പൗരത്വ ഭേദഗതി ബില്ലിനെതിരെ നിരാഹാര സമരത്തിനൊരുങ്ങി അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ 25000- ത്തോളം വിദ്യാര്‍ത്ഥികള്‍. ബുധനാഴ്ച മുതലാണ് വിദ്യാര്‍ത്ഥികളുടെ സമരം ആരംഭിക്കുക. സമരത്തിന്റെ ഭാഗമായി യൂണിവേഴ്സിറ്റി മുഴുവനായും അടച്ചിടാനാണ് തീരുമാനം. അവസാന സെമസ്റ്റര്‍ എക്സാം ബഹിഷ്കരിക്കാനും വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു.
ദേശീയ പൗരത്വ ബില്ലിലൂടെ ഒരു വര്‍ഗ്ഗത്തെ ഒന്നടങ്കം പുറത്താക്കുക എന്നതാണ് കേന്ദ്ര ഗവണ്മെന്റിന്റെ ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു. സമരത്തില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍ അധ്യാപകരും ബില്ല് നടപ്പിലാക്കുന്ന ഭരണാധികാരികള്‍ക്കൊപ്പമാണെന്ന് കരുതുമെന്നും നോട്ടീസില്‍ പറയുന്നു.
വലതുപക്ഷ തീവ്രവാദികള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ദേശീയ പൗരത്വ ബില്‍ ബോധപൂര്‍വ്വം നടപ്പിലാക്കിയ ബില്ലാണ്. അത് മുസ്ലിം സമുദായത്തെ രണ്ടാംതരം പൗരന്മാരായി മാറ്റുക എന്ന ഉദ്ദേശം മാത്രമല്ല വംശഹത്യ, കോണ്സെന്ട്രേഷന് ക്യാമ്പുകള്‍, ഇന്ത്യയുടെ മുസ്ലിംങ്ങളുടെ ഉന്മൂലനം എന്നിവയും ലക്ഷ്യമിടുന്നു. അത് എല്ലാവരെയും ബാധിക്കും. നിങ്ങളെയും നിങ്ങളുടെ കുട്ടിയെയും. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും ഷോകോസ് നോട്ടീസില്‍ പറയുന്നു.
Read more
അതേസമയം ചൊവ്വാഴ്ച വിദ്യാര്‍ത്ഥികള്‍ ബില്ലിനെ അപലപിച്ച് യൂണിവേഴ്സിറ്റി ലൈബ്രറി കാന്റീനില്‍ നിന്ന് ഗേറ്റ് വരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മാര്‍ച്ചില്‍ അദ്ധ്യാപകരും ഉണ്ടായിരുന്നു.