ലോകമെമ്പാടുമുള്ള 50 കുട്ടികള്‍ക്ക് പുതുജീവന്‍ പകര്‍ന്നു നല്‍കി എംഎ യൂസഫലിക്ക് ആദരവായുള്ള ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനീഷ്യേറ്റീവ്. പ്രവാസി സംരംഭകനും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ച ആഗോള ജീവകാരുണ്യ സംരംഭം ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്കാവശ്യമായ അടിയന്തര ശസ്തക്രിയകളാണ് സൗജന്യമായി പൂര്‍ത്തിയാക്കിയത്.
പ്രമുഖ വ്യവസായിയും മനുഷ്യസ്‌നേഹിയുമായ യൂസഫലിയുടെ യുഎഇയിലെ 50 വര്‍ഷങ്ങള്‍ക്കുള്ള ആദരവായാണ് അദ്ദേഹത്തിന്റെ മകള്‍ ഡോ. ഷബീന യൂസഫലിയുടെ ഭര്‍ത്താവായ ഡോ. ഷംഷീര്‍ സംരംഭം പ്രഖ്യാപിച്ചിരുന്നത്. സംഘര്‍ഷ മേഖലകളില്‍ നിന്നും പിന്നോക്ക പശ്ചാത്തലത്തില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് പ്രതീക്ഷയും കൈത്താങ്ങുമായി ഇത് മാറി. വിദഗ്ധരുടെ നേതൃത്വത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയായ സംരംഭത്തിന്റെ ഗുണഭോക്താക്കള്‍ ഇന്ത്യ, ഈജിപ്ത്, സെനഗല്‍, ലിബിയ, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ്. സംഘര്‍ഷ മേഖലകളില്‍ നിന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഇതില്‍ ഉള്‍പ്പെടും.
വന്‍ ചിലവു കാരണം ശസ്ത്രക്രിയകള്‍ മുടങ്ങിയ കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കാനായി കേരളത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പുമായും ഗോള്‍ഡന്‍ ഹാര്‍ട്ട് സംരംഭം സഹകരിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ‘ഹൃദ്യം’ പദ്ധതിയിലെ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കാണ് സഹായം എത്തിച്ചത്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുട്ടികള്‍ക്ക് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും സൗജന്യ ചികിത്സ ലഭ്യമാക്കി. അതേസമയം, വിദേശ രാജ്യങ്ങളിലെ യാത്രാ നടപടികള്‍ കഠിനമായ സംഘര്‍ഷ മേഖലകളില്‍ നിന്ന് കുട്ടികളെ ആശുപത്രികളിലേക്ക് കൊണ്ട് വന്നത് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന പ്രത്യേക യാത്രാനുമതികള്‍ ലഭ്യമാക്കിയാണ്.
പുതിയ ജീവിതം, പ്രതീക്ഷകള്‍
ഗുരുതര ഹൃദ്രോഗങ്ങളുള്ള രണ്ടു മാസം മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഗോള്‍ഡന്‍ ഹാര്‍ട്ട് കൈത്താങ്ങായത്. അയോര്‍ട്ടിക് സ്റ്റെനോസിസ് (Aortic Stenosis), ടെട്രോളജി ഓഫ് ഫാലോട്ട് (Tetralogy of Fallot), ആട്രിയോവെന്‍ട്രിക്കുലാര്‍ ഡിഫെക്ട് (atrioventricular (AV) canal defect) തുടങ്ങിയ സങ്കീര്‍ണ ഹൃദ്രോഗങ്ങളുള്ള കുട്ടികളടക്കം സംരംഭത്തിന്റെ സ്വീകര്‍ത്താക്കളായി.
ഏറെ വെല്ലുവിളികളുള്ള രോഗാവസ്ഥയിലായിരുന്ന നിലമ്പൂര്‍ സ്വദേശിനിയായ എട്ട് വയസുകാരി ലയാല്‍ സംരംഭത്തിന്റെ ഭാഗമായി സങ്കീര്‍ണ്ണ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് കടന്നു. ശസ്ത്രക്രിയാനന്തരം ഉയര്‍ന്ന അപകടസാധ്യത ഉണ്ടായിരുന്നെങ്കിലും അതിനെ മറികടക്കാന്‍ അവള്‍ക്കായത് ആശ്വാസവും പ്രതീക്ഷയുമായി. സഹായത്തിനായി പല വാതിലുകളും മുട്ടിയ കുടുംബത്തിന് ഗോള്‍ഡന്‍ ഹാര്‍ട്ട് ഏറെ ആശ്വാസമായി.
ഈജിപ്തില്‍ നിന്നുള്ള രണ്ടര വയസ്സുകാരന്‍ ഹംസ ഇസ്‌ളാമിന്റെ അതിജീവനവും സമാനം. ഹൃദയ അറയിലെ സുഷിരങ്ങള്‍ കാരണം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട കുട്ടിക്ക് മതിയായ ചികിത്സ പദ്ധതിയിലൂടെ ലഭ്യമാക്കാനായി. സെനഗലിലും ലിബിയയിലും മാസങ്ങളായി ചികിത്സ കാത്തുകിടന്ന കുട്ടികള്‍ക്കാണ് ജീവന്‍ രക്ഷാ സഹായം ലഭിച്ചത്. ഇന്ത്യ, ഈജിപ്ത്, ടുണീഷ്യ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് സംരംഭത്തിന്റെ ഭാഗമായുള്ള നിര്‍ണായക ശസ്ത്രക്രിയകള്‍ നടത്തിയത്.
ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവിലൂടെ കുട്ടികള്‍ അവരുടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ‘ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളും ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച കുടുംബങ്ങളുടെ പിന്തുണയുമാണ് സംരംഭം പൂര്‍ത്തിയാക്കാന്‍ സഹായകരമായത്. ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് മാതൃകയായ ശ്രീ. യൂസഫലിയില്‍ നിന്നുള്ള പ്രചോദനത്തിലൂടെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ ഹൃദ്രോഗത്തെ അതിജീവിച്ച കുട്ടികള്‍ക്ക് കഴിയട്ടെ.’
Read more
ജീവിതം മാറ്റിമറിക്കുന്ന ശസ്ത്രക്രിയ കുട്ടികള്‍ക്ക് ലഭ്യമാക്കാനായതില്‍ മാതാപിതാക്കള്‍ ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനീഷ്യേറ്റീവിന് നന്ദി പറഞ്ഞു. ജനുവരിയില്‍ സൗജന്യ ശസ്ത്രക്രിയകള്‍ പ്രഖ്യാപിച്ചതിനു ശേഷം വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധി അപേക്ഷകള്‍ സംഘാടകര്‍ക്ക് ലഭിച്ചിരുന്നു. മെഡിക്കല്‍ രേഖകളും ശസ്ത്രക്രിയയുടെ അനിവാര്യതയും പരിശോധിച്ച വിദഗ്ധ സംഘമാണ് യോഗ്യമായ കേസുകള്‍ തിരഞ്ഞെടുത്തത്.