എക്കാലത്തും യുവാക്കളുടെ ഹരമാണ് റോയൽ എൻഫീൽഡ്. വാഹനത്തിന്റെ ശബ്ദവും ലുക്കും എല്ലാം എക്കാലത്തും ബൈക്ക് പ്രേമികളുടെ ഇടയിൽ ബുള്ളറ്റിന് ഒരു പ്രത്യേക സ്ഥാനം തന്നെ കൊടുക്കുന്നുണ്ട്. എന്നാലിപ്പോൾ റോയൽ എൻഫീൽഡ്, ഒരു ഇലക്ട്രിക് ബൈക്കിന് പിന്നില്‍ പ്രവർത്തിക്കുകയാണ് എന്ന വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ്. റോയൽ എൻഫീൽഡ് മാനേജിങ് ഡയറക്ടർ ആയ സിദ്ധാർത്ഥ ലാൽ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റോയൽ എൻഫീൽഡ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കുകയാണെന്ന റിപ്പോർട്ടുകൾ വരാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇതിനാണ് ഒരു തീരുമാനം ആയിരിക്കുന്നത്.
റോയൽ എൻഫീൽഡിന്റെ വരാനിരിക്കുന്ന ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ സ്റ്റാർക്ക് ഫ്യൂച്ചറുമായി സഹകരിച്ചാണ് വികസിപ്പിക്കുന്നത് എന്നതും എടുത്തു പറയേണ്ടതാണ്. കൂടാതെ, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇരുചക്ര വാഹന നിർമ്മാതാവ് സ്റ്റാർക്ക് ഫ്യൂച്ചറിൽ ഏകദേശം 450 കോടി രൂപ നിക്ഷേപിച്ചതായാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും റോയൽ എൻഫീൽഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷ.
ഇപ്പോൾ മിക്ക ആളുകളും ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഇക്കാരണത്താൽ വരുന്ന രണ്ട് വര്‍ഷം കൊണ്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ കൂടുതല്‍ ജനകീയമാകാന്‍ സാധ്യതയുള്ളതിനാല്‍ 2025 ഓടെ റോയൽ എൻഫീൽഡ് ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് മാത്രമല്ല, ഈ സമയത്തിനുള്ളിൽ, അൾട്രാവയലറ്റ് എഫ് 77, ടോർക്ക് ക്രാറ്റോസ് തുടങ്ങിയ മോഡലുകളിൽ നിന്നും ഗുണങ്ങളും ദോഷങ്ങളുമെല്ലാം പഠിച്ച് സമയമെടുത്ത് ഉപഭോക്താക്കള്‍ക്ക് വേണ്ടി മികച്ച ഒരു വാഹനം വികസിപ്പിക്കാൻ ധാരാളം സമയം ലഭിക്കുകയും ചെയ്യും. റോയല്‍ എന്‍ഫീല്‍ഡിനെ പോലെ നിരവധി പരമ്പരാഗത ബൈക്ക് നിർമാതാക്കളാണ് ഇപ്പോൾ ഇലക്ട്രിക് സെഗ്മെന്റിലേക്ക് ഇറങ്ങിത്തിരിക്കുന്നത്.
അമേരിക്കൻ ഇരുചക്ര വാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്കായി ലൈവ് വയർ എന്ന പേരിൽ ഒരു പ്രത്യേക ബ്രാൻഡ് ഉണ്ടാക്കുകയായിരുന്നു. ലൈവ് വയർ വൺ എന്ന അവരുടെ ഇലക്ട്രിക് മോട്ടോസൈക്കിളിൽ ഹാർലി ഡേവിഡ്‌സൺ ലോഗോ പോലും പതിപ്പിച്ചിരുന്നില്ല എന്നതാണ് എടുത്തു പറയേണ്ട ഒരു കാര്യം. 103 ബിഎച്ച്‌പി പരമാവധി പവറും 116 എൻഎം പീക്ക് ടോർക്കും നൽകുന്ന ലിക്വിഡ് കൂൾഡ് ഇലക്ട്രിക് മോട്ടോറാണ് ലൈവ് വയർ വണ്ണിന് കരുത്ത് പകരുന്നത്. കൂടാതെ, റൈഡറുടെ സൗകര്യമനുസരിച്ച് മികച്ച രീതിയിൽ വാഹനവുമായി പൊരുത്തപ്പെടുത്തുന്നതിന് ഒന്നിലധികം റൈഡ് മോഡുകളുമായാണ് ലൈവ് വയര്‍ വണ്‍ വരുന്നത്.
Read more
റോയൽ എൻഫീൽഡിന്റെ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതോടെ സ്റ്റാർട്ടപ്പുകളുടെ ആധിപത്യമുള്ള ഒരു പുതിയ മേഖലയിലേക്ക് കമ്പനി കടക്കും. വാഹന വിപണിയിൽ സ്റ്റാര്‍ട്ടപ്പുകളുടെ ഉയർച്ചയും വിജയവും കണ്ടാണ് പല ഇരുചക്ര വാഹന ഭീമന്‍മാരും ഇ- സ്‌കൂട്ടര്‍ വിപണിയിലേക്ക് കാലെടുത്ത് വച്ചത് തന്നെ. ഇന്ത്യയിൽ നിലവില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗം ഭരിക്കുന്നത് സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ്. എന്നാല്‍ പണ്ടത്തെ പോലെ പരമ്പരാഗത ഇന്ധനമല്ല, വൈദ്യുതിയാണ് ഭാവി എന്ന് കമ്പനി തുടക്കത്തിലേ മനസ്സിലാക്കിയത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് റോയല്‍ എന്‍ഫീല്‍ഡാണ് മിഡില്‍ വെയിറ്റ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റ് അടക്കി ഭരിക്കുന്നത്.