ഡോ. സെബാസ്റ്റ്യന്‍ പോള്‍
രണ്ടു വഞ്ചിയില്‍ കാല്‍ വെയ്ക്കുക, കക്ഷത്തിലിരിക്കുന്നതു പോകാതെ ഉത്തരത്തിലിരിക്കുന്നത് എടുക്കാന്‍ നോക്കുക എന്നിത്യാദി പ്രയോഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പാകുമ്പോള്‍ കൃത്യമായ അര്‍ത്ഥം ഉണ്ടാകും. രണ്ട് തോണിയില്‍ കാല്‍വെച്ച് സുരക്ഷിതനാകുന്നതിനു പകരം എം.പി സ്ഥാനം രാജിവെച്ച് നേമത്ത് മത്സരിക്കാന്‍ കെ. മുരളീധരനെ കോടിയേരി ബാലകൃഷ്ണന്‍ വെല്ലുവിളിച്ചത് രാഷ്ട്രീയമായ മര്യാദയുടെ പേരിലാണ്. ശക്തരില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മാതൃകയായി കുഞ്ഞാലിക്കുട്ടിയുണ്ട്. ലോക്‌സഭാംഗത്വം ഒഴിഞ്ഞു കൊണ്ടാണ് നിയമസഭയിലേക്ക് അദ്ദേഹം മത്സരിക്കുന്നത്. രാജ്യസഭാംഗത്വം നിലനിര്‍ത്തിക്കൊണ്ട് നിയമസഭയിലേക്ക് മത്സരിക്കുന്ന സുരേഷ് ഗോപിക്ക് മാതൃകയായി സ്വപന്‍ദാസ് ഗുപ്തയുണ്ട്. രാജ്യസഭാംഗത്വം രാജിവെച്ചുകൊണ്ടാണ് അദ്ദേഹം ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ബംഗാള്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത്.
രാജ്യസഭയിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളാണ് സ്വപന്‍ദാസ് ഗുപീതയും സുരേഷ് ഗോപിയും. നോമിനേറ്റഡ് അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചെയ്ത് ആറു മാസത്തിനുള്ളില്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷിയില്‍ ചേരാം. ആറുമാസം കഴിഞ്ഞാല്‍ പത്താം ഷെഡ്യൂള്‍ പ്രകാരം അയോഗ്യതയുണ്ടാകും. അയോഗ്യത മറികടക്കുന്നതിനു വേണ്ടിയാണ് ഗുപ്തയുടെ രാജി. അനുവദനീയമായ സമയത്തിനകം സുരേഷ് ഗോപി ബി.ജെ.പിയില്‍ അംഗത്വമെടുത്തതിനാല്‍ അയോഗ്യതയില്ല.
അയോഗ്യത സാങ്കേതികമായ പ്രശ്‌നമാണ്. അതിനേക്കാള്‍ പ്രധാനം മര്യാദകളാണ്. കലാരംഗത്തെ ശ്രേഷ്ഠതയെ അടിസ്ഥാനമാക്കിയാണ് സുരേഷ് ഗോപിയെ രാഷ്ട്രപതി രാജ്യസഭയിലേക്കെടുത്തത്. വിവിധ മേഖലകളില്‍ നിന്നായി പന്ത്രണ്ടു പേരാണ് നോമിനേറ്റഡ് അംഗങ്ങള്‍. രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് വോട്ടവകാശമില്ല. അവര്‍ പാര്‍ലമെന്റിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങളാണ്. അവര്‍ അങ്ങനെ തന്നെ ആയിരിക്കണം. അതുകൊണ്ടാണ് ബി.ജെ.പി അനുഭാവിയായ ഗുപ്ത ബി.ജെ.പിയില്‍ ചേരാതിരുന്നത്. രാജ്യസഭയിലേക്ക് കക്ഷികള്‍ക്ക് നിയമസഭകളിലെ ആള്‍ബലം അനുസരിച്ച് ആരെയും ജയിപ്പിക്കാമെന്നിരിക്കേ നോമിനേഷന്‍ എന്ന ഏര്‍പ്പാട് അവസാനിപ്പിക്കേണ്ടതാണ്. ലോക്‌സഭയിലെ ആംഗ്‌ളോ- ഇന്ത്യന്‍ നോമിനേഷന്‍ പോലെ ഒഴിവാക്കേണ്ടതാണ് രാജ്യസഭയിലെ നാമനിര്‍ദേശം. സംസ്ഥാനങ്ങളുടെ സഭയായ രാജ്യസഭയില്‍ കേന്ദ്രം തോന്നുംപടി പന്ത്രണ്ടു പേരെ നോമിനേറ്റ് ചെയ്യുന്നത് ഭരണഘടനാപരമായി അനുവദിക്കപ്പെട്ടതാണെങ്കിലും അത് ഭരണഘടനയുടെ സത്തയ്ക്ക് ചേര്‍ന്നതല്ല.
പ്രഥമ ജ്ഞാനപീഠ പുരസ്‌കാരം നേടിയ ജി. ശങ്കരക്കുറുപ്പ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടപ്പോള്‍ സഭ സ്വയം ബഹുമാനിതമാകുകയായിരുന്നു. അദ്ദേഹത്തെ പോലുള്ളവര്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സഭയുടെ അന്തസ് ഉയര്‍ത്തിയവരാണ്. മാനദണ്ഡം അപ്രത്യക്ഷമായപ്പോള്‍ തള്ളേണ്ടവരെ തള്ളാനുള്ള ഇടമായി മാറി രാജ്യസഭ. രാജ്ഭവനുകളും ഏറെക്കുറെ അങ്ങനെയായിട്ടുണ്ട്. രാജ്യസഭയിലും രാജ്ഭവനിലും തളയ്ക്കപ്പെടുന്നവര്‍ തിരഞ്ഞെടുപ്പിന്റെ ശംഖൊലി കേള്‍ക്കുമ്പോള്‍ കെട്ടുകള്‍ പൊട്ടിച്ചെത്തുന്നു. കുമ്മനം രാജശേഖരന്‍ അപ്രകാരം മിസോറമില്‍ നിന്ന് ഓടിയെത്തി രണ്ടാംവട്ടം കച്ചമുറുക്കുന്ന ആളാണ്.
പാര്‍ലമെന്റില്‍ നിന്ന് നിയമസഭയിലേക്ക് കെട്ടിയിറങ്ങാന്‍ ശ്രമിക്കുന്നത് എന്തിനായിരിക്കാം? മുകളില്‍ മടുപ്പാകുമ്പോള്‍ താഴേയ്ക്കിറങ്ങാന്‍ തോന്നും. ലോക്‌സഭയിലേക്ക് മത്സരിച്ച് തോറ്റതിനു ശേഷം രാജ്യസഭയില്‍ ശ്രേഷ്ഠാംഗമായി തുടരുന്നതില്‍ അഭംഗിയുണ്ട്. മാനമുള്ളവര്‍ക്കേ അപമാനമുണ്ടാകൂ. നിയമസഭയിലേക്ക് മത്സരിച്ച് തോറ്റതിനു ശേഷം പാര്‍ലമെന്റില്‍ തുടരുന്നതും അന്തസില്ലായ്മയാണ്. സിനിമ പൊളിഞ്ഞാല്‍ സീരിയലിലും പിന്നെ നാടകത്തിലും അഭിനയിക്കാന്‍ പോകുമോ? നിയമത്തിനും സാങ്കേതികതയ്ക്കും അപ്പുറം ഔചിത്യം എന്ന ഒരു സംഗതിയുണ്ട്. അതിന്റെ പേരിലാണ് കെ. മുരളീധരനും സുരേഷ് ഗോപിയും നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ പാര്‍ലമെന്റംഗത്വം രാജിവെയ്ക്കണമെന്നു പറയുന്നത്.
Read more
ഖജനാവില്‍ നിന്ന് പണം പറ്റുന്നവര്‍ മത്സരിക്കുന്നതിന് അയോഗ്യരാണ്. ഏറ്റവുമൊടുവില്‍ എയ്ഡഡ് അധ്യാപകര്‍ക്ക് കോടതി മത്സരവിലക്ക് ഏര്‍പ്പെടുത്തി. പാര്‍ലമെന്റംഗം എന്ന നിലയില്‍ ശമ്പളവും ആനുകൂല്യങ്ങളും സൗകര്യങ്ങളും അനുഭവിച്ചു കൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമോ എന്ന വിഷയവും പരിശോധിക്കേണ്ടതുണ്ട്. എം.പിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ സേവനം തിരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്തുന്നതും അയോഗ്യതയ്ക്ക് കാരണമാകും. ഈ തത്ത്വമനുസരിച്ചാണ് ഇന്ദിര ഗാന്ധി പണ്ട് അയോഗ്യയാക്കപ്പെട്ടത്.