രാജ്യത്ത് നിരവധി റോഡപകടങ്ങളാണ് ദിനംപ്രതി ഉണ്ടാകാറുള്ളത്. അതിൽ തന്നെ ബൈക്ക് അപകടങ്ങളും കാർ അപകടങ്ങളുമാണ് മുൻപന്തിയിൽ നിൽക്കുന്നത്. സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന ഉപദേശം കാറ്റിൽ പറത്തിയാണ് പലരും നിരത്തുകളിൽ വണ്ടിയോടിക്കുന്നത്. ഡ്രൈവർക്കും കോ-പാസഞ്ചർക്കും മാത്രം എയർബാഗുകൾ ഓഫർ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി ഇന്ന് എൻട്രി ലെവൽ കാറുകളിൽ വരെ ആറ് എയർബാഗുകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
സർക്കാർ അനുശാസിക്കുന്ന സുരക്ഷ മാനദണ്ഡങ്ങൾക്കൊപ്പം ഉപഭോക്തൃ മുൻഗണനയിലും മാറ്റങ്ങൾ വന്ന് തുടങ്ങി. ഇതോടെയാണ് വാഹന നിർമാതാക്കൾ സുരക്ഷ വർധിപ്പിക്കാൻ തുടങ്ങിയത്. കൂടുതൽ സംരക്ഷണം വേണമെങ്കിൽ ഏഴ് എയർബാഗുകളും ഡ്രൈവറുടെ കാൽമുട്ട് സംരക്ഷണത്തിന് ഒരു അധിക ഫീച്ചറും ഉള്ള ചില കാറുകൾ ഇന്ത്യയിൽ വിൽപ്പനക്കെത്തുന്നുണ്ട്. അവയിൽ ചിലത് നോക്കാം.
സുരക്ഷയുടെ കാര്യത്തിൽ പേരുകേട്ട ടാറ്റ മോട്ടോർസിന്റെ ഒരു മോഡലാണ് ടാറ്റ സഫാരി. സഫാരിയുടെ ടോപ്പ്-സ്‌പെക്ക് ട്രിമ്മുകളായ അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് പ്ലസ് എന്നിവയിൽ 7 എയർബാഗുകൾ ആണ് നൽകിയിരിക്കുന്നത്. ഗ്ലോബൽ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളിൽ ടാറ്റ ഹാരിയർ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്.
സഫാരിയോടൊപ്പം ടാറ്റ ഓഫർ ചെയ്യുന്ന ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളിൽ ഒന്നാണ് ഹാരിയർ. 5 സീറ്റർ എസ്‌യുവിയുടെ ടോപ്പ്-എൻഡ് ഫിയർലെസ് പ്ലസ് ട്രിമ്മിൽ 7 എയർബാഗുകൾ സജ്ജീകരിച്ചിരിക്കുന്നു. താഴ്ന്ന-സ്പെക്കിൽ സ്റ്റാൻഡേർഡായി 6 എയർബാഗുകളാണ് ലഭിക്കുക.
ടാറ്റയെ പോലെ തന്നെ മഹീന്ദ്രയും മികച്ച സുരക്ഷയുള്ള കാറുകളാണ് നിലവിൽ പുറത്തിറക്കുന്നത്. മഹീന്ദ്രയുടെ മുൻനിര എസ്‌യുവിയായ XUV700 എസ്‌യുവിയുടെ ടോപ്പ്-സ്‌പെക്ക് AX7L വേരിയന്റിൽ 7 എയർബാഗുകൾ സജ്ജീകരിച്ചിട്ടുണ്ട്. മഹീന്ദ്ര XUV700 ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയിട്ടുണ്ട്. 360-ഡിഗ്രി ക്യാമറ, ലെവൽ 2 ADAS തുടങ്ങിയ നൂതന സേഫ്റ്റി ഫീച്ചറുകളും വേരിയന്റിൽ ഒരുക്കിയിട്ടുണ്ട്.
മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവികളിൽ ഒന്നായ BE 6 അഞ്ച് വേരിയന്റുകളിൽ ലഭ്യമാണ്. ഇതിൽ പായ്ക്ക് 3, പായ്ക്ക് 3 സെലക്ട് ട്രിമ്മുകളിൽ 7 എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റൊന്നിൽ സ്റ്റാൻഡേർഡായി 6 എണ്ണം ലഭിക്കുന്നു. ഫ്യൂച്ചറിസ്റ്റിക് ലുക്കിനും ഫീച്ചറുകൾക്കും പുറമെ ഇതിന്റെ സേഫ്റ്റിയാണ് ഇലക്ട്രിക് എസ്‌യുവിയുടെ മറ്റൊരു ആകർഷണം. BE 6 ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്.
മഹീന്ദ്ര XEV 9e ൽ പായ്ക്ക് 3 സെലക്ട്, പായ്ക്ക് 3 വേരിയന്റുകളിൽ 7 എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ ഫുൾ മാർക്ക് നേടിയ ആദ്യത്തെ കാറാണ് മഹീന്ദ്ര XEV 9e. ക്രാഷ് ടെസ്റ്റിൽ മഹീന്ദ്ര XEV 9e മൊത്തം 5-സ്റ്റാർ റേറ്റിംഗ് നേടി. ലെവൽ 2 ADAS, 360-ഡിഗ്രി ക്യാമറ, ESP, ഹിൽ ഡിസന്റ് കൺട്രോൾ തുടങ്ങിയവയാണ് കാറിൽ വരുന്ന മറ്റ് സേഫ്റ്റി ഫീച്ചറുകൾ.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പ്രീമിയം എംപിവിയായ ടൊയോട്ട ഇന്നേവ ക്രിസ്റ്റയുടെ ടോപ് സ്‌പെക്ക് ZX ട്രിമ്മിനൊപ്പം VX ട്രിമ്മിലും ഏഴ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവയാണ് കാറിൽ വരുന്ന അധിക സേഫ്റ്റി ഫീച്ചറുകൾ. ലെതർ അപ്‌ഹോൾസ്റ്ററി, 8 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകൾ എന്നിവയും വാഗ്ദാനം ചെയ്യുന്നു.