74 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ജപ്പാനിലെ ഹിരോഷിമയില്‍ മരണം താണ്ഡവ നൃത്തമാടിയത്. 1945 ഓഗസ്റ്റ് ആറ് തിങ്കളാഴ്ച രാവിലെ 8.15- നാണ് ജപ്പാനിലെ ഹോണ്‍ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയില്‍ അമേരിക്ക ലോകത്തെ ആദ്യത്തെ അണുബോംബ് ഇട്ടത്. അമേരിക്കയുടെ അണ്വായുധ നിര്‍മ്മാണ പദ്ധതിയായിരുന്ന മാന്‍ഹട്ടന്‍ പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച സമ്പുഷ്ട യുറേനിയം ബോംബാണ് ഹിരോഷിമയില്‍ പതിച്ചത്. “ചെറിയകുട്ടി” എന്നായിരുന്നു ആ ബോംബിനെ വിശേഷിപ്പിച്ചത്.
തീനാമ്പുകള്‍ ജപ്പാനിലെ ഏഴാമത്തെ വലിയ നഗരമായ ഹിരോഷിമയെ വിഴുങ്ങി. 15,000 ടണ്‍ ടി.എന്‍.ടിയുടെ ശക്തിയുള്ള ബോംബ് കരിച്ചുകളഞ്ഞത് 13 ച.കി.മീ. വരുന്ന ജനവാസ മേഖലയെയാണ്. ആ നഗരത്തിലെ നിരപരാധികളായ കുട്ടികളും സ്ത്രീകളുമടക്കമുള്ള 71,000 ജനങ്ങള്‍ തല്‍ക്ഷണം തീനാമ്പുകളേറ്റു കരിഞ്ഞു വീണു. പൊള്ളലും മുറിവുമേറ്റ അനേകായിരങ്ങള്‍ നീറുന്ന വേദന സഹിച്ച് പിന്നീടുള്ള ദിനങ്ങളില്‍ പിടഞ്ഞു മരിച്ചു. അണുവികിരണങ്ങളുടെ ദുരന്തം പേറി പിന്നീട് ജനിച്ചവരടക്കമുള്ള ലക്ഷങ്ങള്‍ ജീവച്ഛവങ്ങളായി. കെട്ടിടങ്ങളും വ്യവസായ ശാലകളും തകര്‍ത്ത് ബോംബ് ഹിരോഷിമയെ നിലംപരിശാക്കി. ഇന്നും ലോക മനഃസാക്ഷിയെ നടുക്കുന്ന മനുഷ്യസൃഷ്ടിയായ ഒരു വലിയ ദുരന്തത്തിന്റെ ഓര്‍മ്മയാണ് ഓഗസ്റ്റ് ആറും ഹിരോഷിമയും.
മൂന്നുദിവസം കഴിഞ്ഞ് ഓഗസ്റ്റ് ഒമ്പതിന് അമേരിക്ക “ഫാറ്റ്മാന്‍” എന്നു പേരിട്ട മറ്റൊരു അണുബോംബ് ജപ്പാനിലെ തന്നെ നാഗസാക്കി നഗരത്തില്‍ വീഴ്ത്തി. നാശം വിതച്ച മനുഷ്യസൃഷ്ടിയായ മറ്റൊരു ദുരന്തം. അമേരിക്ക നടത്തിയ ഈ രണ്ടു ബോംബിങ്ങുകളാണ് ലോകത്തില്‍ ഇന്നുവരെ ആണവായുധങ്ങള്‍ ഉപയോഗിക്കപ്പെട്ട സംഭവങ്ങള്‍. രണ്ടു സ്‌ഫോടനങ്ങളിലും അതില്‍ നിന്നുള്ള റേഡിയേഷന്‍ മൂലം പിന്നീടുമായി 2,20,000 പേര്‍ മരിച്ചതായാണ് കണക്കു കൂട്ടുന്നത്. രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായിട്ടാണ് സഖ്യകക്ഷികളില്‍ പെട്ട അമേരിക്ക യുദ്ധം ജയിക്കാനായി ഇത്തരം ഒരു മഹാപാതകം ചെയ്തത്.
ലോകഗതിയെ തന്നെ മാറ്റി മറിച്ച രണ്ടാംലോക മഹായുദ്ധം നടന്നത് ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നിവരടങ്ങിയ അച്ചുതണ്ടുശക്തികളും സോവിയറ്റ് റഷ്യ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നിവരടങ്ങിയ സഖ്യശക്തികളും തമ്മിലായിരുന്നു. 1939 സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ചയുദ്ധം 1945 ഓഗസ്റ്റ് ആറിനും ഒമ്പതിനുമായി അമേരിക്ക, ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും നടത്തിയ മാരകമായ ആണവ ബോംബിങ്ങിനെ തുടര്‍ന്ന് ആഗസ്റ്റ് 14-ന് ജപ്പാന്റെ കീഴടങ്ങലിലൂടെയും സെപ്റ്റംബര്‍ രണ്ടിന് ഒപ്പു വെച്ച കരാറിലൂടെയും അവസാനിച്ചു.
ഓരോ ഹിരോഷിമ ദിനവും മനുഷ്യരാശിയെ ഓര്‍മ്മിപ്പിക്കുന്നത് യുദ്ധരഹിത ലോകത്തെക്കുറിച്ചാണ്. ഇനിയുമൊരു ലോകമഹായുദ്ധമുണ്ടായാല്‍ അണുബോബുവര്‍ഷമുണ്ടായാല്‍ അതിനെ അതിജീവിക്കാനുള്ള കരുത്ത് ഈ ലോകത്തിനില്ല. കാരണം, പ്രധാനലോകരാജ്യങ്ങളെല്ലാം തന്നെ ആണവശക്തികളായി കരുത്താര്‍ജ്ജിക്കാനുള്ള ശ്രമത്തിലാണ്. ഇനിയുമൊരു യുദ്ധം ആസന്നമോ എന്ന ആശങ്ക നിലനിര്‍ത്തിക്കൊണ്ട് അവര്‍ പടക്കോപ്പുകള്‍ നിര്‍മ്മിക്കാനും വാങ്ങിക്കൂട്ടാനുമുള്ള തിടുക്കത്തിലാണ്.
Read more
അതുകൊണ്ടു തന്നെ ലോകസമാധാനം പുലരേണ്ടതിനായി ഓരോ മനുഷ്യനും പ്രതിജ്ഞയെടുക്കേണ്ട സമയമാണിത്. ഒപ്പം ലോകനന്മയ്ക്കായി നിലകൊള്ളാന്‍ ശാസ്ത്രത്തിനും കഴിയണം.