ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറുമായി റോൾസ് റോയ്‌സ് !

ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര കാറുകൾ നിർമിക്കുന്ന റോൾസ് റോയ്‌സ് എന്ന കമ്പനിയെ കുറിച്ച് അറിയാത്തവരായി ആരുമില്ല. സെലിബ്രിറ്റികളുടെ ഇഷ്ട വാഹനങ്ങളിൽ ഒന്നാണ് റോൾസ് റോയ്‌സ് മോഡലുകൾ. കലിനൻ, ഫാന്റം, ഗോസ്‌റ്റ് എന്നിവ പോലുള്ള അത്യാധുനിക വാഹനങ്ങൾക്ക് പേരു കേട്ട ബ്രാൻഡ് നിരയിലേക്ക് കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് കാറും എത്തിയിരിക്കുകയാണ്.

റോൾസ് റോയ്‌സ് തങ്ങളുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് കാറായ സ്‌പെക്ടർ ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. അൾട്ര ലക്ഷ്വറി സൂപ്പർ കൂപ്പെ എന്ന ശ്രേണിയിലേക്കാണ് റോൾസ് റോയിസ് തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം എത്തിച്ചിരിക്കുന്നത്. മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.

Rolls-Royce Spectre Grille

റോൾസ് റോയിസിന്റെ ആർകിടെക്ചർ ഓൾ ലക്ഷ്വറി പ്ലാറ്റ്ഫോമിൽലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. 2 ഡോർ 4 സീറ്റർ മോഡലായാണ് എത്തിയിരിക്കുന്നത്. റോൾസ് റോയിസിന്റെ ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നായ ഫാന്റം മോഡലിനെ അടിസ്ഥാനമാക്കി നിർമിച്ച ഈ വാഹനത്തിന്റെ ഫീച്ചറുകളിലും ഫാന്റത്തിന്റേതായ ചില സമാനതകൾ കാണാം സാധിക്കും.

എക്സ്റ്റീരിയറിൽ എടുത്തു പറയേണ്ട ഒന്ന് എൽ.ഇ.ഡി ലൈറ്റുകൾ നൽകി ഇല്യൂമിനേറ്റ് ചെയ്യുന്ന തിളക്കമുള്ള ഗ്രില്ലാണ്. നേർത്ത രേഖ പോലെ നൽകിയിട്ടുള്ള എൽ.ഇ.ഡി ഡി. ആർ. എൽ മറ്റ് റോൾസ് റോയ്‌സ് മോഡലിൽ ഉള്ളതുപോലെയുള്ള ഹെഡ്‌ലാംപ് എന്നിവകൊണ്ടാണ് മുൻഭാഗം അലങ്കരിച്ചിരിക്കുന്നത്. വീലുകളിൽ റോൾസ് റോയിസ് സിഗ്നേച്ചർ ആർ ബാഡ്ജിങ്ങ് നൽകിയിട്ടുണ്ട്. ഐസ് എൻജിൻ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പിൻഭാഗത്തെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്.

Rolls-Royce Spectre Top View

രണ്ട് നിറങ്ങൾ നൽകിയാണ് ഇന്റീരിയർ ഒരുക്കിയിട്ടുള്ളത്. ഇന്റീരിയറിലും കാണാവുന്ന ബോഡി കളറും അതിനോടൊപ്പം ചേരുന്ന മറ്റ് നിറങ്ങളില് മെറ്റീരിയലുകളും ഇന്റീരിയറിന് ബാങ്കായി നൽകുന്നു. ഹെഡ്‌റെസ്റ്റിൽ നൽകിയിട്ടുള്ള ബാഡ്ജിങ്, സീറ്റിലെ പൈപ്പിങ് എന്നിവയ്ക്ക് വ്യത്യസ്ത നിറങ്ങൾ നൽകിയിട്ടുണ്ട്. റൂഫിനുളിൽ റോൾസ് റോയിസിന്റെ മറ്റ് മോഡലുകളിലേത് പോലെ തിളങ്ങുന്ന നക്ഷത്രങ്ങൾ നൽകിയിട്ടുമുണ്ട്.

രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഇതിൽ പ്രവർത്തിക്കുന്നത്. മുന്നിൽ നൽകിയിട്ടുള്ള മോട്ടോർ 255 ബി.എച്ച്.പി പവറും 365 എൻ.എം. ടോർക്കും നൽകുന്നു. പിന്നിൽ നൽകിയിട്ടുള്ള മോട്ടോർ 483 ബി.എച്ച്.പി. പവറും 710 എൻ.എം. ടോർക്കും നൽകുന്നു. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 4.4 സെക്കന്റ് മാത്രമാണ് വാഹനത്തിന് വേണ്ടി വരുന്നത്.

Rolls-Royce Spectre Rear Left View

വാഹനത്തിൽ നൽകിയിട്ടുള്ള ഒരു സവിശേഷത ഉയർന്ന ശേഷിയുള്ള ബാറ്ററി പാക്കാണ്. 102 കിലോവാട്ട് അവർ ശേഷിയാണ് ബാറ്ററിക്ക് ഉള്ളത്. ഒറ്റ തവണ ചാർജ് ചെയ്താൽ 530 കിലോമീറ്റർ യാത്ര ചെയ്യാൻ സാധിക്കും. 195 കിലോവാട്ട് ഡി.സി. ചാർജർ ഉപയോഗിച്ച് 34 മിനിറ്റ് കൊണ്ട് 80 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും. വെറും ഒമ്പത് മിനിറ്റ് ചാർജ് ചെയാൽ 100 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് ബാറ്ററിയിൽ എത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 7.50 കോടി രൂപയുടെ എക്സ്ഷോറൂം വിലയിലാണ് റോൾസ് റോയ്‌സ് ഈ അത്യാഡംബര കാറിനെ രാജ്യത്ത് എത്തിച്ചിരിക്കുന്നത്. രാജ്യത്ത് സ്വന്തമാക്കാനാവുന്ന ഏറ്റവും വിലക്കൂടിയ വാഹനവുമായി മോഡൽ അറിയപ്പെടും.