ബജറ്റിന് മുമ്പേ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ വീണു കിട്ടിയ വാക്ക്; 'പാവം, തളര്‍ന്നുപോയി', സോണിയയുടെ വാക്കും ബിജെപിയുടെ സ്ഥിരം പയറ്റും

നാളെ മൂന്നാം മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി പാര്‍ലമെന്റില്‍ എത്തുമെന്നിരിക്കെ അതിന് മുന്നോടിയായി ബജറ്റ് സെഷന്‍ ആരംഭിച്ചു കൊണ്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുസഭകളേയും സംയുക്തമായി അഭിസംബോധന ചെയ്തു. മോദി സര്‍ക്കാരിനെ പുകഴ്ത്തി വാഴ്ത്തുന്ന സ്ഥിരം ശൈലിയില്‍ യാതൊരു മാറ്റവുമില്ലാതെ രാഷ്ട്രപതി മൂന്നാം മോദി സര്‍ക്കാരിനെ കുറിച്ച് വായിച്ചു മുന്നേറി. രാജ്യം വികസനപാതയിലാണെന്നും മറ്റേതൊരു സര്‍ക്കാരിനേക്കാള്‍ വേഗത്തിലാണ് മോദി സര്‍ക്കാര്‍ വികസന കാര്യങ്ങളില്‍ മുന്നേറുന്നതെന്നും രാജ്യത്തെ വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെല്ലാം കൃത്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയുടെ നോട്ടമെത്തുന്നു എന്നുമെല്ലാം നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രസിഡന്റ് ദ്രൗപദി മുര്‍മു പറഞ്ഞു. എന്തായാലും മണിക്കൂറുകള്‍ നീണ്ട പ്രസംഗത്തിനേക്കാള്‍ അതിന് ശേഷം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധിയുടെ വാക്കുകളാണ് ബിജെപി ചര്‍ച്ചയാക്കിയതും വിവാദമായി മാറിയതും.

സര്‍ക്കാരിനെ പുകഴ്ത്തി പറഞ്ഞു രാഷ്ട്രപതി ക്ഷീണിച്ചുവെന്ന ഒരു രാഷ്ട്രീയ വിമര്‍ശനം സോണിയ ഗാന്ധി പറഞ്ഞത് പക്ഷേ രാഷ്ട്രപതിയെ അപമാനിച്ചുവെന്ന തരത്തിലാണ് ബിജെപി നേതാക്കള്‍ വിവാദമാക്കിയത്. അസാധാരണമാം വിധം രാഷ്ട്രപതി ഭവന്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രതികരണത്തിന് ചെവി കൊടുക്കുകയും ഇത്തരം പരാമര്‍ശം പാടില്ലെന്ന തരത്തില്‍ വാര്‍ത്താ കുറിപ്പ് ഇറക്കുകയും ചെയ്തു. ഇതോടെ ബജറ്റിന് മുമ്പ് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ സോണിയയില്‍ നിന്ന് വീണു കിട്ടിയ വാക്കിനെ ഉപയോഗിക്കുകയാണ് ബിജെപി. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ധാരാളം ഉയരാന്‍ സാധ്യതയുള്ള നാളത്തെ ബജറ്റ് അവതരണത്തെ ഒരു മുഴം മുമ്പേ എറിഞ്ഞ് വരുതിയിലാക്കുകയാണ് ഭരണപക്ഷം. ഇനിയെന്താണ് സോണിയ ഗാന്ധിയുടെ പരാമര്‍ശം.

പ്രസംഗത്തിന്റെ അവസാന ഭാഗത്തേക്ക് എത്തിയപ്പോഴേക്കും ‘രാഷ്ട്രപതി തളര്‍ന്നുപോയി. അവര്‍ സംസാരിക്കാന്‍ പറ്റാത്ത നിലയിലേക്കെത്തി. പാവം.

ഇതാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സോണിയ ഗാന്ധി അപമാനിച്ചുവെന്ന തരത്തില്‍ ബിജെപി ആരോപിക്കുന്ന വാക്കുകള്‍. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയാണ് ആദ്യം തന്നെ സോണിയ ഗാന്ധി നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്. പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു സോണിയയുടെ പ്രതികരണത്തെ കൂട്ടിക്കെട്ടിയത് ഫ്യൂഡല്‍ മനോഭാവത്തോടാണ്. ഗോത്രവര്‍ഗക്കാരിയായ രാഷ്ട്രപതിയെ അംഗീകരിക്കാനുള്ള മടിയാണ് ഈ പരാമര്‍ശത്തിന് പിന്നിലെന്നാണ് മന്ത്രി പറയുന്നത്. ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ഒരു സ്ത്രീ രാജ്യത്തിന്റെ രാഷ്ട്രപതിയായത് കോണ്‍ഗ്രസിന്റെ ഫ്യൂഡല്‍ ചിന്താഗതിക്ക് ദഹിക്കുന്നില്ലെന്ന വാദം ഉയര്‍ത്തി വിഷയം കത്തിക്കുകയാണ് ബിജെപി.

സോണിയഗാന്ധി നടത്തിയത് അപകീര്‍ത്തികരമായ പ്രസ്താവനയാണെന്നും അന്തസിനെ മുറിവേല്‍പ്പിക്കുന്ന പരാമര്‍ശമെന്നും അംഗീകരിക്കാന്‍ ആകില്ലെന്നും രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലും പറയുന്നു. രാഷ്ട്രപതി ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതയാണ് അവര്‍ ദുര്‍ബല അല്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി റിജിജു പറയുന്നു. സോണിയ ഗാന്ധി രാഷ്ട്രപതിയെ അപമാനിച്ചിട്ടില്ലെന്നും നീണ്ട പ്രസംഗം വായിച്ച് ക്ഷീണിതയായി എന്ന അര്‍ത്ഥത്തില്‍ പറഞ്ഞ കാര്യത്തെ മാധ്യമങ്ങളും ബിജെപിയും വളച്ചൊടിച്ചതാണെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

എന്തായാലും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത് നിലവിലെ സോണിയ ഗാന്ധിയുടെ വായില്‍ നിന്ന് വീണുപോയ വാക്ക് നാളത്തെ ബജറ്റില്‍ വരുന്ന വലിയ എന്തോ കാര്യത്തിലേക്ക് ശ്രദ്ധ പോകാതിരിക്കാന്‍ ബിജെപി ഗംഭീരമായി ഉപയോഗിക്കുകയാണെന്നാണ്. പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കി നാളെ ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വലുതെന്തോ പുറത്തുവിടാന്‍ ഒരുങ്ങുകയാണെന്ന് സംശയിക്കുന്നവര്‍ ചെറുതല്ല. എന്തായാലും വായിച്ചു ക്ഷീണിച്ചുവെന്ന് പറഞ്ഞതിന് സോണിയ ഗാന്ധിയെ വട്ടമിട്ട് കൊത്തിപ്പറിക്കാന്‍ ശ്രമിക്കുന്നവര്‍ നാളെ 11 മണിയിലെ ബജറ്റ് പ്രസംഗത്തിലെ വലുതെന്തോ മറയ്ക്കാന്‍ ഇന്നേ പണിതുടങ്ങിയെന്ന് കരുതുന്നവര്‍ നാട്ടില്‍ കുറവല്ലെന്ന് മാത്രം.