വൈറ്റ് ഹൗസിലേക്ക് എത്തും മുമ്പ് 'മഗാ' ക്യാമ്പിലെ ചേരിപ്പോര്; ഇന്ത്യക്കാരന്റെ പേരില്‍ തുടക്കത്തിലെ മസ്‌കും ട്രംമ്പും തമ്മിലടിക്കുമോ?

മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പെയ്‌നിന്റെ പരിണതഫലമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡൊണാള്‍ഡ് ട്രംപിന്റെ ചുമലിലേറി തിരഞ്ഞെടുപ്പില്‍ യുഎസ് തൂത്തുവാരിയത്. എന്നാല്‍ വൈറ്റ് ഹൗസിലേക്ക് മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പ് അഥവാ മഗാ ക്യാമ്പിന്റെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തും മുമ്പ് തന്നെ ക്യാമ്പില്‍ തമ്മിലടി തുടങ്ങിയിരിക്കുന്നു. ക്യാമ്പെയ്‌നിന്റെ മുന്‍നിര പോരാളിയായ ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍ ഇലോണ്‍ മസ്‌കും ട്രംപിന്റെ മേക്ക് അമേരിക്ക ക്യാമ്പിലെ വിശ്വസ്തരും തമ്മിലാണ് ചേരിപ്പോര്. കാരണമായതാകട്ടെ ഒരു ഇന്ത്യക്കാരന്റെ പേരും. വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തില്‍ AI നയം രൂപീകരിക്കാനും നയിക്കാനും ഇന്ത്യന്‍ വംശജനായ ക്യാപിറ്റലിസ്റ്റ്ശ്രീറാം കൃഷ്ണനെ നിയമിച്ചതിനെ തുടര്‍ന്നാണ് MAGA ക്യാമ്പിനുള്ളില്‍ വിള്ളലുകളുണ്ടായത്.

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അടിയുറച്ച അനുകൂലികളും അതിദേശീയതാ വാദികളുമാണ് ട്രംപ് ക്യാമ്പിനുള്ളിലെ വിള്ളലിന് കാരണമായത്. ട്രംപ് ക്യാമ്പിലെ പ്രമുഖനെങ്കിലും ഇലോണ്‍ മസ്‌കെന്ന അമേരിക്കന്‍ വംശജനെന്ന് ജനനം കൊണ്ട് അവകാശപ്പെടാന്‍ കഴിയാത്ത ക്യാപിറ്റലിസ്റ്റിനെ പിന്തുണയ്ക്കാനും അയാള്‍ നിര്‍ദേശിക്കുന്ന അമേരിക്കക്കാരല്ലാത്തവരെ ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് പരിഗണിക്കാനും കഴിയാത്ത മഗാ ക്യാമ്പിലെ പോപ്പുലിസ്റ്റ് ചിന്താഗതിക്കാരാണ് ട്രംപിന്റെ സംഘത്തില്‍ വിള്ളലുണ്ടാക്കിയത്. ഇലോണ്‍ മസ്‌കിന്റെ പിന്തുണയോടെ വിവേക് രാമസ്വാമിയും മറ്റ് സാങ്കേതിക വിദഗ്ധരും മുന്നിലേക്ക് വരുന്നതാണ് മഗാ ക്യാമ്പിലെ അതിദേശീയതാവാദികളുടെ പ്രശ്‌നം. കുടിയേറ്റം എന്ന അതിനിര്‍ണായക വിഷയം തന്നെയാണ് സംഘര്‍ഷത്തിന്റെ കേന്ദ്രം.

അതായത് കുടിയേറ്റ വിരുദ്ധ വികാരത്തില്‍ അഭിരമിക്കുന്ന പ്രസിഡന്റ് ട്രംപിന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പിലെ ബഹുഭൂരിപക്ഷവും ഇതേ കുടിയേറ്റ വികാരം ഉള്‍ക്കൊള്ളുന്നവരാണ്. ഇത് തന്നെയാണ് റിപ്പബ്ലിക്കന്‍ സര്‍ക്കാരിനുള്ളില്‍ ധ്രുവീകരണ പ്രശ്‌നമുണ്ടാക്കുന്നത്. ട്രംപും കൂട്ടരും കുടിയേറ്റ വിരുദ്ധ വികാരം പേറുമ്പോള്‍ ഒരു വശത്ത് മസ്‌കും അദ്ദേഹത്തിന്റെ സിലിക്കണ്‍ വാലി സഖ്യവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ പരിഷ്‌കാരങ്ങള്‍ക്കായി വാദിക്കുന്നവരാണ്. ഇമിഗ്രേഷന്‍ വിരുദ്ധ നിലപാടില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന പ്രതിജ്ഞാബദ്ധ നിലപാടിലാണ് ട്രംപ് അനുകൂലികള്‍. ട്രംപിന്റെ സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമായ മസ്‌കിന്റെ നിലപാടുകള്‍ തങ്ങളുടെ പോപ്പുലിസ്റ്റ് ആശയങ്ങള്‍ക്കെതിരായ വഞ്ചനയായാണ് അവര്‍ കാണുന്നത്.

എച്ച് വണ്‍ ബി വിസ തത്വത്തിലങ്ങനെ ട്രംപ് ക്യാമ്പിനെ വിഭജിച്ചിരിക്കുകയാണ്. ടെക് ടൈക്കൂണുകളും മഗാ വിശ്വസ്തരും തമ്മിലുളള ഒരു പോരിനാണ് 2024 അവസാനത്തോടെ അമേരിക്ക സാക്ഷ്യം വഹിക്കുന്നത്. മസ്‌കിന്റെ വിദേശ വംശജരായ ടീം അംഗങ്ങളോട് മഗാ വിശ്വസ്തര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ് ആര്‍ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. മസ്‌കും വിവേക് രാമസ്വാമിയും അടക്കം പ്രസിഡന്റ് ട്രംപിന്റെ ഏറ്റവും അടുത്ത സഹായികള്‍ക്ക് നേര്‍ക്ക് മഗാ ക്യാമ്പിന്റെ ക്രോധം ഉയരുമ്പോള്‍ ട്രംപ് ഇനി എന്ത് ചെയ്യും. ജനുവരിയില്‍ വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നയത്തിന്റെ വിഭാഗം നയിക്കാന്‍ ഇന്ത്യന്‍ വംശജനായ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റും മസ്‌കിന്റെ അടുത്തയാളുമായ ശ്രീറാം കൃഷ്ണനെ നിയമിച്ചതിനെ തുടര്‍ന്നാണ് മാഗ ക്യാമ്പിനുള്ളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടത്. വൈദഗ്ധ്യമുള്ള കുടിയേറ്റക്കാര്‍ക്കുള്ള ഗ്രീന്‍ കാര്‍ഡിലെ കണ്‍ട്രി ക്യാപ്സ് നീക്കം ചെയ്യണമെന്ന് വാദിക്കുന്ന കൃഷ്ണന്റെ മുന്‍ പ്രസ്താവനകള്‍ ട്രംപ് അനുയായികളെ ചൊടിപ്പിക്കുന്നതാണ്. അതിദേശീയതാവാദവും സ്വദേശിവല്‍ക്കരണവും കുടിയേറ്റ വിരുദ്ധ വികാരവും തിരഞ്ഞെടുപ്പില്‍ ആളിക്കത്തിച്ചു വിജയിച്ച ട്രംപിന്റെ അനുയായികളില്‍ പലരും വിദേശ വംശജരാണെന്നതാണ് മഗാ ക്യാമ്പിലെ മൗലികവാദികളെ ചൊടിപ്പിക്കുന്നത്.

തീവ്ര വലതുപക്ഷ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ലോറ ലൂമര്‍ ശ്രീറാം കൃഷ്ണന്റെ നിയമനത്തെ ‘അഗാധമായ അസ്വസ്ഥതയുണ്ടാക്കുന്നത്’ എന്ന് ചൂണ്ടികാണിച്ചതോടെയാണ് എക്‌സില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കളമൊരുക്കിയത്. ഗ്രീന്‍ കാര്‍ഡ് പ്രക്രിയ വിദേശ പൗരന്മാരെ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ സ്ഥിര താമസിക്കാരാക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നതാണ്. എന്നിരുന്നാലും, ഇന്ത്യയെപ്പോലുള്ള യുഎസ് ഗ്രീന്‍ കാര്‍ഡിന് ഉയര്‍ന്ന ഡിമാന്‍ഡുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കുള്ള പ്രധാന തടസ്സങ്ങളിലൊന്ന് ഓരോ രാജ്യത്തിനും നിശ്ചയിച്ചിരിക്കുന്ന പരിധിയാണ്. നിലവിലെ സമ്പ്രദായം അനുസരിച്ച് ഓരോ വര്‍ഷവും ലഭ്യമാകുന്ന മൊത്തം ഗ്രീന്‍ കാര്‍ഡുകളുടെ 7%-ത്തില്‍ കൂടുതല്‍ ഡിമാന്‍ഡ് പരിഗണിച്ച് ഏതെങ്കിലും ഒരു രാജ്യത്ത് നിന്നുള്ള അപേക്ഷകര്‍ക്ക് അനുവദിക്കാനാവില്ല. യു.എസില്‍ സ്ഥിരതാമസത്തിനായി ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ ഒരു വലിയ കൂട്ടം ഉള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ഈ പരിധി വലിയ കാലതാമസമുണ്ടാക്കുന്നുണ്ട്. ഈ ഗ്രീന്‍ ക്യാപ് എടുത്തുമാറ്റണമെന്ന് വാദിച്ച ശ്രീറാം കൃഷ്ണന്‍ നിര്‍ണായക സ്ഥാനത്ത് എത്തിയതാണ് നിലവിലെ മഗാ ക്യാമ്പിലെ ചേരിപ്പോരിന് കാരണം.

എച്ച്1ബി വിസയില്‍ അമേരിക്കയിലേക്ക് കുടിയേറിയ മസ്‌ക് മികച്ച ആഗോള പ്രതിഭകളെ ആകര്‍ഷിക്കുക എന്ന ആശയം എല്ലാകാലത്തും ഉയര്‍ത്തിയതാണ്. അമേരിക്കയുടെ സാങ്കേതികവും സാമ്പത്തികവുമായ ആധിപത്യം ഉറപ്പാക്കാന്‍ ലോകമെമ്പാടുമുള്ള മികച്ച തലച്ചോറുകളെ റിക്രൂട്ട് ചെയ്യാനുള്ള അവസരം ഉണ്ടാവണം എന്ന് വാദിക്കുന്നു. എന്നാല്‍ പോപ്പുലിസ്റ്റുകള്‍ അമേരിക്കക്കാര്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ നിക്കി ഹെയ്‌ലിയെ പോലുള്ള മുന്‍ യുഎസ് അംബാസിഡര്‍മാരും അവര്‍ക്കൊപ്പം കൂടുന്നുണ്ട്. അമേരിക്കന്‍ ടാലന്റുകളില്‍ ഇന്‍വെസ്റ്റ് നടത്താനാണ് രാജ്യം ശ്രദ്ധിക്കേണ്ടതെന്ന വാക്കുകളാണ് അവരില്‍ നിന്ന് വരുന്നത്. എന്തായാലും ഇന്ത്യയടക്കം രാജ്യങ്ങളില്‍ നിന്ന് ഉയര്‍ന്ന തൊഴിലവസരവും സ്ഥിരതാമസവും പ്രതീക്ഷിച്ചെത്തുന്നവരെ ആശങ്കയിലാക്കിയിട്ടുണ്ട് ഈ മഗാ ക്യാമ്പിലെ തമ്മില്‍തല്ല്. ട്രംപിന്റെ ആദ്യ ഭരണകൂടം H-1B വിസകളില്‍ കാര്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ഓര്‍മ്മയില്‍ ട്രംപ് ഭരണത്തെ പേടിയോടെ നോക്കിയ കുടിയേറ്റക്കാര്‍ അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനകളിലെ മൃദു സമീപനത്തെ പ്രതീക്ഷയോടെയാണ് കണ്ടത്. മസ്‌കും വിവേക് രാമസ്വാമിയും ഒപ്പമുള്ള ട്രംപിന്റെ കുടിയേറ്റ നയങ്ങളുടെ ഭാവി ദിശയെക്കുറിച്ച് പ്രതീക്ഷയോടെ കാത്തിരുന്നവരെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട് ഇപ്പോഴത്തെ മഗാ ചേരിപ്പോര്.