പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

തമിഴ്‌നാട് മധുരയില്‍ പൊലീസുകാരനെ കൊലപ്പെടുത്തിയ കഞ്ചാവ് കച്ചവടക്കാരനെ പൊലീസ് വെടിവച്ച് പിടികൂടി. കമ്പത്ത് നിന്നാണ് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. നവര്‍പട്ടി സ്വദേശി പൊന്‍വണ്ടു ആണ് പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ പിടികൂടിയത്.

ഉസിലാംപട്ടി പൊലീസ് സ്റ്റേഷനിലെ മുത്തു കുമാര്‍ എന്ന കോണ്‍സ്റ്റബിളാണ് പ്രതിയുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. പ്രതിയും സുഹൃത്തുക്കളും പൊതുവിടത്തില്‍ മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഇതേ തുടര്‍ന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഉസിലാംപട്ടി പൊലീസ് മുത്തുകുമാറിനെ ഉസിലാംപട്ടിയിലെ സര്‍ക്കാര്‍ ആശുപത്രിയിള്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുത്തു കുമാറിനെ ആക്രമിച്ച ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയ്ക്കായി പൊലീസ് വ്യാപക അന്വേഷണത്തിലായിരുന്നു.

തുടര്‍ന്ന് പ്രതി കമ്പത്തുണ്ടെന്ന വിവരം ലഭിച്ച് അവിടെയെത്തിയ പൊലീസ് സംഘത്തെ കണ്ട് പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവച്ച് കീഴ്‌പ്പെടുത്തിയത്.