റിലീസിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായ എമ്പുരാന്‍ കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. തിരുവനന്തപുരം ലുലുമാളിലെ പിവിആര്‍ സിനിമാസില്‍ ശനിയാഴ്ച വൈകുന്നേരം ആറ് മണിക്കുള്ള പ്രദര്‍ശനത്തിനാണ് മുഖ്യമന്ത്രിയും കുടുംബവുമെത്തിയത്.
സംഘപരിവാര്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയും കുടുംബവും സിനിമ കാണാനെത്തിയതെന്നത് ശ്രദ്ധേയമാകുന്നു. ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ സിനിമയ്‌ക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. സിനിമ സെന്‍സര്‍ ചെയ്തപ്പോള്‍ ഉള്ളടക്കം ശ്രദ്ധിക്കുന്നതില്‍ ആര്‍എസ്എസ് നോമിനികളായവര്‍ക്ക് വീഴ്ച പറ്റിയെന്നായിരുന്നു പലരുടെയും ആരോപണം.
അതേസമയം പ്രതിഷേധങ്ങളെ തുടര്‍ന്ന് 17 രംഗങ്ങള്‍ ഒഴിവാക്കിയും ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്തുമായിരിക്കും എമ്പുരാന്‍ ഇനി പ്രദര്‍ശിപ്പിക്കുക. വീണ്ടും സെന്‍സര്‍ ചെയ്യുന്ന ചിത്രം ബുധനാഴ്ച്ചയോടെ തിയേറ്ററുകളില്‍ എത്തും. എന്നാല്‍ ദി കേരള സ്റ്റോറി എന്ന സിനിമയ്ക്ക് ഇല്ലാത്ത എന്ത് സെന്‍സര്‍ ബോര്‍ഡ് കട്ടാണ് എമ്പുരാന് എന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു.
ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കാണുകയും അറിയുകയും ചെയ്യും’ മന്ത്രി പ്രതികരിച്ചു.
Read more
സിനിമയിലെ അഭിനേതാക്കള്‍ക്കും, സിനിമ പ്രവര്‍ത്തകര്‍ക്കും എതിരെ ഭീഷണി മുഴക്കുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നത് മുന്‍ചെയ്തികളെ ഭയക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു. തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് സെന്‍സര്‍ ചെയ്യുമെന്ന ധാര്‍ഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിര്‍ക്കപ്പെടേണ്ടതാണ്, മന്ത്രി ചൂണ്ടി കാട്ടി.