എം വി ഗോവിന്ദന്‍ സി പി എമ്മില്‍ പിടിമുറുക്കുകയാണോ? സി പി എമ്മില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്നാല്‍ പാര്‍ട്ടിയുടെ പരമാധികാരി തന്നെയാണ്. പിണറായി വിജയനും വി എസ് അച്യുതാനന്ദനുമൊക്കെ അത്തരത്തില്‍ ഉരുക്കു മുഷ്ടികൊണ്ട് പാര്‍ട്ടിയെ നയിച്ചവരാണ്.കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസാക്കി ഏകീകരിക്കാന്‍ മന്ത്രിസഭയെടുത്ത തിരുമാനം പിന്‍വലിക്കേണ്ടി വന്നത് സി പി എം സംസ്ഥാന സെക്രട്ടറിയുടെ കര്‍ശനമായ ഇടപെടല്‍ കൊണ്ടായിരുന്നു. അപ്പോഴാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചെറിയ മീനല്ല എന്ന കാര്യം എല്ലാവരും മനസിലാക്കിത്തുടങ്ങുന്നത്.
പാര്‍ട്ടിയോടാലോചിക്കാതെയും ചര്‍ച്ച ചെയ്യാതെയുമാണ് ധനകാര്യവകുപ്പ് ഇത്തരത്തിലൊരു തിരുമാനം കൈക്കൊണ്ടതെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. നയപരമായ കാര്യങ്ങള്‍ പാര്‍ട്ടിയോടാലോചിക്കാതെ കൈക്കൊണ്ടാല്‍ അത് അംഗീകരിക്കാന്‍ പറ്റില്ലന്ന കൃത്യമായ സന്ദേശമാണ് അദ്ദേഹം സര്‍ക്കാരിന് നല്‍കിയത്. ഫലമോ, സര്‍ക്കാരിന് ആ ഉത്തരവ് മരവിപ്പിക്കേണ്ടിവന്നു.കഴിഞ്ഞ 29നാണ് മുന്നെണ്ണമൊഴിച്ചുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസാക്കി നിജപ്പെടുത്തിക്കൊണ്ട് ധനകാര്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പിന്നീട് ചേര്‍ന്ന മന്ത്രി സഭാ യോഗം അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും പ്രതിപക്ഷവും പ്രതിപക്ഷ യുവജനസംഘടനകളും ശക്തമായ പ്രതിഷേധമുയര്‍ത്തി. ഭരണകക്ഷി വിലാസം യുവജനസംഘടനകള്‍ക്ക് നില്‍ക്കക്കള്ളിയില്ലാത്തത് കൊണ്ട് അവരും അതിശക്തമായി തന്നെ എതിര്‍ത്തു.
അപ്പോഴാണ് സി പിഎം സംസ്ഥാന സെക്രട്ടറിയെന്ന നിലയിലുള്ള എം വി ഗോവിന്ദന്റെ ഇടപെടല്‍. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് പോലെയുള്ള ദൂരവ്യാപകമായ സാമൂഹ്യ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കാര്യങ്ങള്‍ പാര്‍ട്ടിയോടാലോചിക്കാതെ നടപ്പാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. ഈ ഉത്തരവിറങ്ങിയതിനെക്കുറിച്ച് പാര്‍ട്ടിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. അത് കൊണ്ട് ഈ നിലപാടു അംഗീകരിക്കാനും കഴിയില്ല എന്നാണ് എം വി ഗോവിന്ദന്‍ തുറന്ന് പറഞ്ഞത്. ഇത്തരം നിര്‍ണ്ണായകമായ തിരുമാനങ്ങള്‍ എടുക്കുമ്പോഴെല്ലാം മുന്‍ കാലങ്ങളില്‍ പാര്‍ട്ടിയോട് ആലോചിച്ചേ ചെയ്യാറുണ്ടായിരുന്നുള്ളുവെന്നും എന്നാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ അങ്ങിനെയുണ്ടായില്ലന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുകയു ചെയ്തു.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ സി പി എം യുവജനസംഘടനകളായ ഡി വൈ എഫ് ഐ യും എസ് എഫ് ഐ യും സി പി ഐ യുടെ യുവജന സംഘടനയായ എ ഐ എസ് എഫും എടുത്ത നിലപാടുകളെ എം വി ഗോവിന്ദന്‍ ശക്തിയായി പിന്താങ്ങുകയും ചെയ്തിരുന്നു. ഇതോടെ സി പിഎം സംസ്ഥാന കമ്മിറ്റി പെന്‍ഷന്‍പ്രായം ഉയര്‍ത്തലിനെതിരെ ശക്തമായ നിലപാട് എടുക്കും എന്ന നില വന്നു. അതോടെ മുഖ്യമന്ത്രിയും കളം മാറ്റി. ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കാന്‍ പിണറായി നിര്‍ദേശിച്ചതോടെ വലിയൊരു പ്രതിസന്ധിയില്‍ നിന്ന് സി പി എമ്മും അതിന്റെ യുവജന സംഘടനകളും രക്ഷപെടുകയായിരുന്നു.
ഈ ഉത്തരവിന്റെ ചുവട് പിടിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായവും ഉയര്‍ത്തുമെന്ന സൂചനകളും ഉണ്ടായതോടെയാണ് പാര്‍ട്ടിക്ക് ഇടപടേണ്ടി വന്നത്. ഒരു കാരണവശാലും പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ പാടില്ലന്നാണ് സി പിഎം പറയുന്നത്. എന്നാല്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അതല്ലാതെ വേറെ ഒരു മാര്‍ഗവുമില്ല. ഓരോ മാസം കൂടൂമ്പോഴും രണ്ടായിരം കോടി രൂപ കടമെടുത്താണ് സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും കൊടുക്കുന്നത്. അത് കൊണ്ട് തന്നെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ സര്‍ക്കാരിന് വലിയൊരു സാമ്പത്തികാശ്വാസമായിരിക്കും ലഭിക്കുക. എന്നാല്‍ അത്തരത്തിലൊരു നീക്കവും പാടില്ലന്നാണ് സി പി എം സര്‍ക്കാരിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Read more
മുഖ്യമന്ത്രി പിണറായി വിജയന്റെ നോമിനി എന്ന നിലയിലാണ് എം വി ഗോവിന്ദന്‍ സി പി എം സംസ്ഥാന സെക്രട്ടറിയാകുന്നത്. എന്നാല്‍ ഇപ്പോള്‍ പിണറായിയുടെ നിഴലില്‍ ഒതുങ്ങി നില്‍ക്കുന്ന വെറും സെക്രട്ടറിമാത്രമായിരിക്കില്ല താന്‍ എന്ന് അദ്ദേഹം തെളിയിക്കുകയാണ്. പൊളിറ്റ് ബ്യുറോയില്‍ എത്തിയതോടെ കേരളത്തിലെ ഏറ്റവും ശക്തനായ സി പി എം നേതാവുകൂടിയായിക്കഴിഞ്ഞു അദ്ദേഹം. സര്‍ക്കാര്‍ എടുക്കുന്ന നയപരമായ തിരുമാനങ്ങള്‍ക്കൊക്കെ പാര്‍ട്ടിയുടെ അംഗീകാരം വേണമെന്നും അല്ലാത്ത പക്ഷം അത്തരം തിരുമാനങ്ങളില്‍ നിന്ന് സര്‍ക്കാരിന് പിന്നോക്കം പോകേണ്ടിവരുമെന്നുമുളള സന്ദേശമാണ് എം വി ഗോവിന്ദന്‍ നല്‍കുന്നത്. ആരുടെയെങ്കിലും ആജ്ഞാനുവര്‍ത്തിയായി ചരിത്രത്തില്‍ മറഞ്ഞ് പോകാനല്ല മറിച്ച് ആജ്ഞാശക്തിയുള്ള നേതാവായി പാര്‍ട്ടിയെ നയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് എം വി ഗോവിന്ദന്‍ സംശയലേശമന്യേ പറയുന്നതും പ്രവര്‍ത്തിച്ച് തെളിയിക്കുന്നതും കരുത്തന്‍മാര്‍ക്കൊപ്പമേ പാര്‍ട്ടി നില്‍ക്കൂവെന്ന് ഇ എം എസും അച്യുതാനന്ദനും, പിണറായിയുമെല്ലാം തെളിയിച്ച ചരിത്രവും എം വി ഗോവിന്ദന്റെ മുന്നിലുണ്ട്.