പെട്രോളില്‍ 20 ശതമാനത്തിലേറെ എഥനോള്‍ ചേര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് എസ്.പുരി. നിലവില്‍ പെട്രോളില്‍ 9.6 ശതമാനമാണ് എഥനോള്‍. അടുത്ത മാസം 20 ശതമാനമാകുമെന്ന് മന്ത്രി പറഞ്ഞു. 2026 ഓടെ പെട്രോളില്‍ എഥനോള്‍ 20 ശതമാനം ആക്കുകയായിരുന്നു ലക്ഷ്യം. അതിന് മുമ്പ് തന്നെ ഈ ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ സാധിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
എഥനോളിന്റെ ഉപയോഗം കൂട്ടുന്നത് നിതി ആയോഗിന് കീഴില്‍ നിയോഗിച്ച സമിതി പരിശോധിച്ചു വരുകയാണ്. രാജ്യത്തിന് 1,700 കോടി ലിറ്റര്‍ എഥനോള്‍ കലര്‍ത്താനുള്ള ശേഷിയുണ്ട്. 1,500 കോടി ലിറ്റര്‍ ഉപയോഗപ്പെടുത്തി. വിവിധ ഇന്ധന ഇറക്കുമതിക്ക് ഇന്ത്യ 150 ബില്യണ്‍ ഡോളറാണ് ചെലവഴിക്കുന്നത്.
നിലവില്‍ നാലര ഡോളറുള്ള ഹരിത ഹൈഡ്രജന്റെ വില രണ്ടര ഡോളറിനടുത്തെത്തിയാല്‍ വന്‍ മാറ്റങ്ങളുണ്ടാക്കാം. പരമ്പരാഗത ഇന്ധനത്തില്‍നിന്ന് വലിയതോതില്‍ ഹരിത ഹൈഡ്രജനിലേക്ക് മാറിയേക്കും. ഇന്ത്യ 5.5 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ് ദിവസവും ഉപയോഗിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തുവേണ്ട ക്രൂഡ് ഓയില്‍ 85 ശതമാനത്തിലേറെ ഇറക്കുമതി ചെയ്യുകയാണ്.ഇതിനാവശ്യമായ ഭീമമായ ചെലവു കുറയ്ക്കുന്നതിനാണ് ഇന്ധനത്തില്‍ നിശ്ചിത ശതമാനം എഥനോള്‍ അഥവാ ഈതൈല്‍ ആല്‍ക്കഹോള്‍ ചേര്‍ക്കുന്നത്. 2001ലാണ് ഇതിനായുള്ള നീക്കം തുടങ്ങിയത്. 2003ല്‍ ഒന്‍പതു സംസ്ഥാനങ്ങളില്‍ (ഇ-5) 5% എഥനോള്‍ ചേര്‍ത്ത ഇന്ധനം ലഭ്യമായി.
Read more
2006ല്‍ BIS (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ്) ഇത് അംഗീകരിച്ചു. പിന്നാലെ 10 സംസ്ഥാനങ്ങള്‍കൂടി ഇ-20 ഇന്ധനം സ്വീകരിച്ചു. 2019 ഏപ്രില്‍ ഒന്നിനാണ് എല്ലാ പെട്രോളിയം കമ്പനികള്‍ക്കും ഇ-10 വിപണനം ചെയ്യാന്‍ അനുവാദമായത്. 2022 ജൂണില്‍ രാജ്യമൊട്ടാകെ ഇ-10 ഇന്ധനം ലഭ്യമാണെന്ന പ്രഖ്യാപനമുണ്ടായി. 2026 നകം 20% എഥനോള്‍ ചേര്‍ത്ത ഇ-20 ഇന്ധനം മാത്രമാകും ലഭിക്കുകയെന്നാണു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.