ഇന്ത്യയിൽ ബിറ്റ്‌കോയിൻ വ്യാപാരം വ്യാപകമാവുന്നു, 9 കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ബിറ്റ്‌കോയിൻ വ്യാപാരം നടക്കുന്ന എക്‌സ്‌ചഞ്ചുകളിൽ ആദായ നികുതി വകുപ്പ് ഇന്ന് രാജ്യവ്യാപകമായി റെയ്ഡ് നടത്തി. ഇന്ത്യയിൽ അംഗീകാരം നൽകാത്ത ബിറ്റ്കോയിൻറെ വ്യാപാരം പല കേന്ദ്രങ്ങളിലും നടക്കുന്നു എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്. കൊച്ചി ഉൾപ്പടെ ഒമ്പത് കേന്ദ്രങ്ങളിലാണ് ഐ ടി വകുപ്പിന്റെ ബംഗളുരു ഓഫിസിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. ഡൽഹി, ബംഗളുരു, ഹൈദരാബാദ്, ഗുരുഗ്രാമം എന്നിവിടങ്ങളിൽ ആയിരുന്നു റെയ്ഡ്.

Read more

ബിറ്റ്കോയിനിൽ നിക്ഷേപിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായിരുന്നു പരിശോധനയെന്ന് ആദായ നികുതി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യയിൽ ഇതിന്റെ വ്യാപാരത്തിന് നിരോധനമോ നിയന്ത്രണമോ കൊണ്ട് വന്നിട്ടില്ല.എന്നാൽ വ്യപാരം നടത്തുന്നതിനെതിരെ റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ കേന്ദ്ര ധനകാര്യ വകുപ്പ് ഇന്ത്യയിൽ ക്രിപ്റ്റോകറൻസികളുടെ വ്യാപനത്തെ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനും ഇത്തരം കറൻസികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് റിപ്പോർട്ട് സമർപ്പിക്കുന്നതിനും ഒരു ഇന്റർ ഡിസിപ്ലിനറി കമ്മറ്റിക്കു രൂപം നൽകിയിരുന്നു.