട്ടുണ്ടെങ്കിലും, സ്ത്രീകള്‍ മാത്രമായിട്ടുള്ള ഈ കരുതല്‍മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് ഇതൊന്നും ലഭ്യമായിട്ടില്ല. എന്നുവച്ചാല്‍ അധ്വാനത്തെ നിര്‍വ്വചിക്കുന്നതോ വ്യാഖ്യാനിക്കുന്നതോ ആയ നിയമസംവിധാനങ്ങള്‍ പോലും ഒരു വലിയ ജനവിഭാഗത്തെ നിതാന്തമായ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുകയാണ്. അങ്ങനെ നിയമപരമായി തന്നെ തൊഴിലിന്റെ എല്ലാ കളങ്ങള്‍ക്കും പുറത്തായതിനാല്‍ മറ്റു തൊഴിലാളികള്‍ക്ക് ലഭ്യമാകുന്ന ഇന്‍ഷുറന്‍സോ ഇഎസ്‌ഐ സൗകര്യങ്ങളോ പെന്‍ഷനോ ഒന്നും ഇവര്‍ക്ക് ലഭ്യമാകുന്നില്ല. സ്ത്രീകളുടെ സേവനതല്‍പ്പരതയും ഊര്‍ജ്ജവും സമ്പൂര്‍ണ്ണമായി ചൂഷണം ചെയ്യുന്ന സാഹചര്യമാണിതെല്ലാം.

ആധുനിക ആരോഗ്യസംവിധാനങ്ങള്‍ ലഭ്യമല്ലാത്ത ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പ്രസവവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനായിട്ടാണ് ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ കീഴില്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ ആശാജീവനക്കാരെ 2005 മുതല്‍ നിയമിച്ചു തുടങ്ങുന്നത്. അതായത് ഈ പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് പ്രസവസംബന്ധമായി അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകാനിടയുള്ള എല്ലാ അപകടങ്ങളും കഴിവതും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ്. അന്ന് അഞ്ഞൂറ് രൂപ ഹോണറേറിയം നല്‍കി ഒരു ഭാഗിക-സമയ ജോലിയായിട്ടാണ് ഇത് മുന്നോട്ട് പോയത്. മറ്റ് ജോലികളുടെ കൂടെ ഇത് ചെയ്യാനാകും. പിന്നീട് ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാറിന്റെ പദ്ധതി സംസ്ഥാനങ്ങളും ഉപയോഗപ്പെടുത്തി തുടങ്ങി. അതിനായി ഹോണറേറിയവും ഏര്‍പ്പെടുത്തി. ഈ അധിക തുക നല്‍കുന്നതിന്റെ മറവില്‍ പ്രായോഗികമായി അസാദ്ധ്യമാകുന്ന അത്രയും ഉത്തരവാദിത്വങ്ങള്‍ അവരുടെ ചുമലില്‍ വെച്ചു. 2008ല്‍ കേരളത്തിലാരംഭിച്ചപ്പോഴും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന ഹോണറേറിയം മാത്രമാണ് ജീവനക്കാരികള്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് നിവേദനങ്ങളിലൂടെയും സമരങ്ങളിലൂടെയും അവരുടെ വേതനം പടിപടിയായി ഉയര്‍ത്തി. 2016ല്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അത് ഏഴായിരമാക്കി. പക്ഷെ, അതൊന്നും തന്നെ അവരുടെ കൂടിക്കൊണ്ടിരിക്കുന്ന ജോലിഭാരത്തിന് ആനുപാതികമായിരുന്നില്ല. നാമമാത്രമായ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് നല്‍കി വലിയ ഉത്തരവാദിത്വങ്ങളാണ് ആശാ ജീവനക്കാരുടെ മേല്‍ ചുമത്തപ്പെട്ടത്. കേരളം സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം മൂന്നു മാസമായി ആ വേതനം പോലും അവര്‍ക്ക് നല്‍കുന്നില്ല.

ആയൊരു പശ്ചാത്തലത്തിലാണ് ചെയ്യുന്ന തൊഴിലിന് അതര്‍ഹിക്കുന്ന വേതനം കൃത്യമായും കണിശമായും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ സമരത്തിനിറങ്ങിയത്. ജീവിതചെലവുകള്‍ തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുകയല്ലേ! അതായത് ഫെബ്രുവരി പത്തിന് ആശാജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ തുടങ്ങിയ രാപ്പകല്‍ സമരം ഭരണക്കൂടത്തിനെതിരെയുള്ള ഗൂഢാലോചനയൊന്നും ആയിരുന്നില്ല. കാരണം തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും മറ്റും നിവേദനങ്ങള്‍ പല തവണ നല്‍കിയിരുന്നു. വേതനം നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിലവിലെ മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നും തൊഴില്‍ അനിശ്ചിതത്വവും അമിത ജോലിഭാരവും ഇല്ലാതാക്കണമെന്നും മാത്രമല്ല, കുടിശ്ശകയടക്കം വേതനം ഉടനടി കൊടുക്കണമെന്നും അവരുടെ ആവശ്യങ്ങളില്‍ എടുത്തു പറഞ്ഞിരുന്നു. പക്ഷെ, അതിനോടൊന്നും ഏതെങ്കിലും വിധത്തില്‍ ഉത്തരവാദിത്വപ്പെട്ടവരാരും പ്രതികരിച്ചില്ല എന്ന് മാത്രമല്ല ഫെബ്രുവരി ഏഴാം തീയതിയിലെ ബജറ്റില്‍ ഇതിനെ സംബന്ധിച്ച യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ല. സര്‍ക്കാറിന്റെ സാമ്പത്തിക സമീപനരേഖയായതിനാല്‍ ബജറ്റിലും അതിനെ കുറിച്ച് പരാമര്‍ശം പോലുമില്ലെങ്കില്‍, പിന്നെ എന്തെങ്കിലും പ്രതീക്ഷിച്ചിരിക്കുന്നതിനേക്കാള്‍ നല്ലത് പ്രത്യക്ഷ സമരത്തിനിറങ്ങുകയാണെന്ന് ഇരകള്‍ തീരുമാനിച്ചാല്‍ അത് നൂറു ശതമാനം രാഷ്ട്രീയ തിരുമാനമാണ്.

ഈ കാലത്തിനിടെ ആരോഗ്യസംവിധാനത്തിന്റെ നെടുംതൂണുകളായി, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍, മാറുവാന്‍ ഇവര്‍ക്ക് സാധിച്ചു. സര്‍ക്കാറിന് കീഴിലുള്ള പൊതു ആരോഗ്യകേന്ദ്രങ്ങളിലേക്കും അനുബന്ധ പ്രവര്‍ത്തനങ്ങളിലേക്കുമുള്ള സാധാരണക്കാരുടെ പാലമായി ആശാജീവനക്കാര്‍ മാറി. അതിലുമുപരി, നാട്ടുകാരുടെ (പ്രത്യേകിച്ചും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും) സാധാരണ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പ്രതിവിധി ഉടനെ നിര്‍ദ്ദേശിക്കാനുമൊക്കെ ഇവര്‍ക്കായി. നിരന്തരം കാണുന്നതിനാലും കാര്യങ്ങള്‍ കണിശമായി അന്വേഷിച്ചറിയുന്നതിനാലും, ആശാജീവനക്കാര്‍ പൊതുജനവിശ്വാസമാര്‍ജ്ജിച്ചു. പ്രകൃതിദുരന്തങ്ങളിലും മഹാമാരി കാലത്തും പൊതുജന ആരോഗ്യ സംരക്ഷണത്തിനായി ആദ്യന്തം കളത്തിലിറങ്ങി പൊരുതിയ മുന്നണിപോരാളികള്‍ ആശാജീവനക്കാരായിരുന്നു. എന്നുവെച്ചാല്‍ ലോകാരോഗ്യസംഘടന പോലും പ്രകീര്‍ത്തിച്ച കേരളത്തിന്റെ കോവിഡ് പ്രതിരോധമാതൃകയുടെ ആധാരം പോലും ഇവര്‍ തന്നെയായിരുന്നു.

ഒരു നിയമിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥ പോലുമല്ലാത്ത ആശാജീവനക്കാര്‍ ചെയ്യുന്ന ജോലികളുടെ ബാഹുല്യം ചെറുതൊന്നുമല്ല. അതില്‍ ഒരു നാട്ടിലുള്ള എത്രയെത്ര വീടുകളാണ് നിരന്തരം സന്ദര്‍ശിക്കേണ്ടത്! ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, സാന്ത്വനചികിത്സ ആവശ്യമുള്ളവര്‍, രോഗപ്രതിരോധശേഷി വളരെ കുറവുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെയുള്ളവരുടെ വീടുകള്‍ കൂടാതെ കുറഞ്ഞത് തൊണ്ണൂറ് വീടുകളെങ്കിലും ഒരു മാസം സന്ദര്‍ശിച്ചിരിക്കണം. ഇതുകൂടാതെ ആരോഗ്യസംബന്ധിയായ സര്‍വ്വേകള്‍ നടത്തുവാന്‍ ഭരണകൂടം ചുമതലപ്പെടുത്തുന്നതും ഇവരെ തന്നെയാണ്. നിലവില്‍ ക്ഷയം, കുഷ്ടം, ജീവിതശൈലി രോഗങ്ങള്‍ എന്നിവയുടെ സര്‍വ്വേ ചെയ്യുന്നുണ്ട്. പിന്നെയുള്ളതാണ് ബോധവല്‍ക്കരണ ക്ലാസുകള്‍. പകര്‍ച്ചവ്യാധികളെ, കൊതുകുനിയന്ത്രണത്തെ, പ്രതിരോധ കുത്തിവെപ്പുകളെ സംബന്ധിച്ചെല്ലാം ഇവര്‍ക്ക് തുടര്‍ച്ചയായ ബോധവല്‍ക്കരണവും തുടര്‍ന്നുള്ള പ്രത്യക്ഷ ഇടപ്പെടലുകളും നടത്തേണ്ടതുണ്ട്. ജീവിതശൈലി രോഗങ്ങളെക്കുറിച്ചും, ഗര്‍ഭിണികള്‍ക്കും വയോജനങ്ങള്‍ക്കും വേണ്ട ക്ലിനിക്കുകള്‍, ഓട്ടീസം പോലെയുള്ള രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ നിരന്തര നിരീക്ഷണം, യോഗ-വ്യായാമ വേദികളുടെ സംഘാടനം അങ്ങനെ എന്തൊക്കെ! തീര്‍ന്നില്ല, ഇതിന്റെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കണം. ഓരോ ദിവസത്തെയും റിപ്പോര്‍ട്ടുകള്‍ തരം തിരിച്ച് കൊടുത്തില്ലെങ്കില്‍, ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ അത് തന്നെ ധാരാളം. എന്നുവെച്ചാല്‍ (വീടിന് പുറത്തുള്ള) മേല്‍പറഞ്ഞ ജോലികള്‍ കൂടാതെ ഈ വിപുലമായ റിപ്പോര്‍ട്ടുകളും അന്നന്ന് തയ്യാറാക്കണം. കുറഞ്ഞത് പത്തു-പന്ത്രണ്ടു മണിക്കൂര്‍ വിശ്രമമൊന്നുമില്ലാതെയുള്ള അദ്ധ്വാനം. അധികനേരം (ഛ്‌ലൃശോല) പോലും പണിയെടുക്കാന്‍ നിര്‍വ്വാഹമില്ലാത്ത തൊഴില്‍ കൂടിയാണിത്. പ്രത്യേകിച്ചൊരു ഹാജര്‍ പുസ്തകം ഇല്ലാത്തതിനാല്‍ അവധി ദിവസമെന്ന വ്യവസ്ഥയൊന്നും ഇവര്‍ക്കില്ല. ഇനി അവധിയെടുത്താലും മേല്‍പറഞ്ഞ ജോലികളൊക്കെ എല്ലാ മാസവും ചെയ്തു തീര്‍ത്താല്ലേ വേതനം കഴിവതും കൂടുതല്‍ ലഭിക്കുകയുള്ളൂ. അതുകൊണ്ട് അവധിയില്ലാതെ തന്നെയാണ് ഏതാണ്ടെല്ലാ ആശ ജീവനക്കാരികളും ജോലി ചെയ്യുന്നത്.

പഞ്ചായത്തിന്റെയോ ആരോഗ്യവകുപ്പിന്റെയോ എന്ന് സ്ഥിതീകരിച്ചിട്ടില്ലാത്ത കരാര്‍ തൊഴിലാളികളാണവര്‍. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോലും ഇവര്‍ക്ക് കസേരയൊന്നും അനുവദിച്ചിട്ടില്ല. ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ സര്‍വ്വേകളും നിലവില്‍ ചെയ്യുന്ന ഇവര്‍ക്ക് ചെയ്യുന്ന ആ പ്രവൃത്തിയുടെ പ്രതിഫലത്തിനായി പഞ്ചായത്ത് മെമ്പറുള്‍പ്പെടെയുള്ളവരുടെ ഒപ്പുകള്‍ എല്ലാ മാസവും വേണം. നേരത്തേ പറഞ്ഞതുപോലെ ഇത്രയും പണിയെടുക്കുന്നതിന് അനുവദിച്ചിരിക്കുന്ന വേതനം ഞ െ9000/ രൂപയാണ്. അതില്‍ രണ്ടായിരം കേന്ദ്രസര്‍ക്കാരിന്റെ വിഹിതമാണ്. ശ്രദ്ധിക്കേണ്ടതെന്തെന്നാല്‍ ഇത് ശമ്പളമല്ല, ഹോണറേറിയമാണ്. ശമ്പളമില്ലാത്ത സേവനത്തിന് നല്‍കുന്ന സാമ്പത്തിക പാരിതോഷികമെന്നോ (ഉത്സവ)ബത്തയെന്നോ മലയാളത്തില്‍ പറയാം. കൂടാതെ, വ്യവസ്ഥ ചെയ്തിട്ടുള്ള മറ്റ് ജോലികള്‍ ചെയ്യുമ്പോള്‍ അതിനുള്ള ആനുകൂല്യങ്ങളെല്ലാം കൂടി ഞ െ4200/ വരെ ലഭിക്കാം (എന്നാല്‍ ഈ അധിക ആനുകൂല്യം മുഴുവനായും കിട്ടുമെന്നോ എല്ലാ മാസവും കിട്ടുമെന്നോ യാതൊരു ഉറപ്പുമില്ല). അങ്ങനെ ഒരു മാസം ഞ െ13200/ രൂപ വരെ വേതനം ഉണ്ടാകും. എന്നുവെച്ചാല്‍, ഗ്രാമ-നഗര ഭേദമെന്യേ ശരാശരി 300 മുതല്‍ 400 രൂപ വരെ ഒരു ആശാ ജീവനക്കാരിക്ക് വേതനം കിട്ടാം.

ഇവിടുത്തെ അനീതി എന്താണെന്ന് വെച്ചാല്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന പതിനഞ്ചോ അതിനു മുകളിലോ പ്രായമുള്ള ഏതൊരാളും ഒരാഴ്ചയില്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വേതനാടിസ്ഥാനത്തില്‍ തൊഴിലെടുത്തിട്ടുണ്ടെങ്കില്‍ അതിനെ തൊഴിലായി നിര്‍വ്വചിച്ചിട്ടുണ്ട്. പക്ഷെ, അവധി പോലുമില്ലാതെ കുറഞ്ഞത് പന്ത്രണ്ട് മണിക്കൂറില്‍ കൂടുതല്‍ ദിവസവും പണിയെടുക്കുന്ന ആശാജീവനക്കാരി സന്നദ്ധപ്രവര്‍ത്തക മാത്രമാണെന്ന് ഇന്നും വിലയിരുത്തുന്നവരുണ്ട്. ഈ ‘സന്നദ്ധപ്രവര്‍ത്തക’ പട്ടം ആശാജീവനക്കാര്‍ക്ക് മാത്രമല്ല ചാര്‍ത്തി കൊടുത്തിരിക്കുന്നത്. അംഗനവാടി ജീവനക്കാര്‍, ഹരിതകര്‍മ്മസേന ജീവനക്കാര്‍, സാക്ഷരതാപ്രേരക് അങ്ങനെ പുതിയ നൂറ്റാണ്ടില്‍ എത്രയെത്ര തൊഴില്‍ മേഖലകളിലാണ് സ്ത്രീകളെ തൊഴിലാളികളായി അംഗീകരിക്കാതെ ഉപയോഗപ്പെടുത്തി തുടരുന്നത്? ഇവിടെയെല്ലാം ഹോണറേറിയം മാത്രമേ വേതനമായി നല്‍കുന്നുള്ളൂ

തൊഴിലുമായി ബന്ധപ്പെട്ട് ആശാജീവനക്കാര്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളും മാനസിക സമ്മര്‍ദ്ദത്തെ സംബന്ധിച്ചുമുള്ള അനവധി പഠനങ്ങള്‍ ഇന്ന് ലഭ്യമാണ്. സാമ്പത്തിക ഭദ്രതയില്ലാത്ത തൊഴിലാണിതെന്ന് ആ പഠനങ്ങളിലെല്ലാം നിരീക്ഷിച്ചിട്ടുണ്ട്. മാത്രമല്ല, തൊഴില്‍ സുരക്ഷിതത്വം വളരെ കുറവുള്ള മേഖല കൂടിയാണിത്. ഒരു വാര്‍ഡിനകത്താണെങ്കിലും നിരന്തരം യാത്ര ചെയ്യുന്ന ആശജീവനക്കാര്‍ക്ക് മുട്ടുവേദനയും തേയ്മാനവുമടക്കം നിരവധി ശാരീരിക പ്രയാസങ്ങള്‍ ഉണ്ടാകുന്നുണ്ട്. ക്ഷയരോഗികളുടെ ഉള്‍പ്പെടെ ശ്രവങ്ങള്‍ പരിശോധനയ്ക്കായി ശേഖരിക്കേണ്ട ഉത്തരവാദിത്വവും ഇവര്‍ ചെയ്യുന്നുണ്ട്. പക്ഷെ, അതിന് ആവശ്യം വേണ്ട കൈയുറകളോ മറ്റു ആരോഗ്യപരിരക്ഷയോ ഉറപ്പുവരുത്തുന്നില്ല. ഗൃഹസന്ദര്‍ശന സമയത്ത് ആതിഥേയര്‍ മോശമായി പെരുമാറിയ സംഭവങ്ങളും അനവധി ഉണ്ടാകുന്നുണ്ട്.

സ്ഥിരനിയമനവും പെന്‍ഷനും ആശാജീവനക്കാരികള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതൊന്നും പരിഗണിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ആശ പദ്ധതി കേന്ദ്രത്തിന്റെയായതിനാല്‍ അതിലെ കാതലായ മാറ്റങ്ങള്‍ക്ക് കേന്ദ്രം തന്നെ നിയമഭേദഗതികള്‍ കൊണ്ടുവരണം. ഗ്രാമങ്ങളിലെ പ്രസവാരോഗ്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനായിട്ടാണ് ഈ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ കാലാകാലങ്ങളിലേക്ക് നീട്ടിക്കൊണ്ടു പോകാന്‍ ഉദ്ദേശിച്ച ഒരു പദ്ധതിയിലല്ല ആശാജീവനക്കാര്‍ നിലവില്‍ പണി ചെയ്യുന്നത്. ലക്ഷ്യപൂര്‍ത്തീകരണം സാധ്യമാവുന്നതിനനുസരിച്ച് കേന്ദ്രസര്‍ക്കാറിന് എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാവുന്ന പദ്ധതിയാണിതെന്നര്‍ത്ഥം. അതുകൊണ്ടുതന്നെ സ്ഥിരപ്പെടുത്തല്ലോ പെന്‍ഷനടക്കമുള്ള മറ്റു ആനുകൂല്യങ്ങളോ ഒന്നും പരിഗണിക്കപ്പെടേണ്ടെന്ന നിലപാടിലാണ് ബന്ധപ്പെട്ട മേലാധികാരികളും. അതേസമയം തന്നെ ആശാജീവനക്കാരികളെ ഗ്രൂപ്പ് സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് മാന്യമായ ശമ്പളം, അവധി, പിഎഫ്, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ തുടങ്ങി സാധാരണ തൊഴിലാളിക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളുമൊരുക്കാന്‍ നിര്‍ദ്ദേശിക്കുന്ന ബില്‍ പാര്‌ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവരെ അതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ സഭാതലത്തില്‍ ഉണ്ടായിട്ടില്ല. അവതരിപ്പിച്ചതിന് ശേഷം വേണ്ട സമ്മര്‍ദ്ദം ചെലുത്താന്‍ പ്രതിപക്ഷവും ഇതുവരെ തയ്യാറായിട്ടില്ല.

നമ്മുടെ നാട്ടില്‍ ഇന്നും നിലനില്‍ക്കുന്ന കൊടിയ ദാരിദ്ര്യമാണ് ഈ കുറഞ്ഞ വേതനത്തിനും പ്രതികൂല തൊഴില്‍ സാഹചര്യത്തിലും ഇത്തരം പണിയെടുക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നത്. സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലായതിനാല്‍, താമസിയാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി സ്ഥിരപ്പെട്ടേക്കാമെന്ന പ്രതീക്ഷയും ഉണ്ടാകാം. മാത്രമല്ല, ഇത്രയും കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്നവര്‍ ഇവിടെ വേറെയുമുണ്ട്. വീട്ടുജോലിക്കും തേയിലത്തോട്ടങ്ങളിലും ഏതാണ്ടിതേ വേതനമാണ് ലഭിക്കുന്നത്. എല്ലായിടത്തും സ്ത്രീകളാണ് കുറഞ്ഞ കൂലിക്ക് പണിയെടുക്കാന്‍ നിര്‍ബന്ധിതരാകുന്നത്. അടിമകളെ പോലെ, പിച്ചക്കാശിന് സ്ത്രീകളെ (അവധിയൊന്നുമില്ലാതെ) പണിയെടുപ്പിക്കുന്ന പുരുഷാധിപത്യ കമ്പോളത്തിന്റെ യാഥാര്‍ഥ്യമാണിത്. പരാശ്രയമില്ലാതെ ജീവിക്കാനാകുന്ന തൊഴില്‍ ചെയ്ത് സ്വന്തം കുടുംബത്തിന് ഒരു അത്താണിയാകണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചാണ് ആശജീവനക്കാരിയായി തുടരുന്നത്. പക്ഷെ, സഹനത്തിന്റെ അങ്ങേയറ്റത്ത് നിവൃത്തിക്കേട് കൊണ്ട് അവര്‍ക്ക് സമരത്തിനിറങ്ങേണ്ടി വന്നിരിക്കുന്നു.