ഹിന്‍ഡന്‍ബര്‍ഗിന്റെ അടിയില്‍ ഓഹരി വിപണി വീണില്ല; ഉച്ചയോടെ 'പച്ച' പിടിച്ചു; നഷ്ടം അദാനിക്ക് മാത്രം; വിപണി മൂല്യത്തില്‍ 55,000 കോടി രൂപയുടെ കുറവ്

യുഎസ് ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാവിലെ തകര്‍ച്ചയോടെ ആരംഭിച്ച വിപണി തിരിച്ചുകയറി. ചുവപ്പണിഞ്ഞാണ് ഇന്നു രാവിലെ നിഫ്റ്റിയും സെന്‍സെക്‌സും വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് ഉച്ചയോടെയാണ് ഓഹരികള്‍ തിരിച്ചുകയറി ‘പച്ച’ പിടിച്ചത്.

സെബി ചെയര്‍പേഴ്‌സണെയും അവരുടെ ഭര്‍ത്താവിന്റെ ബെര്‍മുഡയിലെയും മൗറീഷ്യസിലെയും അവ്യക്തമായ ഓഫ്ഷോര്‍ ഫണ്ടുകളിലെ നിക്ഷേപത്തെക്കുറിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് വിപണിയെ ബാധിച്ചില്ലെന്നാണ് പുതിയ കുതിപ്പില്‍ വ്യക്തമാകുന്നത്.

നിഫ്റ്റി 0.13 ശതമാനം കയറി 24,396ലും സെന്‍സെക്സ് 0.17 ശതമാനം ഉയര്‍ന്ന്് 79,841ലുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വിപണി തിരിച്ചു കയറിയെങ്കിലും അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഇടിവ് തുടരുകയാണ്.

ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള എല്ലാ കമ്പനികളും നഷ്ടത്തിലായിരുന്നു വ്യാപാരം ആരംഭിച്ചത്. മുന്‍നിര സ്ഥാപനമായ അദാനി എന്റര്‍പ്രൈസസ് 4 ശതമാനം ഇടിഞ്ഞപ്പോള്‍ അദാനി പോര്‍ട്‌സ് 2 ശതമാനത്തിലധികം ഇടിഞ്ഞു. അദാനി ഗ്രീന്‍, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവയെല്ലാം ഏകദേശം 4 ശതമാനം വീതം നഷ്ടം നല്‍കി.
. അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ രാവിലെ 55,000 കോടി രൂപയുടെ കുറവുണ്ടായി.

മിഡ്ക്യാപ് സൂചിക 0.2 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.1 ശതമാനവും ഇടിഞ്ഞു. സെക്ടറില്‍ സൂചികകളില്‍ നിഫ്റ്റി റിയല്‍റ്റി സൂചിക മാത്രമാണ് 0.4 ശതമാനം ഉയര്‍ന്നത്. ബാക്കിയുള്ള 12 സൂചികകളും നഷ്ടത്തിലാണ്. നിഫ്റ്റി മെറ്റല്‍, ഓട്ടോ സൂചികകള്‍ കുത്തനെ ഇടിഞ്ഞു.

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുമ്പോഴും ഒല ഇലട്രിക്കിന്റെ ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ട് അടിച്ചുവെന്നുള്ളതും ശ്രദ്ധേയമാണ്.