ഇന്ത്യയിൽ ക്രിസ്ത്യാനികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചതായി റിപ്പോർട്ട്. 2024ൽ ഇന്ത്യയിലുടനീളം ക്രിസ്ത്യാനികൾക്കെതിരായ അക്രമത്തിലും വിവേചനത്തിലും അഭൂതപൂർവമായ വർധനവുണ്ടായതായി ഇന്ത്യയിലെ ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് റിലീജിയസ് ലിബർട്ടി കമ്മീഷന്റെ (EFIRLC) റിപ്പോർട്ടിൽ പറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ആറു ശതമാനം വർധിച്ചുവെന്നാണ് റിപ്പോർട്ട്.
2024ൽ മാത്രം ആക്രമണം, ബഹിഷ്‌കരണം, പള്ളികൾക്ക് നേരെയുള്ള അതിക്രമങ്ങൾ, പ്രാർഥനാ യോഗങ്ങൾ തടസ്സപ്പെടുത്തൽ തുടങ്ങി 640 സംഭവങ്ങളുണ്ടായതായി ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ റിലീജിയസ് ലിബർട്ടി കമ്മീഷൻ പറയുന്നു. 840ലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും, കമ്മീഷന് 640 കേസുകൾ മാത്രമേ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. എന്നാൽ യഥാർത്ഥ സംഖ്യ ഇതിലും കൂടുതൽ ആയിരിക്കും, കാരണം പലതും ഭീഷണിയും ഭയവും കാരണം റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്നും കമ്മീഷൻ പറയുന്നു.
ദിവസവും ശരാശരി നാലോ അഞ്ചോ പാസ്റ്റർമാർ അക്രമിക്കപ്പെടുന്നു. എല്ലാ ഞായറാഴ്ചയും സംഭവങ്ങൾ ഇരട്ടിയാകുന്നു. മതപരിവർത്തന നിയമങ്ങൾ ഉപയോഗിച്ച് ക്രിസ്‌ത്യാനികളെ അടിച്ചമർത്തുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2023ൽ 601 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്‍തത്. 2014ൽ ഇത് 147 ആയിരുന്നു.
ബിജെപിയുടെയും ആർഎസ്‌എസിന്റെയും നേതൃത്വത്തിലാണ് അക്രമങ്ങളെന്ന് ഇന്റർനാഷണൽ ക്രിസ്‌ത്യൻ കൺസേണിന്റെ 2025ലെ ഗ്ലോബൽ പെർസിക്യൂഷൻ ഇൻഡെക്‌സ് കണ്ടെത്തി.
ജനസംഖ്യയുടെ 2.3 ശതമാനം മാത്രം വരുന്ന ക്രൈസ്‌തവ ന്യൂനപക്ഷങ്ങൾ രാജ്യത്ത് വലിയതോതിൽ വിവേചനം നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഉത്തർപ്രദേശ് (188 സംഭവങ്ങൾ), ഛത്തീസ്ഗഡ് (150), രാജസ്ഥാൻ (40), പഞ്ചാബ് (38), ഹരിയാന (34) എന്നിവയാണ് ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന സംസ്ഥാനങ്ങളായി റിപ്പോർട്ടിലുള്ളത്. പഞ്ചാബും രാജസ്ഥാനും മതപരമായ പീഡനത്തിന്റെ പുതിയ കേന്ദ്രങ്ങളായി ഉയർന്നുവന്നിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
പാസ്റ്റർമാർക്കും ആരാധകർക്കും നേരെയുള്ള ശാരീരിക ആക്രമണം, പ്രാർത്ഥനാ യോഗങ്ങളും പള്ളി സേവനങ്ങളും തടസപ്പെടുത്തൽ, പള്ളി സ്വത്തുക്കൾ നശിപ്പിക്കൽ, സാമൂഹിക ബഹിഷ്‌കരണങ്ങളും സമൂഹ വിഭവങ്ങൾ നിഷേധിക്കലും, മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ കീഴിൽ ഏകപക്ഷീയമായ അറസ്റ്റുകൾ, സാമ്പത്തിക നഷ്ടവും നിർബന്ധിത സ്ഥലം മാറ്റവും തുടങ്ങിയ പീഡനങ്ങളാണ് പൊതുവെ രാജ്യത്ത് ക്രിസ്ത്യാനികൾ നേരിടുന്നത്.
നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മതപരിവർത്തന വിരുദ്ധ നിയമങ്ങൾ ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനായി എങ്ങനെ വ്യവസ്ഥാപിതമായി ദുരുപയോഗം ചെയ്യുന്നുവെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. നിരവധി കേസുകളിൽ, പതിവ് പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തുന്ന പാസ്റ്റർമാർ അറസ്റ്റ് ചെയ്യപ്പെടുകയും തെളിവുകളില്ലാതെ ‘നിർബന്ധിത മതപരിവർത്തന’ നിയമം ചുമത്തുകയും ചെയ്തു.
കഴിഞ്ഞ വർഷം 4 ക്രിസ്ത്യാനികളുടെ കൊലപാതകങ്ങൾക്ക് പുറമേ, 255 ഭീഷണി, പീഡന സംഭവങ്ങൾ, 129 അറസ്റ്റ് സംഭവങ്ങൾ, 76 ശാരീരിക അക്രമ സംഭവങ്ങൾ, 60 ലിംഗാധിഷ്ഠിത അക്രമ സംഭവങ്ങൾ, 46 ആരാധനാക്രമങ്ങൾ തടസപ്പെടുത്തൽ, 41 നശീകരണ പ്രവർത്തനങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ പീഡനങ്ങൾ നടന്നതായി EFIRLC രേഖപ്പെടുത്തിയിരിക്കുന്നത്.
ജനുവരിയിലാണ് ഏറ്റവും കൂടുതൽ സംഭവങ്ങൾ (71) ഉണ്ടായത്, തുടർന്ന് സെപ്റ്റംബർ (68), മാർച്ച് (64), ഒക്ടോബർ (62) എന്നിവ. ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന പൊതു തിരഞ്ഞെടുപ്പുകൾക്കിടയിലു പീഡനം തുടർന്നു. ഓരോ മാസവും 45 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ക്രിസ്ത്യൻ വിരുദ്ധ സംഭവങ്ങളുടെ കേന്ദ്രമായി ഉത്തർപ്രദേശ് തുടരുകായണ്. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പാസ്റ്റർമാരെയും മറ്റ് ക്രിസ്ത്യാനികളെയും അറസ്റ്റ് ചെയ്യുന്നത് പതിവാകുന്നു. 38 സംഭവങ്ങൾ രേഖപ്പെടുത്തിയ പഞ്ചാബിൽ, ക്രിസ്മസ് സീസണിൽ മാത്രം 11 ആക്രമണങ്ങൾ നടന്നു.
ക്രിസ്ത്യാനികൾക്കെതിരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ചില കേസുകൾ
- ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ ഖാഗയിൽ, ഡിസംബർ 27ന് പാസ്റ്റർ ശിവഭരനെ മർദ്ദിക്കുകയും, ബലമായി മൊട്ടയടിക്കുകയും, ഗ്രാമത്തിലൂടെ പരേഡ് ചെയ്യുകയും ചെയ്തു. സംരക്ഷണം ലഭിക്കുന്നതിനുപകരം, സംസ്ഥാനത്തിന്റെ മതപരിവർത്തന വിരുദ്ധ നിയമപ്രകാരം അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തി.

ശിവഭരൻ
- ഛത്തീസ്ഗഢ് സംസ്ഥാനത്തെ സുക്മ ജില്ലയിൽ 2024 ഫെബ്രുവരി 12ന്, ഗ്രാമവാസികൾ ആയ്തു പൊടിയാമിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി, ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണ അവരുടെ ക്രിസ്ത്യൻ വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഗ്രാമ കൗൺസിൽ അവരെ വിളിച്ചുവരുത്തി ഒരു അന്ത്യശാസനം നൽകി. ക്രിസ്തുമതം ഉപേക്ഷിക്കുക അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടുക. ക്രിസ്ത്യാനികൾ വിസമ്മതിച്ചപ്പോൾ, ഗ്രാമവാസികൾ അവരെ ക്രൂരമായി മർദ്ദിച്ചു, ആയ്തുവിന്റെ പിതാവിന് ഗുരുതരമായ പരിക്കുകൾ വരുത്തി, ആശുപത്രിയിൽ പ്രവേശിപ്പിച്ച. ആക്രമണം കുടുംബത്തെ ഗ്രാമം ഉപേക്ഷിച്ച് മറ്റെവിടെയെങ്കിലും പോയി ജീവിക്കാൻ നിർബന്ധിതരാക്കി.
- മെയ് 4ന് ഛത്തീസ്ഗഡിലെ ബസ്തറിൽ, ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന് ഭാര്യയുടെ മുന്നിൽ വെച്ച് ഒരു ജനക്കൂട്ടം 22 വയസുള്ള കോസ കവാസിയെ കൊലപ്പെടുത്തി. ആഴ്ചകൾക്ക് മുമ്പ്, അദ്ദേഹം പൊലീസിൽ വധഭീഷണി നേരിടുന്നുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും അവർ അദ്ദേഹത്തിന്റെ അപേക്ഷ അവഗണിച്ചു. ഗ്രാമവാസികൾ ക്രിസ്ത്യൻ കുടുംബങ്ങളെ ഒരു ഗോത്ര ഉത്സവത്തിൽ നിന്ന് വിലക്കിയതിനെ തുടർന്നാണ് ആക്രമണം ആരംഭിച്ചത്.കവാസിയുടെ അമ്മാവനും ബന്ധുവും ഉൾപ്പെടെ 20 ഓളം പേർ വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി. തുടർന്ന് കവാസിയെ മരക്കഷണങ്ങൾ കൊണ്ട് അടിക്കുകയും, പിന്നീട് കുത്തുകയും, കോടാലി കൊണ്ട് അടിക്കുകയും ചെയ്തു. ആക്രമണത്തിൽ ഭാര്യ രക്ഷപ്പെട്ടു. അതേ ദിവസം തന്നെ, മറ്റ് അഞ്ച് ക്രിസ്ത്യൻ കുടുംബങ്ങൾ ജീവൻ രക്ഷിക്കാൻ വേണ്ടി നാടും വീടും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

കൊല്ലപ്പെട്ട കോസ കവാസിയുടെ ഭാര്യ ജിം കവാസി
- പഞ്ചാബിലെ ജലന്ധർ ജില്ലയിൽ, ജനുവരി 23ന് ഒരു പ്രാർത്ഥനാ ശുശ്രൂഷ നടത്തുന്നതിനിടെ പാസ്റ്റർ ഭഗവാൻ സിംഗ് ആക്രമിക്കപ്പെട്ടു. 2024 ഫെബ്രുവരി 19ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അദ്ദേഹം മരിച്ചു.
- ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ, “പുനർപരിവർത്തന” യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച ക്രിസ്ത്യൻ കുടുംബങ്ങളെ അക്രമാസക്തമായി മർദ്ദിക്കുകയും അവരുടെ ഗ്രാമങ്ങളിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
- മാർച്ച് 24ന്, മഹാരാജ്ഗഞ്ച് ജില്ലയിലെ ജാമുയി ഗ്രാമത്തിൽ, പാസ്റ്റർ ശൈലേഷ് കുമാർ പങ്കെടുത്ത ഓശാന ഞായർ സായാഹ്ന കൂട്ടായ്മയിൽ ഒരു സംഘം തടസം സൃഷ്ടിച്ചു. അക്രമികൾ ഭീഷണിപ്പെടുത്തുകയും അക്രമാസക്തരാകുകയും ചെയ്തു. പാസ്റ്റർ കുമാറിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
- ഒക്ടോബർ 3ന് ഗോണ്ട ജില്ലയിലെ തഹസിൽ കെർണാൽ ഗഞ്ചിലെ ഗദ്ദോപൂർ ഗ്രാമത്തിൽ, നാല് അക്രമികൾ മാൻ സിങ്ങും ആറ് ഗ്രാമീണരും ഒത്തുകൂടിയ ഒരു പ്രാർത്ഥനാ സമ്മേളനത്തിൽ അതിക്രമിച്ചു കയറി. ജനക്കൂട്ടം അവരെ അക്രമാസക്തമായി ആക്രമിക്കുകയും 200 മീറ്റർ അകലെ വലിച്ചിഴച്ച് ആക്രമണം തുടരുകയും ചെയ്തു. ഫോണുകളും ബൈബിളും ഉൾപ്പെടെയുള്ള അവരുടെ സാധനങ്ങൾ അക്രമികൾ പിടിച്ചെടുത്തു. മാൻ സിങ്ങിന് നിരവധി പരിക്കുകൾ സംഭവിച്ചു. അതിൽ ഭാഗികമായി കേൾവിശക്തി നഷ്ടപ്പെട്ടു. പൊലീസ് എത്തിയങ്കിലും ഇടപെട്ടില്ല. പകരം, അവർ അക്രമികളുമായി ചേർന്നു, അർദ്ധരാത്രി വരെ ഇരകളെ കസ്റ്റഡിയിലെടുത്തു, ഭാവിയിൽ പ്രാർത്ഥനാ യോഗങ്ങൾ നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകി വിട്ടയച്ചു.
- ഛത്തീസ്ഗഡിൽ, ആദിവാസി ക്രിസ്ത്യാനികളെ ശാരീരികമായ അക്രമം, സാമൂഹിക ബഹിഷ്കരണം, അടിസ്ഥാന വിഭവങ്ങളുടെ നിഷേധം, ശവസംസ്കാര അവകാശങ്ങളുടെ നിഷേധം എന്നിവയിലൂടെയാണ് അവരുടെ വിശ്വാസം ഉപേക്ഷിക്കാൻ അക്രമികൾ സമ്മർദ്ദം ചെലുത്തിയത്.
- മെയ് 5ന് ബീഹാറിലെ സിപാ ഗ്രാമത്തിൽ ഒരു ആരാധനയ്ക്കിടെ തീവ്രവാദികൾ ക്രിസ്ത്യാനികളെ ഒരു പള്ളി കെട്ടിടത്തിനുള്ളിൽ പൂട്ടിയിട്ട്, ആരാധകരെ ആക്രമിച്ച്, നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ഒരു കേസും EFIRLC റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. പോലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും അന്ന് വൈകുന്നേരം അവരെ വിട്ടയക്കുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളിൽ ഒരേ പള്ളിയിൽ നടന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്.
ഈ സംഭവങ്ങളിൽ ഇരകളാകുന്നവർക്ക് നീതി ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പൊലീസിന്റെ പ്രതികാര നടപടി ഭയന്ന് പലരും പരാതി നൽകാൻ ഭയപ്പെടുന്നു. കേസുകൾ രജിസ്റ്റർ ചെയ്യുമ്പോൾ പോലും, അവ പലപ്പോഴും കാലതാമസം വരുത്തുകയും കുറ്റവാളികൾക്ക് പകരം ഇരകളെ തടവിലാക്കുകായും ചെയ്യുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഇന്ത്യൻ സർക്കാരിനോട് ചില കാര്യങ്ങൾ അഭ്യർത്ഥിക്കുന്നു;-
ഭീഷണികൾ നേരിടുന്ന ക്രിസ്ത്യൻ സമൂഹങ്ങൾക്ക് ഉടനടി പോലീസ് സംരക്ഷണം നൽകുക, അക്രമത്തിന് പ്രേരിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന സംഘടനകളെ ശിക്ഷിക്കുക, മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം തടയാൻ നിയമത്തിൽ പരിഷ്കാരം വരുത്തുക, മതപീഡനത്തിന് ഇരയായവർക്കുള്ള നിയമപരമായ സംരക്ഷണങ്ങൾ ശക്തിപ്പെടുത്തുക, മതന്യൂനപക്ഷങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ നീതിയുക്തവും പക്ഷപാതരഹിതവുമായ നിയമനടപടികൾ ഉറപ്പാക്കുക എന്നിവയാണവ.
Read more
ഇന്ത്യയിലെ ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് റിലീജിയസ് ലിബർട്ടി കമ്മീഷൻ (EFIRLC) 1998 മുതൽ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരായ പീഡന സംഭവങ്ങൾ രേഖപ്പെടുത്തിവരുന്നു. മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി വാദിക്കുന്നതിനുമായി പ്രവർത്തിക്കുന്നു.