ഒരു വാഹനം വാങ്ങുമ്പോൾ ആളുകൾ നോക്കുന്ന കാര്യങ്ങളാണ് മൈലേജും വിലയും പിന്നെ സേഫ്റ്റിയും. അതുകൊണ്ടു തന്നെ സുരക്ഷ പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റിൽ സ്റ്റാർ റേറ്റിങ്ങ് കിട്ടിയാൽ പകുതി ആളുകൾക്കും ആശ്വാസമാണ്. ഇപ്പോൾ പല വാഹന നിർമാതാക്കളുടെ എൻട്രി ലെവൽ മോഡലുകൾക്ക് സേഫ്റ്റി വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ പുതുതായി ചേർത്തിട്ടുമുണ്ട്. പല മോഡലുകളിലും എയർബാഗുകളുടെ എണ്ണം വർധിപ്പിച്ച മാരുതിയുടെ വാർത്തയും നമ്മൾ കണ്ടു. എന്നാൽ ഇവയെ എല്ലാം കടത്തി വെട്ടി ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ നേടി കരുത്ത് കാണിച്ചിരിക്കുകയാണ് കിയ സിറോസ്. സബ് കോംപാക്ട് എസ്‌യുവി സെഗ്മെൻ്റുകളുടെ മുഖച്ഛായ മാറ്റാൻ സാധിക്കുന്ന ഗംഭീര നേട്ടമാണിത്
മുതിർന്നവരുടെ സുരക്ഷയ്ക്കായിട്ടുളള ടെസ്റ്റിൽ സിറോസ് 32 ൽ 30.21 പോയിന്റുകളാണ് നേടിയത്. ഇതിലൂടെ ടാറ്റ നെക്‌സോൺ 29.41, മഹീന്ദ്ര XUV 3XO 29.36 പോയിന്റുകൾ എന്നിങ്ങനെയുള്ള സിറോസിൻ്റെ എതിരാളികളേക്കാൾ സ്കോർ നേടാൻ സാധിച്ചിട്ടുണ്ട്. ഫ്രണ്ടൽ ഓഫ്‌സെറ്റ് ക്രാഷ് ടെസ്റ്റിൽ, സിറോസ് 16 ൽ 14.21 പോയിന്റുകളും അതോടൊപ്പം സൈഡ് ബാരിയർ ക്രാഷ് ടെസ്റ്റിൽ 16 ൽ 16 പോയിന്റുകളുമാണ് നേടിയത്. ഡ്രൈവറുടെ തല, കഴുത്ത്, കാൽമുട്ടുകൾ, കാലുകൾ എന്നിവയ്ക്കുള്ള സംരക്ഷണം മികച്ചതായി തന്നെയാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഡ്രൈവറുടെ നെഞ്ചിനും ഷിൻസിനും മതിയായ സംരക്ഷണം ലഭിക്കുകയും ചെയ്തിട്ടുണ്ട്. മുൻവശത്തെ യാത്രക്കാരന് മികച്ച സംരക്ഷണം ലഭിക്കുന്നുണ്ടെന്നാണ് ടെസ്റ്റിൽ നിന്ന് മനസിലാക്കാനാകുന്നത്. സൈഡ് പോൾ ഇംപാക്ട് ടെസ്റ്റിലും യാത്രക്കാരുടെ സംരക്ഷണം വളരെ മികച്ചതായി തന്നെയാണ് കാണപ്പെട്ടിരിക്കുന്നത്.
സിറോസിന്റെ മൊത്തം ബുക്കിംഗുകളുടെ ഏകദേശം 67 ശതമാനത്തോളം പെട്രോൾ എഞ്ചിൻ വേരിയന്റുകൾക്കും ബാക്കി 33 ശതമാനം ഉപഭോക്താക്കൾ ഡീസലിനുമാണ് ലഭിച്ചിരിക്കുന്നത്. ഇതുമാത്രമല്ല, വാങ്ങുന്ന ആളുകളിൽ വാങ്ങുന്നവരിൽ 46 ശതമാനം പേരും എല്ലാ ഫീച്ചറുകളുമുള്ള ടോപ്പ് വേരിയന്റുകൾക്കാണ് മുൻഗണന കൊടുത്തിരിക്കുന്നത്. HTK, HTK (O), HTK പ്ലസ്, HTX, HTX പ്ലസ്, HTX പ്ലസ് (O) എന്നീ ആറ് വേരിയന്റുകളിലാണ് മോഡൽ വിപണിയിലെത്തുന്നത്. 8.99 ലക്ഷം രൂപ മുതൽ 17.80 ലക്ഷം രൂപ വരെയാണ് കിയയുടെ ഈ കുഞ്ഞൻ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. വെന്റിലേറ്റഡ് ഫ്രണ്ട്, റിയർ സീറ്റുകൾ, ലെവൽ 2 ADAS സ്യൂട്ട്, പനോരമിക് സൺറൂഫ്, എസി കൺട്രോളുകൾക്കായി പ്രത്യേക സ്‌ക്രീൻ, പിൻനിര സീറ്റുകൾക്കായി റീക്ലൈൻ, സ്ലൈഡ് ഫംഗ്ഷൻ എന്നിവയും പുതിയ സബ്-ഫോർ-മീറ്റർ എസ്‌യുവിയിൽ കാണാം.
ചാരിയിരിക്കുന്നതും സ്ലൈഡുചെയ്യാവുന്നതുമായ റിയർ സീറ്റുകൾ, കിയ കണക്റ്റ് 2.0, OTA അപ്‌ഡേറ്റുകൾ, 64 നിറങ്ങളിൽ ആംബിയൻ്റ് മൂഡ് ലൈറ്റിംഗ് എന്നിവ ലക്ഷ്വറിയുടെ ഒരു ടച്ച് നൽകുന്നു. ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, ഇംപീരിയൽ ബ്ലൂ, ഇന്റൻസ് റെഡ്, അറോറ ബ്ലാക്ക് പേൾ, പ്യൂട്ടർ ഒലിവ്, ഫ്രോസ്റ്റ് ബ്ലൂ എന്നിവയുൾപ്പെടെ 8 കളർ ഓപ്ഷനുകളും മോഡലിലുണ്ട്. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് സിറോസിന്റെ ഹൃദയം. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്. മൈലേജിന്റെ കാര്യത്തിലേക്ക് നോക്കിയാലും ആർക്കും നിരാശപ്പെടേണ്ടി വരില്ല. കിയ സിറോസ് പെട്രോൾ മാനുവൽ വേരിയന്റുകൾ 18.2 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമ്പോൾ എസ്‌യുവിയുടെ 7 സ്പീഡ് ഡിസിടി മോഡലുകൾ 17.68 കിലോമീറ്റർ മൈലേജാണ് പറയുന്നത്. സിറോസ് ഡീസൽ മാനുവൽ മോഡലുകൾ 20.75 കിലോമീറ്റർ മൈലേജും ഡീസൽ ഓട്ടോമാറ്റിക് 17.65 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് അവകാശപ്പെടുന്നത്.