ഇപ്പോള്‍ സ്വര്‍ണം വാങ്ങണോ? കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതിന് പിന്നിലെന്ത്?

സ്വര്‍ണവിലയില്‍ വീണ്ടും കുതിച്ചുചാട്ടം. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് പിന്നാലെ ഇന്ന് സംസ്ഥാനത്ത് സ്വര്‍ണം പവന് 280 രൂപ വര്‍ദ്ധിച്ച് 63,840 രൂപയായി. സര്‍വകാല റെക്കോര്‍ഡ് വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7,980 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 8,706 രൂപയുമായി.

ഇതോടെ 2025ലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി സ്വര്‍ണം. വന്‍കിട ഫണ്ടുകളും വിവിധ കേന്ദ്രബാങ്കുകളും ആവേശത്തോടെ സ്വര്‍ണം വാങ്ങികൂട്ടുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര തീരുവ യുദ്ധവും ചൈനയുടെ പുതിയ സാമ്പത്തിക തന്ത്രങ്ങളും സ്വര്‍ണ വില ഇനിയും ഉയരുന്നതിന് കാരണമാകുമെന്നാണ് കരുതുന്നത്.

നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഫെബ്രുവരി അവസാനത്തോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,000 രൂപയിലെത്തിയേക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് മൂവായിരം ഡോളര്‍ കവിഞ്ഞ് മുന്നേറാന്‍ ഇടയുണ്ടെന്ന് അനലിസ്റ്റുകള്‍ പറയുന്നു. ഇന്ത്യയിലും ചൈനയിലും വിവാഹ സീസണ്‍ ആരംഭിച്ചതോടെ സ്വര്‍ണ ഉപഭോഗം കൂടിയതും വിലയില്‍ കുതിപ്പുണ്ടാക്കി.

Read more

അമേരിക്കന്‍ ഡോളറിന് ബദലായ ആഗോള നാണയമെന്ന നിലയിലാണ് സ്വര്‍ണത്തിന് പ്രിയമേറുന്നത്. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച മൂലം ഇറക്കുമതി ചെലവ് കൂടുന്നതും വില വര്‍ദ്ധനയ്ക്ക് കാരണമായി. 24 കാരറ്റ് സ്വര്‍ണ കട്ടിയുടെ വില കിലോഗ്രാമിന് 87.3 ലക്ഷം രൂപയിലെത്തി.