ബിജെപി വിഴുങ്ങുമോ നിതീഷിന്റെ പാര്‍ട്ടി, അതോ 'ഇന്ത്യ' പിടിക്കുമോ ബിഹാര്‍

ബിഹാറിലെ തിരഞ്ഞെടുപ്പ് റാലികളില്‍ എന്‍ഡിഎയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കി വാഴുമ്പോള്‍ പലയിടങ്ങളിലും മങ്ങിപ്പോകുന്ന ഒരു പേരുണ്ട്. കുറച്ചു മാസങ്ങള്‍ മുമ്പ് ഇന്ത്യ മുന്നണിയെ ഒന്നടങ്കം ചതിച്ചിട്ട് ബിജെപി കോട്ട തേടിപ്പോയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പണ്ടും മഹാഗഡ്ബന്ധന്‍ എന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ നിരയെ പറ്റിച്ച് ചാടിപ്പോയ നിതീഷ് കുമാറിനെ വീണ്ടും പ്രതിപക്ഷ ഐക്യത്തിന്റെ വക്താവായി കണ്ടുവെന്ന തെറ്റ് മാത്രമാണ് ബിജെപിയ്ക്കും നരേന്ദ്ര മോദിയ്ക്കും എതിരായി ഒന്നിച്ചു ചേര്‍ന്ന പ്രതിപക്ഷ ഐക്യനിര ചെയ്തിരുന്നുള്ളു. ഒരിക്കല്‍ ബിജെപി തങ്ങളെ അപ്പാടെ വിഴുങ്ങുമെന്ന് കണ്ടാണ് പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നതെങ്കില്‍ ഇക്കുറി സ്ഥാനമാനങ്ങള്‍ ഉറപ്പിച്ചു നിര്‍ത്താനായിരുന്നു നിതീഷിന്റെ കുതുകാല്‍വെട്ട്. പക്ഷേ ബിഹാറില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ നിതീഷ് കുമാറിന്റെ ആസന്നമായ പതനത്തിന്റെ സൂചനകളാണ്.

എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന നിതീഷ് കുമാറിനു പക്ഷേ പണ്ടേ പോലെ കാര്യങ്ങള്‍ ഫലിക്കുന്നില്ലെന്ന് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. ഭരണവിരുദ്ധ വികാരം ഇരയ്ക്കുന്ന ബിഹാറില്‍ തങ്ങള്‍ക്കൊപ്പം നിന്ന് ചീര്‍ത്ത ബിജെപി ജെഡിയുവിനെ അപ്പാടെ വിഴുങ്ങന്നതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ 17 സീറ്റുകളിലാണ് മല്‍സരിക്കുന്നത്. ജെഡിയുവാകട്ടെ 16 സീറ്റില്‍ ഒതുങ്ങി. ചിരാഗ് പസ്വാന്റെ എല്‍ജെപി അഞ്ച് സീറ്റിലും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച 1 സീറ്റിലും ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച ഒരു സീറ്റിലുമാണ് മല്‍സരിക്കുന്നത്.

നിലവില്‍ ബിജെപിയ്ക്ക് 17 എംപിമാരും നിതീഷിന്റെ ജെഡിയുവിന് 16 എംപിമാരുമാണുള്ളത്. 2009ല്‍ ഒന്നിച്ച് മല്‍സരിച്ചപ്പോള്‍ മുതല്‍ ബിജെപിയും ജെഡിയുവും സീറ്റുകളില്‍ അടുത്തടുത്ത് വന്നാലും ജെഡിയുവിന് പ്രകടമായ മേല്‍ക്കൈ ഉണ്ടായിരുന്നു. എന്നാല്‍ മോദിക്കാലത്തേയ്ക്ക് വന്നതോടെ ജെഡിയുവിന്റെ മേല്‍ക്കൈ ഇല്ലാതാവുകയും ബിഹാറില്‍ ബിജെപിയുടെ സഖ്യകക്ഷി എന്ന നിലയില്‍ സഖ്യത്തിലെ ഒരാള്‍ എന്ന നിലയിലേക്ക് നിതീഷിന്റെ പാര്‍ട്ടി മാറി. ബിജെപി ബിഹാറില്‍ നിതീഷിനൊപ്പം നിന്ന് കരുത്താര്‍ജ്ജിച്ചപ്പോള്‍ ജെഡിയു ശോഷിച്ചു. 2009ല്‍ ലോക്‌സഭയില്‍ ജെഡിയുവിന് 20ഉം ബിജെപിയ്ക്ക് 12ഉം ആയ ഇടത്ത് നിന്ന് 2019ല്‍ 17 ബിജെപിയ്ക്ക് 16 ജെഡിയുവിന് എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഇതിലും ഭീകരമാണ് നിയമസഭയില്‍ ജെഡിയുവിന് നഷ്ടമായ മുന്‍ഗണന. പാര്‍ട്ടിയുടെ നിയമസഭാ സീറ്റുകള്‍ 2015-ല്‍ 71-ആയിരുന്നിടത്ത് നിന്ന് 2020-ല്‍ 45-ലേക്ക് കുത്തനെ ഇടിഞ്ഞു. ഇതിന് പിന്നില്‍ ഒപ്പം നിന്ന ബിജെപിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പിന്നീട് പല കളിയ്ക്കും നിതീഷ് നിന്നത്. ബിജെപിയുടെ സംസ്ഥാനത്തെ വളര്‍ച്ച 2015ല്‍ 53-ആയിരുന്നിടത്ത് നിന്ന് 2020ല്‍ 78-ലേക്ക് ഉയര്‍ന്നു. ബിഹാറിലെ വലിയ ഒറ്റകക്ഷി ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി ആയിരുന്നിട്ടും ബിജെപിയ്ക്ക് ഒപ്പം ചേര്‍ന്ന് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചു.

ജെഡിയു മത്സരിക്കുന്ന മിക്കവാറും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാനെ സ്വാധീനിച്ച ബിജെപി നിതീഷ് കുമാറിന്റെ വോട്ട് ഭിന്നിപ്പിച്ചാണ് സംസ്ഥാനത്ത് കൊടുകുത്തി വാണത്. സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി വിഴുങ്ങുന്ന ബിജെപിയെ പേടിച്ച് 2022ല്‍ മഹാസഖ്യത്തിനൊപ്പമെത്തിയിരുന്നു നിതീഷ് കുമാര്‍. വലിയ ഒറ്റകക്ഷിയായിട്ടും മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നല്‍കാന്‍ വിട്ടുവീഴ്ച ചെയ്ത ലാലു പ്രസാദ് യാദവിനേയും കോണ്‍ഗ്രസ് സഖ്യത്തേയും ആ അവസരത്തില്‍ ഉപയോഗിച്ച് ഇന്ത്യ സഖ്യത്തിന് മുന്‍കൈയ്യുമെടുത്ത ശേഷം തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലാണ് എല്ലാവരേയും ഞെട്ടിച്ച് വീണ്ടും എന്‍ഡിഎ ക്യാമ്പിലേക്ക് നിതീഷ് ഈ ജനുവരിയില്‍ പോയത്.

ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ ബിജെപി ബിഹാറില്‍ മുഖ്യ പ്രചാരകരായി കൊടുകുത്തി വാഴുമ്പോള്‍ അരികുവല്‍ക്കരിക്കപ്പെടുന്നത് ജെഡിയുവല്ല, മറിച്ച് നിതീഷ് കുമാര്‍ എന്ന നേതാവാണ്. ജെഡിയുവിനെ സഖ്യകക്ഷിയായി സീറ്റ് വിജയിപ്പിച്ചെടുക്കാന്‍ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാട് പെടുന്നുണ്ടെങ്കിലും രണ്ടാം തരക്കാരനായത് നിതീഷാണ്. ബിഹാറിലെ സിറ്റിംഗ് എംപിമാര്‍ ഭരണവിരുദ്ധത നേരിടുന്നുണ്ടെന്നും എന്‍ഡിഎ ഇറക്കിയ ജാതി-രാഷ്ട്രീയത്തിനും മുന്‍പ് നിതീഷ് കുമാര്‍ സ്വീകരിച്ച ജാതി സെന്‍സസ് രാഷ്ട്രീയത്തിനും തമ്മിലുള്ള ഭിന്നത വോട്ടര്‍മാര്‍ നോക്കി കാണുന്നുണ്ടെന്നാണ് ബിജെപി അവലോകനം. പ്രതിപക്ഷത്തിന്റെ ആവേശകരമായ പ്രചാരണത്തിന് പിന്നാലെ മോദി കാര്യങ്ങള്‍ നേരിട്ടേറ്റെടുത്തതും നിതീഷ് കുമാറിനെ ഒതുക്കിയതിന് തുല്യമായിരുന്നു. ബിജെപിക്കാര്‍ മാത്രമല്ല ജെഡിയുവിലെ ഒരു വിഭാഗവും തങ്ങള്‍ക്ക് കിട്ടുന്ന വോട്ട് മോദി മാജിക്കിന്റെ ബാക്കിപത്രം മാത്രമാണെന്ന് കരുതുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ‘മോദി ഫാക്ടറാണ്’ ബിഹാറിലെ പ്രധാന തിരഞ്ഞെടുപ്പായുധമായി ബിജെപി ആശ്രയിക്കുന്നത്, കേന്ദ്രം പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പാര്‍ട്ടി പ്രചാരണം. ഇതും തിരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാറിന് ബാധ്യതയാകും.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിഹാറിന്റെ നിലവിലെ നിയമസഭയുടെ കാലാവധി 2025 നവംബറിലാണ് അവസാനിക്കുക. അതുവരെ, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് സുരക്ഷിതനാണ്. എന്നാല്‍ 18 മാസം പിന്നിടുമ്പോള്‍ കാര്യങ്ങള്‍ അത്ര ഗുണകരമാകില്ല നിതീഷിന്. ഭരണവിരുദ്ധ വികാരത്തിനൊപ്പം എന്‍ഡിഎയില്‍ നിന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), കോണ്‍ഗ്രസ് എന്നിവയ്ക്കൊപ്പമുള്ള മഹാഗത്ബന്ധനിലേക്കും തിരിച്ചു ബിജെപിയിലേക്കും പിന്നീട് ഇന്ത്യ സഖ്യത്തിലേക്കും അവിടുന്ന് വീണ്ടും ബിജെപിയിലേക്കും പതിവായി ചാടുന്ന നിതീഷ് കുമാറിന്റെ വിശ്വാസ്യത വോട്ടര്‍മാര്‍ക്ക് സംശയമായി മാറി കഴിഞ്ഞിരിക്കുന്നു. നിതീഷിന്റെ വോട്ട് ബാങ്ക് ചോര്‍ത്തി വലുതായി ബിഹാറില്‍ വളരുന്ന ബിജെപിയ്ക്ക് ഇനിയൊരു ഘട്ടത്തില്‍ നിതീഷ് കുമാര്‍ രണ്ടാം തരക്കാരന്‍ പോലുമാവില്ല. മഹാരാഷ്ട്രയിലെ എന്‍സിപിയും ശിവസേനയും പോലൊരു പിളര്‍പ്പിന് പോലും ജെഡിയുവിനെ തളയ്ക്കാന്‍ ബിജെപി ശ്രമിയ്ക്കുമെന്നതിലും തര്‍ക്കമില്ല. 10 കൊല്ലത്തില്‍ അഞ്ച് വട്ടം മലക്കം മറിഞ്ഞ നിതീഷ് കുമാര്‍ തന്റെ രാഷ്ട്രീയ സാധ്യതകള്‍ കൂടിയാണ് ഈ തിരഞ്ഞെടുപ്പില്‍ തുലാസിലാക്കിയത്. ഇന്ത്യ മുന്നണിയാണ് ബിഹാറില്‍ വിജയിക്കുന്നതെങ്കില്‍ ഇനിയൊരു ചാട്ടത്തിനുള്ള സാധ്യത പോലുമില്ലാതെ നിതീഷ് ഒതുങ്ങും. ബിജെപിയാണ് മേല്‍ക്കൈ നേടുന്നതെങ്കില്‍ ജെഡിയുവിന് കരുത്തുകാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ സംസ്ഥാന സര്‍ക്കാരിലും നിതീഷിന്റെ കാര്യം പരുങ്ങലിലാവും. കാരണം ബിഹാറിലെ 243 അംഗ സഭയില്‍ എന്‍ഡിഎയ്ക്ക് 82 എംഎല്‍എമാരുണ്ട്. ജെഡിയുവിന് 45 മാത്രമാണുള്ളത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്കും കോണ്‍ഗ്രസ് അടക്കമുള്ള സഖ്യകക്ഷികള്‍ക്കും കൂടി 115 സീറ്റുണ്ട്. നിതീഷിന്റെ ജെഡിയുവിന് 45 സീറ്റ് മാത്രമാണെന്നിരിക്കെ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി ജെഡിയുവിന് എത്ര സീറ്റ് നല്‍കുമെന്ന് കണ്ടറിയണം. ലോക്‌സഭയില്‍ ശോഷിച്ച പോലെ നിയമസഭയിലും ബിജെപിയ്ക്ക് മുന്നില്‍ വമ്പന്‍ തോല്‍വിയാകും സഖ്യത്തിനുള്ളില്‍ നിതീഷ് കുമാര്‍.