'സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യല്‍', മോദി പറഞ്ഞു നടക്കുന്നത് പോലൊന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയിലുണ്ടോ?; വാസ്തവമെന്ത്

ഇന്ത്യക്കാരുടെ സമ്പത്ത് പിടിച്ചെടുത്ത് പുനര്‍വിതരണം നടത്തുമെന്ന രീതിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ ഒരു വാഗ്ദാനമുണ്ടോ?. ഇന്ത്യയുടെ പ്രധാനമന്ത്രി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനത്തെ കുറിച്ച് പറഞ്ഞു സാമുദായിക ധ്രൂവീകരണം ഉണ്ടാക്കാന്‍ രാജ്യമൊട്ടാകെ പറഞ്ഞു നടക്കുന്ന പ്രസ്താവനകള്‍ക്ക് പിന്നിലെന്താണ്?. പച്ചയായി മുസ്ലീം വിരുദ്ധത പറഞ്ഞു അമ്മമാരുടേയും പെങ്ങന്മാരുടേയും കെട്ടുതാലിവരെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുസ്ലീംങ്ങള്‍ക്ക് വീതം വെച്ചു നല്‍കുമെന്ന് പറയുന്നതിലെ രാഷ്ട്രീയം വിവേക ബുദ്ധിയുള്ളവര്‍ക്കൊക്കെ മനസിലായിട്ടുണ്ട്. ബിജെപിയുടെ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റുകളിലടക്കം പ്രചരിപ്പിക്കുന്ന സ്വത്ത് പിടിച്ചെടുക്കലും വീണ്ടും വിതരണം നടത്തലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടനപത്രിക വാഗ്ദാനങ്ങളിലുണ്ടോ?. ബിജെപി കോണ്‍ഗ്രസിനെ ലക്ഷ്യം വച്ചു ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഷം തുപ്പുമ്പോള്‍ കോണ്‍ഗ്രസ് എത്ര പ്രതിരോധിച്ചിട്ടും പ്രകടനപത്രികയില്‍ ഇല്ലാത്തൊരു കാര്യമെങ്ങനെയാണ് ബിജെപി രാജ്യമൊട്ടാകെ ചര്‍ച്ചയാക്കുന്നത്?.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ഇന്നുവരെയൊരു പ്രധാനമന്ത്രി ആ സ്ഥാനത്ത് ഇരുന്നു കൊണ്ട് പറയാത്തത്ര വിഷം വമിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുകയും അത് രാജ്യമെമ്പാടും ബിജെപി വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികള്‍ പ്രചരിപ്പിക്കുകയുമാണ്. തന്റെ വിദ്വേഷ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി കടുത്ത വിമര്‍ശനം ഉയരുന്ന ഘട്ടത്തിലും ആവര്‍ത്തിക്കുകയാണ്. ജനങ്ങളുടെ സ്വത്ത് അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കണോ എന്ന ചോദ്യവും പ്രധാനമന്ത്രി ആവര്‍ത്തിക്കുകയാണ്.

രാജസ്ഥാനില്‍ പറഞ്ഞത് സത്യമാണ്. പ്രസംഗം കോണ്‍ഗ്രസില്‍ വെപ്രാളമുണ്ടാക്കിയെന്നും സാധാരണക്കാരുടെ സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യാനാണ് കോണ്‍ഗ്രസിന്റെ ഗൂഢാലോചന.

രാജസ്ഥാനിലെ പ്രസംഗത്തില്‍ തെറ്റില്ലെന്നും അത് താന്‍ ഉറച്ച് വീണ്ടും പറയുന്നുവെന്നും പ്രധാനമന്ത്രി പറയുമ്പോള്‍ രാജസ്ഥാനില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണെന്ന് കൂടി ഓര്‍ക്കണം.

ഇതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നത്. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പക്കലുള്ള സ്വര്‍ണ്ണത്തിന്റെ കണക്കെടുക്കും, അവര്‍ അത് എണ്ണി തിട്ടപ്പെടുത്തും, എന്നിട്ട് ആ സമ്പത്ത് അവര്‍ വിതരണം ചെയ്യും, അവര്‍ അത് ആളുകള്‍ക്ക് നല്‍കും. രാജ്യത്തിന്റെ സമ്പത്തിന്റെ ആദ്യ അവകാശം മുസ്ലീങ്ങള്‍ക്കാണെന്ന് മന്‍മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ പറഞ്ഞിരുന്നു, എന്നുവച്ചാല്‍ ഇപ്പോഴും അവര്‍ ഈ സമ്പത്ത് വിതരണം ചെയ്യുന്നത് കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കായിരിക്കും, നുഴഞ്ഞു കയറിയവര്‍ക്കുമായിരിക്കും. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഈ നുഴഞ്ഞുകയറിയവര്‍ക്ക് നല്‍കണോ?.

ഇനി കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ അങ്ങനെയൊരു വാഗ്ദാനമുണ്ടോ?.

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ എവിടെയും സമ്പന്നരില്‍ നിന്ന് സമ്പത്ത് പിടിച്ചെടുത്ത് ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നില്ല എന്നതാണ് വാസ്തവം. വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഒരു ജാതി സെന്‍സസ് നടത്തുമെന്നും അതനുസരിച്ച് അനുകൂലമായ പ്രവര്‍ത്തന നയം ചിട്ടപ്പെടുത്തുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സെന്‍സസിനെ ഇന്ത്യയുടെ ‘എക്സ്-റേ’ എന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. ഇത് നയരൂപീകരണത്തില്‍ തങ്ങളെ സഹായിക്കുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നുവെന്നും മുതിര്‍ന്ന നേതാക്കള്‍ പറയുന്നുണ്ട്.

ജാതികളും ഉപജാതികളും അവരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും കണക്കാക്കാന്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി സാമൂഹിക-സാമ്പത്തിക, ജാതി സെന്‍സസ് നടത്തുമെന്നും ആ ഡാറ്റയെ അടിസ്ഥാനമാക്കി കരുത്തുറ്റ പരിഹാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള അജണ്ട ഞങ്ങള്‍ ശക്തിപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് മാനിഫെസ്റ്റോ പറയുന്നത്.

നയങ്ങളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി സമ്പത്തിലും വരുമാനത്തിലും ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അസമത്വം പരിഹരിക്കുക തങ്ങളുടെ ലക്ഷ്യമാണെന്ന് പാര്‍ട്ടി പറയുന്നുണ്ട്. ഇതിന് വേണ്ട നടപടികള്‍ ചെയ്യുമെന്നും. പാര്‍ട്ടി പ്രകടനപത്രികയില്‍ ഒരിടത്തും സമ്പത്ത് അളന്ന് തിട്ടപ്പെടുത്തി പുനര്‍വിതരണം നടത്തുമെന്നോ രാജ്യത്തെ സ്ത്രീകളുടെ കെട്ടുതാലിയടക്കം സ്വര്‍ണത്തിന്റെ അളവും തൂക്കവുമെടുക്കുമെന്നോ പറയുന്നില്ല. രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമമാണ് പാര്‍ട്ടി ഏറ്റവും പ്രധാനമായി കാണുന്നതെന്നും രാജ്യത്ത് 22 കോടിയോളം അതീവ ദരിദ്രരുണ്ടെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാ സര്‍ക്കാര്‍ വിഭവ സമാഹരണത്തിലും ദരിദ്രരുടെ ക്ഷേമത്തിനായിരിക്കും ആദ്യ പരിഗണനയെന്നും പ്രകടന പത്രിക വ്യക്തമാക്കുന്നുണ്ട്.

അതായത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടനപത്രികയില്‍, വരുമാന അസമത്വം, ഇന്ത്യയുടെ സമ്പത്ത്, സാമ്പത്തികമായി ദുര്‍ബലരായ ജനവിഭാഗങ്ങള്‍, സര്‍ക്കാര്‍ ഭൂമിയുടെയും വിഭവങ്ങളുടെയും നീക്കിവെയ്ക്കല്‍ അഥവാ വിന്യാസം എന്നിവയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നിരവധി ഉറപ്പുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇവയെ വളച്ചൊടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഇല്ലാത്ത കാര്യങ്ങള്‍ കോണ്‍ഗ്രസിന്‍മേല്‍ അടിച്ചേല്‍പ്പിച്ച് വര്‍ഗീയ ധ്രൂവീകരണത്തിന് വിത്തുപാകിയത്.

സാം പിത്രോദയയുടെ അമേരിക്കന്‍ സ്വത്ത് വിഭജനവും ബിജെപിയുടെ രണ്ടാം ആവേശവും

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റപ്പോഴാണ് കോണ്‍ഗ്രസിന്റെ ഓവര്‍സീസ് ചെയര്‍മാന്‍ നടത്തിയ ഒരു പ്രസ്താവനയെ കൂട്ടുപിടിച്ച് വീണ്ടും വിഷയം ലൈംലൈറ്റിലേക്ക് ബിജെപി ഐടി സെല്‍ കൊണ്ടുവന്നത്. സാം പിത്രോദയയുടെ അമേരിക്കന്‍ മോഡല്‍ സ്വത്ത് വിഭജനത്തെ കുറിച്ചുള്ള പോസ്റ്റ് കോണ്‍ഗ്രസിനെതിരെ ഉപയോഗിച്ചു കൊണ്ട് വീണ്ടും മുസ്ലീം പ്രീണന ആക്ഷേപം ഉയര്‍ത്തി പ്രധാനമന്ത്രി.

കോണ്‍ഗ്രസ് പ്രകടന പത്രികയിലെ സാമ്പത്തിക സര്‍വ്വേയെ തന്നാലാകും വിധം ഭീകര പ്രശ്‌നമാക്കി, ഹിന്ദു- മുസ്ലീം വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന ഇറക്കി അതില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി സാം പിത്രോദയയുടെ സ്വത്ത് വിഭജന പരാമര്‍ശത്തെ കൂട്ടുപിടിച്ച് വീണ്ടും കോണ്‍ഗ്രസിനെ പ്രതിസ്ഥാനത്താക്കി. ഒരു വ്യക്തിയുടെ മരണശേഷം അവന്റെ സമ്പത്തിന്റെ 55 ശതമാനം സര്‍ക്കാര്‍ എടുക്കുന്ന അനന്തരാവകാശ നികുതി അഥവാ ഇന്‍ഹെരിറ്റന്‍സ് ടാക്‌സിന് സമാനമായ നയം കൊണ്ടുവരുന്നതിനെക്കുറിച്ച് ഇന്ത്യ ചര്‍ച്ച ചെയ്യണമെന്നാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോദ പറഞ്ഞത്.

ഒരാള്‍ക്ക് 10 മില്യണ്‍ യുഎസ് ഡോളറിന്റെ സ്വത്തുണ്ടെങ്കില്‍, അയാളുടെ മരണശേഷം, സ്വത്തിന്റെ 45 ശതമാനം മക്കള്‍ക്കും 55 ശതമാനം സ്വത്ത് സര്‍ക്കാരിനും പോകും, ഇന്ത്യയില്‍ അത്തരം ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം. ഞങ്ങള്‍ സംസാരിക്കുന്നത് സമ്പന്നര്‍ക്ക് വേണ്ടി മാത്രമല്ല, ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള നയങ്ങളെക്കുറിച്ചാണ്.

ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്പോളേ ഞാന്‍ പറഞ്ഞില്ലേ ഡയലോഗുമായി വീണ്ടും രംഗത്തിറങ്ങി. മാതാപിതാക്കളില്‍ നിന്ന് മക്കളിലേക്ക് പകരുന്ന അനന്തരാവകാശത്തിന് നികുതി ചുമത്താന്‍ പ്രതിപക്ഷ പാര്‍ട്ടി പദ്ധതിയിടുന്നതായി മോദി ആരോപിച്ചു. ഛത്തീസ്ഗഡിലെ സര്‍ഗുജയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി കോണ്‍ഗ്രസിന്റെ അപകടകരമായ ഉദ്ദേശ്യങ്ങള്‍ പരസ്യമായി പുറത്തുവരുന്നുവെന്നാണ് സാം പിത്രോദയയുടെ പരാമര്‍ശത്തെ കുറിച്ചു പറഞ്ഞത്.

നിങ്ങളുടെ കഠിനാധ്വാനം കൊണ്ട് നിങ്ങള്‍ ശേഖരിക്കുന്ന സമ്പത്ത് നിങ്ങളുടെ മക്കള്‍ക്ക് കൈമാറില്ല. കോണ്‍ഗ്രസിന്റെ കൈകള്‍ അത് തട്ടിപ്പറിക്കും. ‘നിങ്ങളുടെ ജീവിതകാലത്തും മരണശേഷവും നിങ്ങളെ കൊള്ളയടിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ മന്ത്രം.

സാം പിത്രോദയുടേത് വ്യക്തിപരമായ ഒരു പരാമര്‍ശമാണെന്നും അത് അമേരിക്കയിലെ നടന്നുപോകുന്ന ഒരു രീതിയെ കുറിച്ചുള്ള പരാമര്‍ശം മാത്രമാണെന്നും വ്യക്തമായിട്ടാണ് വോട്ടിന് വേണ്ടി ഇത്തരത്തില്‍ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി വാക്കുകള്‍ വളച്ചൊടിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ സാം പിത്രോദയയുടെ വാക്കുകളെ തള്ളിക്കളഞ്ഞിട്ടും തന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അതില്‍ പാര്‍ട്ടിയ്ക്ക് യാതൊരു പങ്കുമില്ലെന്നും ആ വ്യക്തി തന്നെ വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസ് അക്കൗണ്ടില്‍ ചേര്‍ത്താണ് സാം പിത്രോദയയുടെ വാക്കുകളെ ബിജെപി ഉപയോഗിക്കുന്നത്.

2024ലെ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ സ്വത്ത് പിടിച്ചെടുക്കാനും പുനര്‍വിതരണം ചെയ്യാനും കോണ്‍ഗ്രസ് പദ്ധതിയിട്ടിട്ടില്ലെന്നും പ്രകടന പത്രികയില്‍ ഇല്ലാത്ത കാര്യങ്ങള്‍ പാര്‍ട്ടിക്കെതിരെ ഉന്നയിച്ച പ്രധാനമന്ത്രിയ്‌ക്കെതിരെ ശക്തമായി ഭാഷയില്‍ മറുപടി പറഞ്ഞു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഒപ്പം പ്രധാനമന്ത്രി മോദിയുടെ പ്രസംഗം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. മോദിയ്‌ക്കെതിരെയുള്ള പരാതികള്‍ കണ്ടില്ലെന്ന് നടിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ലെങ്കില്‍ കൂടിയും ജനാധിപത്യ വിശ്വാസികള്‍ എന്തായിരിക്കും ഇലക്ഷന്‍ കമ്മീഷന്‍ നടപടിയെന്ന് ഉറ്റുനോക്കുന്നുണ്ട്.