നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങും മോദി 3.0 മന്ത്രിസഭയുടെ അധികാരമേറ്റെടുക്കലും ശോഭയില്‍ നില്‍ക്കുമ്പോള്‍ വരുംദിനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാവുക മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയില്‍ ശക്തരായി നിന്ന ബിജെപിയ്ക്ക് കിട്ടിയ തിരിച്ചടിയാണ് ലോക്‌സഭയിലെ മഹാവികാസ് അഘാഡി സഖ്യത്തിന്റെ മുന്നേറ്റം. ഈ വര്‍ഷം മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കവെ ചതിച്ചു പിടിച്ചു പിളര്‍ത്തി കൊണ്ടുവന്നര്‍ വോട്ടുപിടിക്കാന്‍ പോന്നവരല്ലെന്ന് മനസിലാക്കിയ ബിജെപി ഇനി എന്ത് ചെയ്യുമെന്നതാണ് ചോദ്യം. ശിവസേനയേയും എന്‍സിപിയേയും പിളര്‍ത്തിയെടുത്ത് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുണ്ടായിരുന്ന മഹാവികാസ് അഘാഡി സര്‍ക്കാരിനെ വീഴ്ത്തി മറാത്താഭൂമിയില്‍ സര്‍ക്കാരുണ്ടാക്കിയ ബിജെപിയ്ക്ക് ഇനി കാര്യങ്ങള്‍ അതേ സൗകര്യത്തിലാവില്ല.
മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികളെ പിളര്‍ത്തി കൊണ്ടുപോയി ചിഹ്നവും സീറ്റുമെല്ലാം ഒപ്പിച്ചെങ്കിലും ഒരു തിരഞ്ഞെടുപ്പ് വന്നപ്പോള്‍ കൂടെ വന്നവരല്ല യഥാര്‍ത്ഥ പാര്‍ട്ടിക്കാരെന്ന് ബിജെപിയ്ക്ക് മനസിലായി കഴിഞ്ഞു. ശരദ് പവാറിന്റെ എന്‍സിപിയെ പിളര്‍ത്തി കൊണ്ടുവന്നു ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയ അജിത് പവാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയത് 1 സീറ്റ് മാത്രമാണ്. നാല് സീറ്റിലാണ് അജിത് പവാറിന്റെ എന്‍സിപി എന്‍ഡിഎ സഖ്യത്തില്‍ മല്‍സരിച്ചത്. അതേ സമയം ശരദ് പവാറിന്റെ എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നിന്ന് മല്‍സരിച്ച 10 സീറ്റില്‍ 8ഉം നേടി. ബിജെപിയ്‌ക്കൊപ്പമുള്ള ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേന 15 ഇടത്ത് മല്‍സരിച്ച് നേടിയത് 7 സീറ്റ് മാത്രമാണ്. 21 ഇടത്ത് മല്‍സരിച്ച ഉദ്ദവ് താക്കറെ 9 സീറ്റ് മാത്രമേ മഹാവികാസ് അഘാഡി സഖ്യത്തില്‍ പിടിച്ചുള്ളുവെങ്കിലും കഴിഞ്ഞ കുറിയേക്കാള്‍ നാല് സീറ്റ് മുകളില്‍ പിടിച്ചു.
പിളര്‍ത്തി കൂടെ കൂട്ടിയവര്‍ക്കൊപ്പം മല്‍സരിച്ച് സ്വന്തം നിലനില്‍പ്പ് വെട്ടിലാക്കിയെന്ന ബോധം മഹാരാഷ്ട്രയില്‍ ബിജെപിയ്ക്കുണ്ട്. കഴിഞ്ഞ കുറി ഒറ്റയ്ക്ക് മറാത്ത ഭൂമിയില്‍ ജ്വലിച്ച് നിന്ന ബിജെപിയ്ക്ക് 14 സീറ്റുകളാണ് കൈയ്യില്‍ നിന്ന് പോയത്. 28 ഇടത്ത് മല്‍സരിച്ച ബിജെപി 9ലേക്ക് ചുരൂങ്ങി. കോണ്‍ഗ്രസ് ആവട്ടെ 17 സീറ്റില്‍ മല്‍സരിച്ചതില്‍ 13 സീറ്റിലും വിജയിച്ചു കയറി. കഴിഞ്ഞ കുറി മറാത്താ ഭൂമിയില്‍ ഒറ്റ സീറ്റില്‍ ഒതുങ്ങിപ്പോയ കോണ്‍ഗ്രസാണ് കുതിച്ചു കയറിയത്. ഇതോടെ ബിജെപിയ്ക്കുള്ളിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് ഭയാശങ്കകളായി. ചോദിച്ചതൊന്നും കേന്ദ്ര മന്ത്രിസഭയില്‍ കിട്ടില്ലെന്നത് മാത്രമല്ല ഒതുങ്ങേണ്ടി വരുന്നത് അജിത് പവാറിനേയും കൂട്ടരേയും ഭയപ്പെടുത്തുന്നുണ്ട്.
ബിജെപി കനത്തപരാജയം ഏറ്റുവാങ്ങിയതോടെ മഹാരാഷ്ട്രയില്‍ തങ്ങളുടെ കാര്യം പരുങ്ങലിലായെന്നതാണ് പാര്‍ട്ടി പിളര്‍ത്തിപ്പോന്ന ഷിന്‍ഡേയുടേയും അജിത് പവാറിന്റേയും അവസ്ഥ. മഹാരാഷ്ട്രയില്‍ അജിത് പവാറിനും ഷിന്‍ഡേയ്ക്കും ഇനി കാര്യങ്ങള്‍ എളുപ്പമാകില്ല. പഴയ വിലപേശല്‍ ഒന്നും ഇനി നടക്കില്ല. കാരണം ഒരു തിരഞ്ഞെടുപ്പ് പിന്നിട്ടതോടെ സംഘടനാ തലത്തില്‍ അവരുടെ ദൗര്‍ബല്യം തുറന്നുകാട്ടപ്പെട്ടു. മദര്‍ പാര്‍ട്ടിയ്ക്കപ്പുറം ഒരു തിരഞ്ഞെടുപ്പില്‍ ഇനി ഇവര്‍ക്ക് സാധ്യതയുണ്ടെന്ന് കരുതാനും മാത്രം ചിന്താശേഷി ഇല്ലാത്തവരല്ല ബിജെപിയുടെ ചാണക്യന്‍മാര്‍. ഒപ്പം നിന്നാല്‍ പാര്‍ട്ടി വോട്ടുകള്‍ കൂടി പോകുമെന്ന ചിന്തയില്‍ നൈസായി ഒരു ഒഴുവാക്കല്‍ ഏക്‌നാഥ് ഷിന്‍ഡേ വിഭാഗവും അജിത് പവാര്‍ വിഭാഗവും മണക്കുന്നുണ്ട്.
ഒക്ടോബറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികളെ ഒപ്പംകൂട്ടി നിയമസഭയില്‍ മത്സരിച്ചാല്‍ സംസ്ഥാനം കൈവിട്ടുപോകുമെന്ന ആശങ്ക ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. സഖ്യ പ്രകാരം ബിജെപി മഹാരാഷ്ട്രയില്‍ കൂടുതല്‍ സീറ്റില്‍ മല്‍സരിച്ചത് തന്നെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വാഗ്ദാനംചെയ്താണ്. തങ്ങളുടെ മണ്ഡലംപോലും പിടിച്ചെടുത്ത് നിയമസഭയിലേക്ക് ധാരണയുണ്ടാക്കി മത്സരിച്ച ബിജെപിയെ പ്രതികാര ബുദ്ധിയോടെ ഏക്‌നാഥ് ഷിന്‍ഡേയുടെ ശിവസേനയും അജിത് പവാറിന്റെ എന്‍സിപിയും പല മണ്ഡലങ്ങളിലും പരാജയപ്പെടുത്തിയെന്ന് ആക്ഷേപം മഹാരാഷ്ട്ര ബിജെപിയിലുണ്ട്. ഇതോടെ സഖ്യത്തില്‍ കല്ലുകടിയായി കഴിഞ്ഞു.
എന്തായാലും പിളര്‍ത്തി ഒപ്പം നിര്‍ത്താനും ഒപ്പം നിര്‍ത്തി ഇല്ലാതാക്കാനും മടിയില്ലാത്ത ബിജെപി രീതിയെ ഇപ്പോള്‍ ഷിന്‍ഡേയും അജിത് പവാറും ഭയക്കുന്നുണ്ട്. മഹാവികാസ് അഘാഡി സഖ്യത്തിന്റെ മുന്നേറ്റം കണ്ട് മാതൃ പാര്‍ട്ടിയിലേക്ക് തിരികെ പോകാന്‍ തങ്ങളുടെ എംഎല്‍എമാര്‍ വ്യഗൃത പൂണ്ടുനില്‍ക്കുന്നതും ഷിന്‍ഡേയും അനന്തിരവന്‍ പവാറിനേയും തളര്‍ത്തിയിട്ടുണ്ട്. ഒന്നെങ്കില്‍ തങ്ങളുടെ നേതാക്കളെ ബിജെപി അവരുടെ പാളയത്തില്‍ എത്തിച്ച് തങ്ങളെ നിരായുധരാക്കി അപ്രസക്തരാക്കുമെന്ന് ഇരുവരും പേടിക്കുന്നു. അപ്പുറത്ത് മഹാവികാസ് അഘാഡിയാകട്ടെ ഗംഭീര മുന്നേറ്റത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കോപ്പുകൂട്ടുകയാണ്. ചതിച്ചു കാലുവാരിപ്പോയവര്‍ വന്നിടത്തും നിന്നിടത്തും സ്ഥാനമില്ലാതെ ഉഴറാന്‍ തുടങ്ങിയിരിക്കുന്നു. ചതിച്ച് കൂടെക്കൂട്ടിയവര്‍ പരാജയത്തിന്റെ രുചി അറിഞ്ഞുതുടങ്ങിയിരിക്കുന്നു.