കേന്ദ്ര സർക്കാർ ഓഗസ്റ്റ് 5 ന് ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ശേഷം ജനജീവിതം നരകമാക്കി കൊണ്ട് കടുത്ത നിയന്ത്രണങ്ങളാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരുൾപ്പെടെ താഴ്‌വരയിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ ദുർബലപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്ന് തടങ്കലിൽ വെയ്ക്കുകയോ വീട്ടുതടങ്കലിൽ പാർപ്പിക്കുകയോ ചെയ്തു.
എൻ.എഫ്.ഐ.ഡബ്ള്യു പ്രതിനിധികളായ ആനി രാജ കവൽജീത് കൗർ, പങ്കുരി സഹീർ, പ്രഗതിശീൽ മഹിളാ സംഘടന പ്രതിനിധി പൂനം കൗശിക്, മുസ്ലിം വുമൺ ഫോറം പ്രതിനിധി സൈദാ ഹമീദ് എന്നിവരടങ്ങിയ അഞ്ചഗ വനിത സംഘം കശ്മീർ സന്ദർശനത്തിന് ശേഷം തയ്യാറാക്കിയ റിപ്പോർട്ട് ആണ് ചുവടെ. സെപ്റ്റംബര്‍ 17 നും 21 നുമിടയ്ക്കാണ് അഞ്ചുപേരടങ്ങിയ സ്ത്രീസംഘം കശ്മീര്‍ സന്ദര്‍ശിച്ചത്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കശ്മീരിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് നേരിട്ടറിയാനായിരുന്നു ഇവരുടെ സന്ദർശനം.
റിപ്പോർട്ട്
ദയവായി ശ്രദ്ധിക്കുക: ഞങ്ങള്‍ നേരില്‍ കണ്ട ജനങ്ങളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ സംരക്ഷിക്കുന്നതിലേക്കായി ഈ
റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പേരുകളൊന്നും ശരിയായതല്ല. ഇക്കാരണം കൊണ്ടുതന്നെ ഞങ്ങള്‍ സന്ദര്‍ശിച്ച ഗ്രാമങ്ങളുടെ പേരും വെളിപ്പെടുത്തുന്നില്ല.
സഖാവ് അബ്ദുള്‍ സത്താര്‍ രഞ്ജുറിന്റെ വരികളാണിവ :
അന്ന്
വസന്തത്തിെന്റ ഇളം മൊട്ടുകൾ പൂവായി വിടരും
രാപ്പാടികളുടെ നോവുകളും മാഞ്ഞകലും
അതെ, അന്ന്
പ്രണയികളേറ്റ ആഴമുള്ള മുറിവുകളുമുണങ്ങാന്‍ തുടങ്ങും
രോഗികളുടെ ആതുരതകളുമൊഴിഞ്ഞു പോകും.
അന്നേക്ക്,
രഞ്ജുറിന്റെ മനം കാത്ത കനവുകളും കണ്‍മുന്നില്‍ തെളിയും
അതെ,
മഹിമയുടെ കിരീടമണിഞ്ഞ്
അതിദരിദ്രരായവർ നാട് വാഴുന്ന അന്ന്.
(രഞ്ജുര്‍ കൊല്ലപ്പെട്ടത് 1990 ലാണ്. )
ശ്രീനഗറില്‍ കുറച്ച് സമയം ചെലവഴിച്ചതിന് പുറമേ ഞങ്ങള്‍ ഷോപിയന്‍, പുല്‍വാമാ, ബന്ദിപുര ജില്ലകളിലെ നിരവധി ഗ്രാമങ്ങളും സന്ദര്‍ശിച്ചു. ആശുപത്രികളിലേക്കും സ്‌കൂളുകളിലേക്കും വീടുകളിലേക്കും ചന്തകളിലേക്കും ഞങ്ങള്‍ കടന്നുചെന്നു. നഗരത്തിലും ഗ്രാമത്തിലുമുള്ള പുരുഷന്‍മാരോടും സ്ത്രീകളോടും യുവാക്കളോടും കുഞ്ഞുങ്ങളോടും സംസാരിച്ചു. നാല്പത്തിമൂന്ന് ദിവസം അപ്രതിരോധ്യമായ സൈനിക ഉപരോധത്തിനുള്ളില്‍ കഴിയേണ്ടി വരുന്ന ജനത്തിന്റെ “ചഷ്മ്ദീദ് ഗവാഹി” (സ്വന്തം അനുഭവങ്ങള്‍) യാണ് ഞങ്ങളുടെ ഈ റിപ്പോര്‍ട്ട്. എയര്‍ പോര്‍ട്ടില്‍നിന്ന് വരുന്ന വഴികളിലൊക്കെയും അടഞ്ഞുകിടക്കുന്ന കടകള്‍, ഹോട്ടലുകള്‍, കോളജുകള്‍, സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ആളൊഴിഞ്ഞ നിരത്തുകള്‍ എന്നിവയാണ് ഞങ്ങളെ ആദ്യം എതിരേറ്റത്. സ്വാഭാവികമായ ശ്വാസോച്ഛ്വാസം പോലും തടയുന്ന ശിക്ഷ ഏൽക്കേണ്ടി വരുന്ന ഒരന്തരീക്ഷം.
ഞങ്ങളുടെ കണ്‍മുന്നില്‍ തെളിഞ്ഞത് കശ്മീരിന്റെ സാമാന്യ ചിത്രം ഷിക്കാരാ തോണികള്‍, ഹൗസ് ബോട്ടുകള്‍,
താമര, ദാല്‍ തടാകം ആയിരുന്നില്ല. ഈ കാഴ്ച സ്ത്രീകളുടെ കശ്മീരിന്റേത് : 14, 15, 17, 19 വയസുള്ള തങ്ങളുടെ ആണ്‍മക്കളെ കാത്തു കാത്ത് വീടിന്റെ പുറവാതില്‍ക്കല്‍ തന്നെ നില്‍ക്കുന്ന ഒരു സുബൈദ, ഒരു ഷമീമ , ഒരു ഖുര്‍ഷിദ…… അവരെ ഒടുവിലായിക്കണ്ട നിമിഷങ്ങള്‍ ഹൃദയത്തില്‍ വിങ്ങിക്കനയ്ക്കുന്നു…. അവര്‍ക്ക് പ്രതീക്ഷ കൈവിടാനുള്ള ധൈര്യമില്ല …. ഒരു പക്ഷേ, മര്‍ദ്ദിച്ചവശരാക്കിയ മക്കളെ , അല്ലെങ്കില്‍ അവരുടെ ജീവനറ്റ ശരീരങ്ങളെ എങ്കിലും നേരില്‍ കാണണമെങ്കില്‍ ഇനി എത്രയോ കാലം കാത്തിരിക്കേണ്ടി വരുമോ…? “ഞങ്ങളെ കൂട്ടിലടച്ചിരിക്കുന്നു…. ” എന്ന വാക്കുകളാണ് എല്ലായിടത്തും ഞങ്ങള്‍ കേട്ടത്. ഡോക്ടര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍ എല്ലാവരും ഞങ്ങളോട് ചോദിക്കുന്നു, അഞ്ച് മിനിട്ട് എല്ലാ ഇന്റര്‍നെറ്റ് സേവനങ്ങളും ഇല്ലാതായാല്‍ ഡല്‍ഹിയില്‍ നിങ്ങള്‍ എന്തുചെയ്യും? ആ ചോദ്യത്തിന് ഞങ്ങള്‍ക്ക് ഉത്തരമില്ലായിരുന്നു…
ഞങ്ങള്‍ കടന്നുചെന്ന നാല് ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലുമുള്ള ജനത്തിന് ഒരേ അനുഭവങ്ങളാണ് പറയാനുണ്ടായിരുന്നത്. മഗരിബ് പ്രാര്‍ത്ഥനയ്ക്ക് ശേഷം രാത്രി 8 മണിക്ക് തന്നെ വിളക്കുകളെല്ലാം അണയ്ക്കപ്പെടുന്നതിനെ കുറിച്ച് അവര്‍ ഞങ്ങളോട് പറയുന്നുണ്ടായിരുന്നു. ബന്ദിപുരയില്‍ ഒരു പെണ്‍കുട്ടി, സ്‌കൂള്‍ തുറന്നാല്‍ പരീക്ഷ ഉണ്ടാകുമെന്നോർത്ത് വിളക്ക് കൊളുത്തിവെച്ച് പഠിക്കാന്‍ ശ്രമിച്ച് അബദ്ധം കാണിച്ചു. “കര്‍ഫ്യു” ലംഘിച്ചതില്‍ അരിശം പിടിച്ച പട്ടാളക്കാര്‍ മതില്‍ ചാടിക്കടന്ന് അകത്തേക്ക് തള്ളിക്കയറിവന്ന് ആ വീട്ടിലെ അച്ഛനെയും മകനെയും ചോദ്യം ചെയ്യാന്‍ പിടിച്ചു കൊണ്ടുപോയി. “എന്ത് ചോദ്യങ്ങള്‍?” എന്ന് ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. അന്ന് മുതല്‍ അവര്‍ രണ്ടുപേരും തടവിലാണ്. “ആറ് മണി കഴിഞ്ഞാല്‍ ആണുങ്ങളൊക്കെ വീട്ടില്‍ത്തന്നെ ഉണ്ടാവണമെന്ന് ഞങ്ങള്‍, സ്ത്രീകള്‍ നിര്‍ബന്ധിക്കുകയാണ്. സന്ധ്യ കഴിഞ്ഞ് പുരുഷനോ ആണ്‍കുട്ടിയോ പുറത്തായിരിക്കുന്നത് വലിയ ആപത്തുണ്ടാക്കും . ഈ വാക്കുകള്‍ ബന്ദിപുര ജില്ലയിലെ സൈനിക ആസ്ഥാന മന്ദിരത്തിനടുത്തുള്ള ഒരു ഗ്രാമത്തിലെ സറീനയുടേതാണ്. ഇതൊക്കെ നേരിൽകണ്ട്, സന്ധ്യ കഴിഞ്ഞ് പട്ടി കുരയ്ക്കുന്നത് കേള്‍ക്കുമ്പോള്‍ തന്നെ എന്റെ നാലുവയസുകാരിയായ മകള്‍ ഭയത്തോടെ ചുണ്ടിൽ വിരലമര്‍ത്തി നിശ്ശബ്ദമാകാന്‍ ആവശ്യപ്പെടും. പട്ടികള്‍ പൊടുന്നനെ കുരച്ചാല്‍ സൈന്യം മിന്നല്‍ പരിശോധനയ്ക്ക് വന്നെത്തി എന്നാണര്‍ത്ഥം. എനിക്ക് കൊച്ചുമകളെ രാത്രി ടോയ്‌ലറ്റില്‍ കൊണ്ടുപോകാൻ മൊബൈലിലെ ടോര്‍ച്ച് പോലും തെളിക്കാനാകുന്നില്ല. വെളിച്ചം തെളിഞ്ഞു കണ്ടാൽ
എത്ര ദൂരത്തു നിന്നായാലും അവര്‍ വന്നെത്തും. ഞങ്ങളുടെ ആണുങ്ങള്‍ക്ക് അവരുടെ ജീവന്‍ ,
പിഴയായി നൽകേണ്ടിവരും.
മരിച്ചവര്‍ തങ്ങളറിയാതെ, തികച്ചും അശ്രദ്ധമായി, ജീവിച്ചിക്കുന്നവര്‍ക്ക് യാതനകള്‍ സമ്മാനിക്കുന്നു.
“ആളുകള്‍ മുന്നറിയിപ്പൊന്നും കൂടാതെ, വിലാപങ്ങള്‍ പോലുമില്ലാതെ മരിച്ചു മറയുകയാണ്.”
“ഞാനെങ്ങനെയാണ് ഞങ്ങളുടെ അമ്മയുടെ മരണം എന്റെ സഹോദരിമാരെ അറിയിക്കുക ?”
ഘുലാം അഹമദിന്റെ ശബ്ദമിടറി. “അവര്‍ പഠാനിലെ ത്രാളിലാണ്. എനിക്ക് അമ്മയുടെ ശേഷക്രിയ അവരുടെ മക്കളുടെ അസാന്നിദ്ധ്യത്തില്‍ തന്നെ നടത്തേണ്ടി വരും.” ഞങ്ങള്‍ പോയ സ്ഥലങ്ങളിലെല്ലാം ഇതേ കഥ തന്നെയാണ് ആവര്‍ത്തിച്ച് കേൾക്കേണ്ടി വന്നത്. പ്രിയപ്പെട്ടവരുടെ അടുത്തെത്താന്‍ ജനങ്ങള്‍ക്ക് ഒരു വഴിയുമില്ലാതായിരിക്കുന്നു. നാല്‍പത്തിമൂന്ന് ദിവസം മരണത്തിന്റെ നീളുന്ന മൗനം പോലെയാണ്. പൊതുഗതാഗതം അക്ഷരാര്‍ത്ഥത്തില്‍ നിലച്ചു. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമാണ് ആളുകള്‍ സ്വകാര്യകാറുകള്‍ പുറത്തിറക്കുന്നത്. അടിയന്തിരഘട്ടങ്ങളില്‍ യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ റോഡരികില്‍ കാത്ത് നിന്ന് , കടന്നുപോകുന്ന കാറുകള്‍ക്കും ബൈക്കുകള്‍ക്കും നേരെ കൈനീട്ടുകയാണ്. ആളുകള്‍ വാഹനം നിര്‍ത്തിക്കൊടുത്ത് അവരെ സഹായിക്കുന്നു. ഇരുവശത്തുമുള്ള നിസ്സഹായതയാണ് അവര്‍ക്ക് പരസ്പരം ഉള്ളടുപ്പം ഉളവാക്കുന്നത്. “ഞാന്‍ അവന്തിപുരത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു. ഒരു സ്ത്രീ വഴിയില്‍ നിന്ന് കൈനീട്ടി. അവരെയും കൂട്ടി മുന്നോട്ട് പോകുമ്പോള്‍ ഒരു സ്പീഡ് ബ്രേക്കറില്‍ വെച്ച് അപകടമുണ്ടായി. അവര്‍ തെറിച്ചുവീണു. ബോധം നഷ്ടപ്പെട്ട അവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്റെ ദരിദ്രാവസ്ഥയില്‍ ഞാന്‍ എങ്ങനെയാണ് അവരെ ചികിത്സിക്കുക? ആരെ ,എങ്ങനെയാണ് ഞാന്‍ കാര്യങ്ങള്‍ അറിയിക്കുക?” ഈ യാത്രക്കാരന്റെ അനുഭവം ഒറ്റപ്പെട്ടതല്ല; നിത്യേനയെന്നോണം ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായി ഞങ്ങള്‍ പോയ സ്ഥലങ്ങളില്‍ നിന്നെല്ലാം അറിയാന്‍ കഴിഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞ ശേഷമുള്ള സാഹചര്യം വളരെ ക്ലേശകരമായിരിക്കുന്നു. ശ്രീനഗറിലെ ലാല്‍ദേദ് സ്ത്രീകളുടെ ആശുപത്രിയിലെ പല ഡോക്ടര്‍മാരും ആശുപത്രിയിലേക്ക് നിത്യവുമുള്ള യാത്രയില്‍ രോഗികള്‍ക്ക് നേരിടേണ്ടി വന്നിരിക്കുന്ന പ്രതിബന്ധങ്ങളോര്‍ത്ത് തീര്‍ത്തും അസ്വസ്ഥരാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പ്രസവത്തിന് കൃത്യമായി ആശുപത്രിയില്‍ എത്തിച്ചേരാനാകാതെ പോകുന്നു. ആംബുലന്‍സുകളുടെ സേവനവും വളരെ വിരളമാണ്. ഉള്ളവ പോലും വഴികളില്‍ തടയപ്പെടുന്നു. ഫലമോ? സമയം കഴിഞ്ഞ് പ്രസവം നടക്കുന്നത് കാരണം, ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വൈകല്യം സംഭവിക്കുന്നു. ഇത് അവരുടെ ജീവിതകാലം മുഴുവന്‍ നേരിടേണ്ടി വരുന്ന യാതനകള്‍ക്ക് കാരണമാകുന്നു. മാതാപിതാക്കളാകട്ടെ , ഇതൊക്കെ കാരണം ജീവിച്ചിരിക്കവെ തന്നെ മരിച്ചവരെ പോലെ ആയിത്തീരുന്നു.
മറിച്ചുള്ള ചില കാര്യങ്ങളും ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. നിരവധി സ്ത്രീകള്‍ക്ക്, ഇന്നിന്റെ ബാഹ്യസാഹചര്യങ്ങള്‍
കൊണ്ടുണ്ടാകുന്ന സംഘര്‍ഷങ്ങളും ഭീതിയും നിമിത്തം പ്രസവസമയമെത്തും മുമ്പേ കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകേണ്ടി വരുന്നു. “സര്‍ക്കാര്‍ ഒരേ സമയം ഞങ്ങളുടെ കഴുത്ത് ഞെരിക്കുകയും ഞങ്ങളുടെ പിടിച്ചില്‍ കണ്ട് ആനന്ദിക്കുന്നതു പോലെ ഞങ്ങളോട് സംസാരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.” യുവതിയായ ഒരു വനിതാ ഡോക്ടര്‍ താന്‍ അനുഭവിക്കുന്ന സ്ഥിതിയെന്തെന്ന് സ്വന്തം കഴുത്ത് മുറുകെ പിടിച്ചുകാണിച്ചാണ് ഇങ്ങനെ പറഞ്ഞത്. പട്ടാളം യുവാക്കളുടെ മേല്‍ ചാടിവീഴുകയാണ്. അവരെ നേരില്‍ കാണുന്നതു തന്നെ പട്ടാളക്കാര്‍ക്ക് അരോചകമാണ് എന്ന് തോന്നിപ്പോകും. മക്കളെ വിടുവിക്കാന്‍ പോകുന്ന അപ്പന്‍മാരോട് അവര്‍ പണം കെട്ടിവെയ്ക്കാന്‍ ആവശ്യപ്പെടുന്നു; അതും ഇരുപതിനായിരം മുതല്‍ അറുപതിനായിരം വരെ തുകകള്‍ പിഴ കെട്ടേണ്ടി വരുന്നു. അവര്‍ക്ക് കശ്മീരി യുവാക്കളോടുള്ള വെറുപ്പ് തികച്ചും പ്രകടമാണ്. ഇക്കാരണത്താല്‍, പലപ്പോഴും പേടിയുണര്‍ത്തും വിധം വീട്ടുവാതില്‍ക്കല്‍ മുട്ട് കേള്‍ക്കുമ്പോള്‍ തന്നെ വൃദ്ധരായ
പുരുഷന്‍മാരെയാണ് സാധാരണയായി വാതില്‍ തുറക്കാന്‍ പറഞ്ഞു വിടുന്നത്. “ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതും പ്രതീ
ക്ഷിക്കുന്നതും അവര്‍ വൃദ്ധരെ ഒന്നും ചെയ്യില്ലായിരിക്കും എന്നാണ്. പക്ഷേ, അവര്‍ ആരുടെയും കരണത്തടിക്കും; അതും , പ്രായമുള്ളയാളെന്നോ ചെറുപ്പക്കാരനാണെന്നോ ചെറിയ കുട്ടിയാണെന്നോ ഉള്ള യാതൊരു പരിഗണനയുമില്ലാതെ തന്നെ. “എന്തായാലും ചേച്ചീ ! ഞങ്ങളൊക്കെ ഞങ്ങളുടെ വീടിന്റെ വാതില്‍ , പാതി സാക്ഷയിട്ടാണ് അടയ്ക്കുന്നത്; അവരുടെ ഒറ്റച്ചവിട്ടില്‍ അത് തുറക്കാന്‍ പാകത്തില്‍.” എന്തൊരു വൈരുദ്ധ്യമാണ് ഈ സാധാരണ സംഭാഷണങ്ങള്‍ പോലും പുറത്ത് കൊണ്ടുവരുന്നത് !
പതിനാലും പതിനഞ്ചും വയസായ ആണ്‍കുട്ടികളെയൊക്കെ പിടിച്ചു കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുന്നു. ചിലരെ നാല്‍പതിലധികം ദിവസമായിട്ടും വിട്ടിട്ടില്ല. അവരെ സംബന്ധിച്ചുള്ള രേഖകളെല്ലാം കൊണ്ടുപോയി . ഒരു വിവരവും കുടുംബങ്ങളെ അറിയിക്കുന്നില്ല. പട്ടാളക്യാമ്പുകളില്‍ വെച്ച് അവരുടെ ഫോണുകള്‍ തട്ടിയെടുക്കുന്നു. തങ്ങളുടെ ഫോണുകള്‍ തിരികെ വാങ്ങാന്‍, അവ എത്ര വിലപിടിച്ചതായാലും,
സാമാന്യബുദ്ധിയുള്ളവരാരും തന്നെ സൈന്യത്തെ സമീപിക്കാറില്ല. ഇരുപത്തിരണ്ട് വയസുള്ള തന്റെ മകനെ തേടി പട്ടാളക്കാര്‍ വന്നത് ഒരു സ്ത്രീ ഓര്‍ക്കുന്നു. അവന്റെ ഒടിഞ്ഞ കയ്യില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നതു കണ്ട് അവര്‍ പതിനാല് വയസുള്ള ഇളയമകനെ പകരം പിടിച്ചു കൊണ്ടു പോയി. മറ്റൊരു ഗ്രാമത്തില്‍ നിന്ന് ഞങ്ങള്‍ കേട്ടത്, രണ്ട് പുരുഷന്‍മാരെ പിടിച്ചു കൊണ്ടുപോയി അവര്‍ അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ്. കാരണമെന്തെന്ന് ആര്‍ക്കും അറിയില്ല. ഒരാള്‍ ഉടലും മനസും തകര്‍ന്ന് 20 ദിവസത്തിന് ശേഷം മടങ്ങി വന്നു. മറ്റെയാള്‍ ഇപ്പോഴും അവരുടെ തടവിലാണ്.
ഞങ്ങള്‍ക്ക് ലഭിച്ച ഒരു കണക്ക് പ്രകാരം പ്രതിരോധത്തിന്റെ ഈ നാളുകളില്‍ പതിമൂവായിരം ആണ്‍കുട്ടികള്‍
സൈന്യത്തിന്റെ കൈകളില്‍ അകപ്പെട്ടു എന്നാണ്. ജനത്തിനുള്ള റേഷന്‍ സാധനങ്ങളില്‍ പോലും കൈ വെയ്ക്കുകയാണവര്‍. രാത്രിയില്‍ ഏതെങ്കിലും നേരത്ത് വീടുകള്‍ പരിശോധിക്കാനെത്തുന്ന സൈനികര്‍ കുടുംബാംഗങ്ങളെ വലിച്ച് പുറത്തെറിയുന്നു. ഒരു യുവാവ് പറഞ്ഞതിങ്ങനെയാണ്: “ഞങ്ങള്‍ പ്രൊവിഷന്‍
സാധനങ്ങള്‍ അരി, പയറ് വര്‍ഗങ്ങള്‍, പാചക എണ്ണ ഇവയൊക്കെ കൂടുതലായി ശേഖരിച്ചുവെയ്ക്കാറുണ്ട്. റേഷന്‍ സാധനങ്ങളിലെല്ലാം അവര്‍ മണ്ണെണ്ണയോ കല്‍ക്കരിയോ കലര്‍ത്തുന്നു.”
അനന്ദ് നാഗിലെ ടെഹമിന ഈയടുത്ത് ഭര്‍ത്താവിനോട് പറഞ്ഞു: “നമുക്ക് മറ്റൊരു കുഞ്ഞിനെ കൂടി വേണം. നമ്മുടെ ഫയ്‌സിനെ അവര്‍ കൊല ചെയ്താല്‍ മറ്റൊരു കുഞ്ഞെങ്കിലും നമ്മുടെ സ്വന്തമായി കൂടെ ഉണ്ടാവണ്ടേ ?” അബ്ദുള്‍ ഹലീം നിശ്ശബ്ദനായിരുന്നു. തന്റെ കൊച്ചുമകന്റെ ചേതനയറ്റ ശരീരം തന്റെ കൈകളില്‍ കിടക്കുന്നത് അയാള്‍ക്ക് കാണാമായിരുന്നു. “അവളുടെ വാക്കുകള്‍ കേട്ട് എന്റെ ആത്മാവ് പോലും പിടഞ്ഞു പോയി” എന്ന് അദ്ദേഹം വിങ്ങിപ്പൊട്ടുന്നു. കര്‍ണയിലെ മുപ്പതു വയസുള്ള ഒരു അഭിഭാഷകന്‍ തന്റെ വീട്ടില്‍ മരിച്ചു കിടന്നിരുന്നു. അയാള്‍ക്ക് കടുത്ത വിഷാദരോഗമായിരുന്നു. അയാളെ സൈനികര്‍ കസ്റ്റഡിയില്‍ എടുത്ത ഉടന്‍ തന്നെ അഭിഭാഷകരുടെ ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുടെ അനുശോചന പ്രസ്താവന പുറത്തു വന്നിരുന്നു. എന്തുകൊണ്ട്?
ഞങ്ങള്‍ ജമ്മു കശ്മീര്‍ പൊലീസിലെ ഒരാളോട് സംസാരിച്ചു. അവരുടെ കയ്യിലുള്ള തോക്കുകളെല്ലാം ഒഴിവാക്കിയിരിക്കുന്നു. പകരം ഡണ്‍ഡ (വടികള്‍ ) കൊടുത്തിരിക്കുന്നു. “നിങ്ങളുടെ തോക്കുകള്‍ നഷ്ടപ്പെട്ടപ്പോള്‍ എന്തു തോന്നി?” “നന്നായെന്നും അല്ലെന്നും തോന്നി.” “കാരണം?” “നന്നായെന്ന് തോന്നിയത് അവ ഞങ്ങളില്‍ നിന്ന് ആരെങ്കിലും തട്ടിയെടുക്കുമെന്ന ഭയത്താലാണ്. അല്ലെന്ന് തോന്നുന്നത് , ഞങ്ങള്‍ക്കെതിരെ ആരെങ്കിലും നിറയൊഴിക്കാന്‍ മുതിര്‍ന്നാല്‍, സ്വയം പ്രതിരോധത്തിന് മറ്റൊരു മാര്‍ഗവുമില്ലാതായല്ലോ എന്ന് ചിന്തിച്ചിട്ടാണ്. “സുരക്ഷാ ഉദ്യോഗസ്ഥയായ ഒരു സ്ത്രീ പറഞ്ഞത്,” ഇന്ത്യൻ സർക്കാരിന് ഇവിടം ഒരു പാലസ്തീന്‍ ആക്കണമെന്നാണ്. ഇതിനെതിരെ ഞങ്ങള്‍ കശ്മീരികള്‍ പോരാടും. “യുവാവായ മറ്റൊരു പ്രൊഫഷണലും ഞങ്ങളോട് പറയുന്നത്, “ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം. ഞങ്ങള്‍ക്ക് ഇന്ത്യയും വേണ്ട, പാകിസ്ഥാനും വേണ്ട. എന്തു വിലയും അതിന് വേണ്ടി കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇത് കശ്മീരി രക്തമാണ്. ആരും ജീവന്‍ സമര്‍പ്പിക്കാന്‍ തയ്യാറാണ്.” എന്നാണ്.
ഞങ്ങള്‍ പോയ എല്ലായിടത്തും ഒഴിച്ചുകൂടാനാവാത്ത വൈകാരികതയുടെ രണ്ട് ഭാവം കണ്ടു: ഒന്നാമത്, സ്വാത
ന്ത്ര്യത്തിനായുള്ള അഭിവാഞ്ഛ ; അവര്‍ക്ക് ഇന്ത്യയോ പാകിസ്ഥാനോ ഒന്നും വേണ്ട. എഴുപത് വര്‍ഷമായി അവര്‍ സഹിച്ച അപമാനത്തിനും പീഡനത്തിനും പകരമായി ഇനിയും ഒന്നും കിട്ടില്ലെന്ന നില വന്നിരിക്കുന്നു. 370 വകുപ്പിന്റെ റദ്ദാക്കല്‍, ചിലരുടെ കണ്ണില്‍ ഇന്ത്യയുമായുള്ള ബന്ധമെന്ന കണ്ണിയുടെ അവസാനത്തെ കൊളുത്താണ്.
ഇന്ത്യന്‍ രാഷ്ട്രവുമായി എല്ലായ്‌പോഴും ഒരുമിച്ചുനിന്ന ജനം പോലും ഇപ്പോള്‍ സർക്കാരിനാൽ പരിത്യജിക്കപ്പെട്ടു. അവരുടെ കണ്ണില്‍, ഞങ്ങള്‍ക്ക്, സാധാരണക്കാരായ കശ്മീരികള്‍ക്ക് എന്ത് വിലയാണുള്ളത്? അവരുടെ നേതാക്കളെല്ലാം തടവിലാക്കപ്പെടുകയോ വീട്ടുതടങ്കലില്‍ വെയ്ക്കപ്പെടുകയോ ചെയ്തിരിക്കുന്നതിനാല്‍ സാധാരണക്കാര്‍ തന്നെ തങ്ങളുടെ സ്വന്തം നേതാക്കളാകേണ്ടി വന്നിരിക്കുന്നു. അവരുടെ സഹനങ്ങള്‍ ആരോടും പറയാനാവാത്തതാണ് ; അവരുടെ ക്ഷമയും അങ്ങനെത്തന്നെ. രണ്ടാമത്, അമ്മമാരുടെ അസഹനീയവേദനകള്‍ നിറഞ്ഞ വിലാപങ്ങള്‍ (കടുത്ത മര്‍ദ്ദനത്താല്‍ മുറിവേറ്റ തങ്ങളുടെ എത്രയോ കുഞ്ഞുമക്കളുടെ ജീവനറ്റ ശരീരം നേരില്‍ കാണേണ്ടി വന്നിരിക്കുന്നു അവര്‍ക്ക്!) നിഷ്‌കളങ്കരായ കുഞ്ഞുങ്ങളോട് കാട്ടുന്ന ഈ അതിക്രൂരത ഉടന്‍ തന്നെ അവസാനിപ്പിക്കുന്നതിനായി ആവശ്യപ്പെടുന്നു. തോക്കുകള്‍ കൊണ്ടും ഇരുമ്പ് കാലുറ കൊണ്ടും അവരുടെ കുഞ്ഞുങ്ങളുടെ ജീവിതങ്ങള്‍ ഇനിമേല്‍ കെടുത്തിക്കളയരുത് എന്ന് അവര്‍, അമ്മമാര്‍, ആവശ്യപ്പെടുന്നു.
കശ്മീരിലെ ഞങ്ങളുടെ സന്ദര്‍ശനത്തിന്റെയും വാസത്തിന്റെയും സമയത്ത് ഞങ്ങള്‍ നേരില്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ രണ്ട് നിഗമനത്തിലാണ് ഞങ്ങള്‍ എത്തിച്ചേരുന്നത്. കഴിഞ്ഞ അമ്പത് ദിവസമായി ഇന്ത്യന്‍ സർക്കാരിന്റെ സൈന്യം കാണിച്ച അതിക്രൂരതയെയും തമസ്‌കരണത്തെയും അത്ഭുതാവഹമായ അതിജീവനത്വരയോടെ ആണവര്‍ നേരിട്ടത്. ഞങ്ങള്‍ക്ക് മുമ്പില്‍ മറനീക്കിയ അവിടുത്തെ സംഭവങ്ങള്‍ നട്ടെല്ലിലൂടെ വിറയലുണ്ടാക്കും വിധം ഭയാനകമായിരുന്നു. ഞങ്ങളുടെ ഈ റിപ്പോര്‍ട്ട് അവയില്‍ ചിലതിന്റെ സംക്ഷിപ്തരൂപമാണ്. കശ്മീരി ജനതയുടെ ധൈര്യത്തെയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. രണ്ടാമത് , ഞങ്ങള്‍ വീണ്ടും വീണ്ടും അസന്ദിഗ്ദ്ധമായി പറയുന്നത് , ഇപ്പോഴുള്ളതൊന്നും സാധാരണ സാഹചര്യമല്ല. സാഹചര്യങ്ങള്‍ സാവകാശം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നു എന്ന അവകാശവാദങ്ങളൊക്കെയും വ്യതിചലിപ്പിക്കപെട്ട വസ്തുതകളിമേലുള്ള
നിരര്‍ത്ഥവാദങ്ങള്‍ മാത്രം!
കവികള്‍ മാനവരാശിക്കു വേണ്ടി സംസാരിക്കുന്നു. ഞങ്ങള്‍ ഈ റിപ്പോര്‍ട്ട് ആരംഭിച്ചത്, കശ്മീരീ കവി രഞ്ജൂറിന്റെ വരികള്‍ ഉദ്ധരിച്ചു കൊണ്ടാണ്. ഇത് ഞങ്ങള്‍ അവസാനിപ്പിക്കുന്നതും ഹിന്ദി കവി ദുഷ്യത്തിന്റെ ഒരു ഗസല്‍ ചൊല്ലികൊണ്ടാണ്.
“കടുംനോവുകളുടെ മഞ്ഞുപര്‍വതം ഇനിയെങ്കിലും അലിഞ്ഞൊഴുകട്ടേ
എല്ലാമൊഴുക്കും വിപ്ലവഗംഗ ഹിമാലയത്തില്‍ നിന്ന് വീണ്ടും ഉറവ തേടട്ടേ.”
ഈ രണ്ട് കവിതയും കശ്മീരിന് മുന്നോട്ട് നീങ്ങാനുള്ള വഴികാണിക്കുമെന്ന് ഉറപ്പാണ്.
Read more
ഞങ്ങള്‍ ആവശ്യപ്പെടുന്നു:
1. സാധാരണനിലയിലേക്ക് എത്താന്‍
അടിയന്തരമായി സൈന്യ അര്‍ധസൈന്യവിഭാഗങ്ങളെ പിന്‍വലിക്കുക.
2. ആത്മവിശ്വാസം വളര്‍ത്താന്‍
എല്ലാ കേസുകളും അടിയന്തരമായി പിന്‍വലിക്കുകയും 370 വകുപ്പ് റദ്ദാക്കിയ ശേഷം കസ്റ്റഡിയിലും
ജയിലിലും തടവില്‍ വെച്ചിരിക്കുന്ന എല്ലാവരെയും പ്രത്യേകിച്ച്, യുവാക്കളെയും മോചിപ്പിക്കുകയും ചെയ്യുക.
3. നീതി ഉറപ്പാക്കാന്‍
സൈന്യവും മറ്റ് സുരക്ഷാ ഉദ്യാഗസ്ഥരും വ്യാപകമായി അഴിച്ചുവിട്ട അക്രമങ്ങളുടെയും പീഡനങ്ങളുടെയും
മേല്‍ അന്വേഷണം നടത്തുക.
4. ആശ്വാസമേകാന്‍
ആശയവിനിമയ ഗതാഗത സൗകര്യങ്ങളുടെ അഭാവത്തില്‍ പ്രിയപ്പെട്ടവരുടെ വിലപ്പെട്ട ജീവന്‍ നഷ്ടമായിരിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും സാമ്പത്തിക പരിഹാരം ഉറപ്പാക്കുക.
കൂടാെത :
* കശ്മീരില്‍ ഇന്റര്‍നെറ്റും മൊബൈല്‍ നെറ്റ് വര്‍ക്കും ഉള്‍പ്പെടെയുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും
അടിയന്തരമായി പുന:സ്ഥാപിക്കുക.
* ആര്‍ട്ടിക്കിള്‍ 370 ഉം 35 അ യും പുന:സ്ഥാപിക്കുക.
* ജമ്മുവിന്റെയും കശ്മീരിന്റെയും ഭാവിയെ സംബന്ധിക്കുന്ന എല്ലാ രാഷ്ട്രീയതീരുമാനങ്ങളും ജമ്മുവിലെയും കശ്മീരിലെയും
ജനങ്ങളുമായുള്ള സംവാദ പ്രക്രിയയിലൂടെ മാത്രം കൈക്കൊള്ളുക.
* ജമ്മുവിലെയും കശ്മീരിലെയും പൊതുസമൂഹത്തിന്റെ ആവാസ ഇടങ്ങളില്‍ നിന്ന് എല്ലാ സൈനിക ഉദ്യോഗ
സ്ഥരെയും പിന്‍വലിക്കുക.
* ഒരു അന്വേഷണക്കമ്മീഷനെ നിയോഗിച്ച് , സൈന്യത്തിന്റെ അതിക്രമങ്ങള്‍ സമയബന്ധിതമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കുക.