വലത് ഒരു കെഎം ഷാജിയുണ്ടെങ്കില്‍ ഇടത് ഒരു മണിയാശാനുണ്ട് !

വിപിന്‍ദേവ് വിപി

നീയാണോടാ പെണ്ണുങ്ങളെ വഴി നടക്കാന്‍ സമ്മതിക്കാത്ത അലവലാതി ഷാജി!

അനശ്വര നടന്‍ ജയന്റെ ഈ സംഭാഷണം ഇന്ന് കേരളത്തില്‍ വീണ്ടും പ്രസക്തമാകുകയാണ്. യൂത്ത് ലീഗിന്റെ അധ്യക്ഷന്‍ കൂടിയായ കെഎം ഷാജി കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തിന്റെ ആരോഗ്യ മന്ത്രിയ്ക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വളരെ പ്രയാസപ്പെട്ട് ഒരു വാക്ക് പിന്‍വലിച്ചിട്ടുണ്ട്.

സാധനം എന്ന വാക്ക് ഷാജിയേട്ടന്‍ ഏറെ ബുദ്ധിമുട്ടിയാണ് പിന്‍വലിച്ചത്. കേരളത്തില്‍ വച്ച് പിന്‍വലിക്കാനുള്ള പ്രയാസം കാരണം അങ്ങ് ദോഹയില്‍ ചെന്നാണ് ഷാജിയേട്ടന്‍ വിവാദ പരാമര്‍ശം പിന്‍വലിച്ചത്. ഇത്രയും ത്യാഗം സഹിച്ച് കെഎം ഷാജി പരാമര്‍ശം പിന്‍വലിക്കുമ്പോഴും അദ്ദേഹത്തിന് ചില നിര്‍ബന്ധങ്ങളും നിബന്ധനകളും ഉണ്ട്.

സാധനം എന്ന വാക്ക് മാത്രമേ പിന്‍വലിക്കൂ….അതും ചെയ്തത് തെറ്റാണെന്ന ചിന്തയിലോ, പറഞ്ഞത് സ്ത്രീ വിരുദ്ധമാണെന്ന ബോധ്യത്തിലോ അല്ല. മറ്റുള്ളവര്‍ക്ക് വിഷമം ഉണ്ടാകുന്നതൊന്നും ഷാജിയേട്ടന്‍ ഇതുവരെ ചെയ്തിട്ടില്ലെന്നതുകൊണ്ട് മാത്രമാണ്. എന്നാലും എന്റെ ഷാജിയേട്ട നിങ്ങള്‍ക്കിതൊക്കെ എങ്ങനെ സാധിക്കുന്നു?

പക്ഷേ ഷാജിയേട്ടന്‍ ഇങ്ങനൊക്കെ പറയുമ്പോഴും സാധനം എന്ന വാക്കിനെ മഹത്വ വത്കരിക്കാന്‍ നാട്ടുഭാഷയെ കൂട്ടുപിടിച്ച് നടത്തിയ ആ പ്രസംഗം ഉണ്ടല്ലോ…അതാണ് ഷാജിയേട്ടന്‍ മാസ് എന്ന് യൂത്ത് ലീഗിലെ പിള്ളേരെക്കൊണ്ട് പറയിപ്പിക്കുന്നത്. എന്തായാലും ഒരു ഉളുപ്പുമില്ലാതെ സ്ത്രീ വിരുദ്ധത മൈക്ക് കെട്ടി വിളിച്ച് പറഞ്ഞിട്ട്, അതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഫാസിസ്റ്റ് തന്ത്രമാണെന്ന് കൂടി പറഞ്ഞപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നവര്‍ക്ക് ഒന്നും തോന്നിയില്ലെങ്കിലും ഷാജിയേട്ടനും കൂട്ടര്‍ക്കും രോമാഞ്ചമുണ്ടായെന്നാണ് കേള്‍ക്കുന്നത്.

വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന തരത്തില്‍ വിളിച്ച് പറഞ്ഞിട്ട് അതൊരു സ്ത്രീ ആയതുകൊണ്ടല്ലെന്നും അവരെ ഇകഴ്ത്തി കാണിക്കാനല്ലെന്നും പറയാന്‍ യൂത്ത് ലീഗിന്റെ ഗര്‍ജ്ജിക്കുന്ന സിംഹത്തിന് സാധിച്ചുവെന്നതാണ് അത്ഭുതം. മാത്രമല്ല ലിംഗ സമത്വത്തെ കുറിച്ചും, സ്ത്രീ സമത്വത്തെ കുറിച്ചും ഘോര ഘോരം പ്രസംഗിച്ചുകൊണ്ട് ഷാജിയേട്ടന്‍ പിന്നെയും ചോദിക്കുന്നുണ്ട് ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും എന്തിനാ രണ്ട് ഭാഷയെന്ന്.

കെഎം ഷാജി ഉദ്ദേശിച്ചത് എന്താണെന്ന് മനസിലാകാത്തവര്‍ക്ക് ഒന്ന് മനസിലായി. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും കേരളത്തില്‍ വ്യത്യസ്ത ഭാഷകളൊന്നുമില്ല. പക്ഷേ കെഎം ഷാജിയെ പോലുള്ളവര്‍ക്ക് ഇവിടെ ഒറ്റ ഭാഷയേ ഉള്ളൂ. അത് ആണധികാരത്തിന്റെ ധാര്‍ഷ്ഢ്യത്തിലൂന്നിയ തോന്ന്യാസത്തിന്റെ ഭാഷയാണ്. ദോഹയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉറഞ്ഞ് തുള്ളി നിന്ന ഷാജിയേട്ടന് ശരിക്കും ഇപ്പോഴും സ്ത്രീ എന്താണ് വിരുദ്ധത എന്താണെന്ന് മനസിലായിട്ടില്ല.

കേരളത്തിലെ ഷാജിയേട്ടന്‍മാര്‍ക്ക് ഇതൊന്നും മനസിലാക്കാന്‍ സാധിക്കാത്തത് കൊണ്ട് ഇവര്‍ കാലാ കാലങ്ങളില്‍ ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും. ഷാജി പ്രസംഗത്തില്‍ ആവര്‍ത്തിച്ച് പറയുന്ന ഒന്നുണ്ട് സാധനം ഞാന്‍ പിന്‍വലിക്കുന്നു പക്ഷേ അന്തവും കുന്തവും പിന്‍വലിക്കില്ല. അതെന്താ ഷാജിയേട്ടാ അതുകൂടി പിന്‍വലിച്ചാല്‍ എന്ന് ചോദിക്കരുത്. അതിനും ഷാജിയേട്ടന് ഉത്തരമുണ്ട്. ആരോഗ്യ മേഖലയുടെ തലപ്പത്തിരിക്കുന്ന മന്ത്രിയ്ക്ക് അന്തവും കുന്തവുമില്ല എന്ന് പറയുന്നതില്‍, മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛനും പിന്നെ കെഎം ഷാജിയ്ക്കും മാത്രം മനസിലാകുന്ന ചില പ്രത്യേക അര്‍ത്ഥങ്ങളുണ്ട്.

മാത്രമല്ല, ഷാജിയേട്ടന്‍ പികെ ശ്രീമതിയ്ക്ക് ഒരു ഉപദേശം കൂടി നല്‍കുന്നുണ്ട് പ്രസംഗത്തില്‍. സ്ഥിരമായി എംഎം മണിയുടെ പ്രസംഗം കേള്‍ക്കുന്നതാണ് തന്റെ പ്രസംഗത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് തോന്നാന്‍. എംഎം മണിയുടെ പ്രസംഗം വച്ച് തന്നെ വിലയിരുത്തരുതെന്നാണ് ഷാജിയേട്ടന്റെ ഉപദേശം. കെഎം ഷാജി ആ പറഞ്ഞതില്‍ ചില കാര്യങ്ങളില്ലേയെന്ന് കേള്‍ക്കുന്നവര്‍ക്കും തോന്നും. അതില്‍ കുറ്റം പറയാന്‍ സാധിക്കില്ല.

മണിയാശാന് പിന്നെ ആരോടും എന്തും പറയാനുള്ള ലൈസന്‍സ് അദ്ദേഹം നേരത്തേ തന്നെ നേടിയെടുത്തതാണ്. അത് ഇടുക്കിയില്‍ നടത്തിയ വിവാദ പ്രസംഗം ആയാലും, പൊമ്പിളൈ ഒരുമൈ സമരത്തെ കുറിച്ചുള്ള പ്രതികരണം ആയാലും എല്ലാം മണിയാശാന് നാട്ട് ഭാഷയാണ്. കാര്യം ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ലല്ലോ…..ക്ഷമിക്കണം മണിയാശാന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ലല്ലോ….

മണിയാശാന്റെ നാട്ടുഭാഷയ്ക്ക് സിപിഎമ്മിന്റെ കണ്ണില്‍ ഒരു പ്രശ്നവുമില്ല. അതുകൊണ്ടാണല്ലോ കഴിഞ്ഞ ദിവസം ഉടുമ്പന്‍ചോലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിലും തെറിയഭിഷേകം നടത്തിയതിലും സംസ്ഥാന സര്‍ക്കാരിന് ഒരു പരാതിയുമില്ലാത്തത്. തങ്ങള്‍ രാഷ്ട്രീയം കളിക്കാനിറങ്ങിയാല്‍ നീയൊന്നും ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞതില്‍ എന്താ സ്ത്രീ വിരുദ്ധത അല്ലേ….? ആ പറഞ്ഞതില്‍ സ്ത്രീ വിരുദ്ധത തീരെയില്ല….സ്വതസിദ്ധമായ നാട്ടുഭാഷയിലെ ഭീഷണി മാത്രമേ ഉള്ളൂ….

Read more

പറയുന്നത് മണിയാശാന്‍ ആയതുകൊണ്ട് അത്ഭുതപ്പെടാനുമില്ല. പക്ഷേ തുടര്‍ന്ന് പറഞ്ഞ വാചകങ്ങള്‍ സിപിഎമ്മുകാര്‍ ഓര്‍ക്കുന്നുണ്ടോ. കേട്ടവര്‍ക്ക് ഓര്‍മ്മയുള്ളതുകൊണ്ട് പറയാം. അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച് മണിയാശാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ചോദിച്ചത് നിന്റെയൊക്കെ അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുക്കാന്‍ പറഞ്ഞോ എന്നാണ്. ഇടുക്കിയിലെ നാട്ടുഭാഷയില്‍ അമ്മയും പെങ്ങളും സ്ത്രീകള്‍ ആയിരിക്കില്ലെന്ന വിശ്വാസത്തോടെ ഒരു കാര്യം ഉറപ്പിക്കാം. വലത് ഒരു കെഎം ഷാജിയുണ്ടെങ്കില്‍ ഇടത് ഒരു മണിയാശാനുണ്ട് ഇഞ്ചോടിച്ച് പോരാടാനായി.