മുകേഷ് അംബാനിയ്ക്ക് പിന്നാലെ അനില്‍ അംബാനിയും ഇവി ബാറ്ററികളുടെ നിര്‍മ്മാണത്തിലേക്ക്. അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇലക്ട്രിക് കാറുകളുടെയും ബാറ്ററികളുടെയും നിര്‍മ്മാണത്തിലേക്ക് കടക്കുന്നു. സംഭവം പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരികള്‍ നേട്ടത്തിലേക്ക് കുതിക്കുന്നുണ്ട്.
പ്രാരംഭഘട്ടത്തില്‍ 2.5 ലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. തുടര്‍ന്ന് കയറ്റുമതി ഉള്‍പ്പെടെ 7.5 ലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ വിപുലീകരിക്കാനും പദ്ധതിയുണ്ട്. നിര്‍മ്മാണത്തിനായി 10 ഗിഗാവാട്ട് അവേഴ്‌സ് ശേഷിയുള്ള പ്ലാന്റും തുടര്‍ന്ന് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 75 ഗിഗാ വാട്ട് ശേഷിയുള്ള പ്ലാന്റിലേക്കുള്ള വിപൂലീകരണവുമാണ് കമ്പനിയുടെ ലക്ഷ്യം.
ഇന്ത്യയിലും ഏറെ ആരാധകരുള്ള ചൈനീസ് ഇവി ബിവൈഡിയിലെ മുന്‍ ഉദ്യോഗസ്ഥനായ മലയാളിയെ കമ്പനിയുടെ ഉപദേശകനായി നിയമിച്ചിട്ടുണ്ട്. ബിവൈഡിയുടെ ഇന്ത്യയിലെ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന സഞ്ജയ് ഗോപാലകൃഷ്ണനെയാണ് അനില്‍ അമ്പാനി നിയമിച്ചിരിക്കുന്നത്.
Read more
വിവിധ ഏജന്‍സികള്‍ നിലവില്‍ കമ്പനിയുടെ സാധ്യത പഠനങ്ങള്‍ നടത്തിവരികയാണ്. എന്നാല്‍ ബിസിനസ് ലോകം ഉറ്റുനോക്കുന്നത് അനില്‍ അമ്പാനിയും മുകേഷ് അമ്പാനിയും വിപണിയില്‍ ഏറ്റുമുട്ടുമോ എന്നാണ്. ഒരേ ഉത്പന്നവുമായി രംഗത്തെത്തുന്ന അമ്പാനി സഹോദരന്മാരില്‍ ആര് വാഴും ആര് വീഴുമെന്നാണ് ഇനി അറിയാനുള്ളത്.