ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ 15 ദിവസം കൂടി സുപ്രീം കോടതിയോട് നീട്ടി ചോദിച്ച് കേന്ദ്രസര്‍ക്കാരിന്റെ സെബി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരം നടത്തുന്ന അന്വേഷണം പൂര്‍ത്തിയാക്കാന്‍ വീണ്ടും വീണ്ടും സമയം കൂട്ടിച്ചോദിക്കുകയാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. ജനുവരിയില്‍ പുറത്തുവന്ന ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഓഹരി വരുമാനം പെരുപ്പിച്ച് കാണിച്ചുവെന്നതടക്കം ആക്ഷേപങ്ങളാണ് ഗൗതം അദാനിയുടെ കമ്പനിക്കെതിരെ ഉണ്ടായത്.
അദാനി ഗ്രൂപ്പിന്റെ ഇടപാടുകളെ സംശയത്തിന്റെ നിഴലിലാക്കിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് തിരിച്ചടി നേരിട്ടിരുന്നു. വിവാദത്തിലേക്ക് വീണതോടെ ഗൗതം അദാനിയുടെ മൊത്തം സമ്പത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹിന്‍ഡല്‍ബര്‍ഗ് റിപ്പോര്‍ട്ട് തള്ളി അദാനി ഗ്രൂപ്പ് രംഗത്ത് വന്നിട്ടും ഓഹരി വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമായിരുന്നു.
ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് കൃത്രിമത്വം കാണിച്ചുവെന്ന ആക്ഷേപം ഉണ്ടായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദാനിക്കുള്ള ബന്ധം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഭരണകേന്ദ്രങ്ങളില്‍ ഗുജറാത്തില്‍ നിന്നുള്ള വ്യാപാരിയായ അദാനിക്കുള്ള പിടിപാടിനെ തുടര്‍ന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് രാഷ്ട്രീയ ഇന്ത്യയില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതോടെ സെബി അന്വേഷണത്തിന് മാര്‍ച്ചില്‍ സുപ്രീംകോടതിയാണ് നിര്‍ദേശം നല്‍കിയത്.
ഓഹരി വിപണയില്‍ ക്രമക്കേട് നടത്തുന്ന ഇടപെടല്‍ അദാനി ഗ്രൂപ്പില്‍ നിന്നുണ്ടായോ എന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി സെബിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് സെബി അന്വേഷണം തുടങ്ങിയത് പോലും. രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. പിന്നീട് മേയ് 2ന് റിപ്പോര്‍ട്ട് നല്‍കേട്ട സമയമായപ്പോള്‍ ആറ് മാസത്തേക്ക് സമയം നീട്ടി നല്‍കണമെന്ന് സെബി കോടതിക്ക് മുന്നില്‍ വന്ന് ആവശ്യപ്പെട്ടു.
പട്ടികപ്പെടുത്തിയതും, അല്ലാത്തതും, ഓഫ്ഷോര്‍ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന സങ്കീര്‍ണ്ണമായ ഇടപാടുകളെ സംബന്ധിച്ച് ആഴത്തിലുള്ള അന്വേഷണങ്ങള്‍ ആവശ്യമായി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് സെബി കൂടുതല്‍ സമയം ചോദിച്ചത്. എന്നാല്‍ മൂന്നുമാസത്തിലേറെ സമയം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരംസിഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് സെബിയുടെ ഹര്‍ജി പരിഗണിച്ച് മൂന്ന് മാസം മാത്രം സമയം നീട്ടി നല്‍കിയത്. ആ സമയം ഇന്ന് ഓഗസ്റ്റ് 14 കഴിഞ്ഞതോടെയാണ് വീണ്ടും സമയം കൂട്ടി ചോദിച്ച് സെബി കോടതിക്ക് മുന്നിലെത്തിയത്. 15 ദിവസം കൂടി അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി നീട്ടിനല്‍കിയിട്ടുണ്ട്.
അതിനിടയില്‍ അദാനി പോര്‍ട്ട്‌സിന്റെ ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് പ്രമുഖ അക്കൗണ്ടിംഗ് സ്ഥാപനമായ ഡിലോയ്റ്റ് പിന്‍മാറിയത് അദാനിക്ക് വന്‍ തിരിച്ചടിയായിട്ടുണ്ട്. അദാനി പോര്‍ട്‌സുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഡിലോയിറ്റ് ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചൊഴിഞ്ഞു പോയത്. ഹിന്‍ഡന്‍ ബര്‍ഗ് ഗവേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്ന ചില കൈമാറ്റങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ആഴ്ചകള്‍ക്ക് പിന്നാലെയാണ് ഡിലോയ്റ്റ് രാജി പ്രഖ്യാപനം ഔദ്യോഗികമാക്കിയത്. തിങ്കളാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു കരുതിയതെങ്കിലും ശനിയാഴ്ച തന്നെ കമ്പനി രാജി പ്രഖ്യാപിച്ചു.
അദാനി പോര്‍ട്‌സിന്റെ ഓഡിറ്റര്‍ സ്ഥാനത്തു നിന്ന് ഡിലോയിറ്റ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയുള്ള ആദ്യ വ്യാപാര ദിനത്തില്‍ അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ മൂക്കും കുത്തി വീണു. നേരത്തെ ബൈജൂസിന്റെ ഓഡിറ്റര്‍ സ്ഥാനത്ത് നിന്നും ഡിലോയിറ്റ് പിന്‍മാറിയിരുന്നു. 2017 മുതല്‍ അദാനി പോര്‍ട്‌സിന്റെ ഓഡിറ്റിംഗ് നടത്തിയിരുന്നത് ഡിലോയിറ്റാണ്. കഴിഞ്ഞ വര്‍ഷം കരാര്‍ പുതുക്കി നല്‍കിയെങ്കിലും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഇരുകൂട്ടരും തമ്മിലുള്ള ബന്ധം ഉലഞ്ഞു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ അദാനി പോര്‍ട്‌സിനോട് ഡിലോയിറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദാനി പോര്‍ട്‌സ് ഈ ആവശ്യം അംഗീകരിച്ചില്ല. ഇതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് ഓഡിറ്റര്‍ നീങ്ങിയത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ആഗോള തലത്തിലെ പ്രതിച്ഛായക്ക് വന്‍ തിരിച്ചടിയേറ്റ അദാനി ഗ്രൂപ്പിന് ഡിലോയിറ്റിന്റെ പിന്മാറ്റം വന്‍ ആഘാതമാണ്. എന്തായാലും മോദി സര്‍ക്കാരിന്റെ സെബി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ സുപ്രീം കോടതിയില്‍ ദിവസങ്ങള്‍ കൂട്ടി ചോദിക്കുന്നത് പതിവാക്കിയതോടെ ആശ്വസിക്കാം ഗൗതം അദാനിക്ക്. നേരത്തെ, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ട അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വ്യക്തമായ ചിത്രം നല്‍കാനാകാതെ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. അദാനി ഗ്രൂപ്പിന്റെ കൃത്രിമവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ 13 വിദേശകമ്പനികളുടെ ഇടപെടലില്‍ സെബി ഇളവ് നല്‍കിയെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയിരുന്നു.പക്ഷേ അതേസമയം തന്നെ ഓഹരിവിലയിലെ കൃത്രിമം തടയുന്ന നിയന്ത്രണ സംവിധാനത്തില്‍ സെബിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും ജസ്റ്റിസ് എ എം സാപ്ര അധ്യക്ഷനായ വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
ഗൗതം അദാനിയുടെ ചേട്ടന്‍ വിനോദ് അദാനിയുടെ ‘അദാനി ഗ്ലോബല്‍’ എന്ന കമ്പനിയും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. വിനോദ് അദാനിയുടെ ചില കമ്പനികള്‍ വഴിയാണ് കള്ളപണം അദാനി ഗ്രൂപ്പുകളിലേക്ക് എത്തിയിരുന്നതെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് വിനോദ് അദാനിയുടെ ആസ്തി 850 ശതമാനമാണത്രെ വര്‍ധിച്ചത്. അതായത് മോദി അധികാരത്തില്‍ വന്നതിന് ശേഷം ഗൗതം അദാനിക്കുണ്ടായ വളര്‍ച്ച പോലെ 2017 മുതല്‍ വിനോദ് അദാനിയുടെ സമ്പത്തും 9.5 മടങ്ങ് വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. ഹുറുണ്‍ ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയില്‍ ആറാമനും ഏറ്റവും സമ്പന്നനായ പ്രവാസി ഇന്ത്യക്കാരനും വിനോദ് അദാനിയാണ്. 1.69 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ലോകത്തിലെ ആറാമത്തെ സമ്പന്നനായ ഇന്ത്യക്കാരന്‍ കൂടിയാണ് വിനോദ്.
Read more
എന്തായാലും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ഓഹരി വിപണിയിലെ കൃത്രിമത്വവും അക്കൗണ്ടിംഗിലെ തിരിമറിയും സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനവകുപ്പ് നിയന്ത്രിക്കുന്ന സെബി റിപ്പോര്‍ട്ട് നീട്ടി നീട്ടിയെന്ന് പുറത്തുവരുമെന്ന കാത്തിരിപ്പിലാണ് ലോകം.