ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്സിനെതിരെ തകർപ്പൻ അർദ്ധ സെഞ്ച്വറി നേടി ടീമിന്റെ നേടും തൂണായി മാറിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മാൻ ഗിൽ. 43 പന്തിൽ 61 റൺസുമായി ഹൈദരാബാദിന്റെ പദ്ധതികളെയെല്ലാം തകിടം മറിച്ചിരിക്കുകയാണ് ഗിൽ.
153 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ ഗുജറാത്തിന് തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. ഗോൾഡൻ ഡക്കായി ജോസ് ബട്ലറും, 5 റൺസ് നേടി സായി സുദർശനുമാണ് പുറത്തായത്. പിന്നീട് സ്ഥിരതയാർന്ന പ്രകടനം കൊണ്ട് ശുഭ്മാൻ ഗില്ലിനു മികച്ച പിന്തുണ നൽകിയത് ഓൾ റൗണ്ടർ വാഷിംഗ്‌ടൺ സുന്ദറാണ്. താരം 29 പന്തുകളിൽ നിന്നായി 5 ഫോറും രണ്ട് സിക്സറുമടക്കം 49 റൺസ് നേടി പുറത്തായി.
ടി 20 ഫോർമാറ്റ് ശുഭ്മാൻ ഗില്ലിനെ കൊണ്ട് സാധിക്കില്ല എന്ന് കളിയാക്കിയവർക്കുള്ള മറുപടിയാണ് താരം ഇപ്പോൾ കൊടുത്തിരിക്കുന്നത് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഐപിഎൽ 2025 ലെ ടോപ് സ്‌കോറർ ലിസ്റ്റിൽ താരം മത്സരത്തിന് മുൻപ് നിന്നത് 14 ആം സ്ഥാനത്തായിരുന്നു. എന്നാൽ ഇന്ന് നേടിയ അർദ്ധ സെഞ്ചുറിയുടെ മികവിൽ ഗിൽ 4 ആം സ്ഥാനം സ്വന്തമാക്കി. ഇത്തവണത്തെ ഓറഞ്ച് ക്യാപ്പ് ശുഭ്മാൻ ഗിൽ നേടും എന്ന പ്രതീക്ഷയിലാണ് ആരാധകർ.