മനുഷ്യവിസര്‍ജ്യം അടക്കം മാലിന്യം നിറഞ്ഞ കുംഭമേളയിലെ ജലത്തിന്റെ കാര്യത്തില്‍ രാജ്യത്തെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കുമ്പോള്‍ കെടുകാര്യസ്ഥത മറച്ചുപിടിക്കാന്‍ ബിജെപി നേതാക്കള്‍ നടത്തുന്ന മതവികാര വ്രണപ്പെടുത്തല്‍ പ്രസ്താവനകള്‍ വലിയ പരിഹാസത്തിനാണ് ഇടയാക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ത്രിവേണി സംഗമത്തിലെ ജലം ഇപ്പോഴും ശുദ്ധമാണെന്നും കുടിക്കാനാകുമെന്നുമുള്ള പരാമര്‍ശം വ്യാപക വിമര്‍ശനത്തിനാണ് ഇടയാക്കുന്നത്. ത്രിവേണി സംഗമത്തിലെ വെള്ളം പുണ്യസ്നാനത്തിന് മാത്രമല്ല കുടിക്കാന്‍ പോലും കഴിയുന്നതാണെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്. അത്രയ്ക്ക് ധൈര്യം ഉണ്ടെങ്കില്‍ ത്രിവേണി സംഗമത്തിലെ വെള്ളം കുടിക്കാനാണ് ബിജെപി നേതാക്കളെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വെല്ലുവിളിക്കുന്നത്.