വാര്‍ത്ത വിഭാഗത്തില്‍ പരസ്യം കുറഞ്ഞു; എന്‍ഡിടിവിയുടെ ലാഭം പകുതിയോളം ഇടിഞ്ഞു

പ്രമുഖ മീഡിയ കമ്പനിയായ എന്‍ഡിടിവിയുടെ ലാഭം ഇടിഞ്ഞു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ എന്‍ഡിടിവിയുടെ ലാഭം 49.76 ശതമാനം കുറഞ്ഞ് 15.05 കോടി രൂപയിലെത്തി. വാര്‍ത്താ വിഭാഗത്തില്‍ പരസ്യ ഉപഭോഗം കുറച്ചതാണ് ലാഭം കുറയുന്നതിന് കാരണമായതെന്ന് എന്‍ഡിടിവി പരസ്യ പ്രസ്താവനയില്‍ വ്യക്തമാക്കി.

അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയുടെ അറ്റാദായം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 29.96 കോടി രൂപയായിരുന്നു. എന്‍ഡിടിവിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 9.44 ശതമാനം ഇടിഞ്ഞ് 116.36 കോടിയില്‍ നിന്ന് 105.37 കോടി രൂപയിലും എത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 84.12 കോടിയായിരുന്ന കമ്പനിയുടെ ചെലവ് 4.93 ശതമാനമാണ് നിലവില്‍ വര്‍ധിച്ചിട്ടുള്ളത്. ഇപ്പോള്‍ 88.27 കോടി രൂപയാണ് കമ്പനിയുടെ ചെലവ്.

അതേസമയം, 2022-23 ഡിസംബര്‍ പാദത്തില്‍ അദാനി ഗ്രീന്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം ഇരട്ടിയില്‍ അധികം വര്‍ദ്ധിച്ച് 103 കോടി രൂപയായി. വരുമാനം 53% വര്‍ദ്ധിച്ച് 1471 കോടി രൂപയായി.

അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ കമ്പനിയുടെ വരുമാനം 18% വര്‍ദ്ധിച്ച് 4786 കോടി രൂപയായി. നികുതിക്കും പലിശക്കും മുന്‍പുള്ള ആദായം 15% വര്‍ദ്ധിച്ച് 3011 കോടി രൂപയായി. അറ്റാദായം 13% കുറഞ്ഞ് 1337 കോടി രൂപയായി.

Read more

അദാനി ട്രാന്‍സ്മിഷന്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 73% വര്‍ദ്ധിച്ച് 478.15 കോടി രൂപയായി. വരുമാനം 15.8% വര്‍ദ്ധിച്ച് 3037 കോടി രൂപയായി.