ബോണ്ടുകളെല്ലാം വിറ്റുപെറുക്കി ചൈന യുദ്ധം തുടങ്ങി; 125 ശതമാനം നികുതിയോടെ പോര്‍മുഖം തുറന്ന് ട്രംപ്; ലോകരാജ്യങ്ങളെ കൂടെ കൂട്ടാന്‍ പുതിയ തന്ത്രവുമായി യുഎസ്

75 രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ പകര ചുങ്കത്തിന് മൂന്ന് മാസത്തേക്ക് ഇളവ് നല്‍കിയപ്പോള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയെ മാത്രം ലക്ഷ്യം വയക്കുന്നത് യുഎസ് സാമ്പത്തിക വ്യവസ്ഥയെ എങ്ങനെ ബാധിക്കും? തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസ് വിപണിയില്‍ വന്‍ കുതിപ്പാണ് തുടരുന്നത്.

125 ശതമാനം നികുതി ചുമത്തിയാണ് ചൈനയോട് യുഎസ് തുറന്ന വ്യാപാരയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസ് ചൈനയ്‌ക്കെതിരെ വാണിജ്യ രംഗത്ത് പോര്‍മുഖം തുറന്നതിന് പിന്നാലെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ ചൈന പ്രഹരമേല്‍പ്പിച്ചേക്കും എന്നതാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കാന്‍ ശേഷിയുള്ള യുഎസ് ട്രഷറി നിക്ഷേപമാണ് ചൈനയുടെ വജ്രായുധം.

ഒടുവിലത്തെ കണക്കുകള്‍ അനുസരിച്ച് 760 ബില്യന്‍ ഡോളറിന്റെ യുഎസ് കടപ്പത്രങ്ങള്‍ ചൈനയുടെ കൈവശമുണ്ട്. ജപ്പാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കടപ്പത്രങ്ങള്‍ കൈവശമുള്ള രാജ്യവും ചൈന തന്നെ. കടപ്പത്രങ്ങള്‍ ചൈന വിറ്റഴിച്ചാല്‍ അമേരിക്കന്‍ ബോണ്ടുകളിലെ ആദായം കുറയും. യുഎസിന്റെ സാമ്പത്തിക നിലയില്‍ വിള്ളലുണ്ടാക്കാന്‍ ചൈനയ്ക്ക് ഇതിലൂടെ സാധിക്കും.

എന്നാല്‍ ഇത്തരത്തില്‍ ചൈന കടപ്പത്രങ്ങള്‍ ഒന്നാകെ വിറ്റഴിച്ചാല്‍ യുഎസിന് പ്രഹരമേല്‍ക്കുന്നതിന് ഒപ്പം ചൈനയ്ക്കും വലിയ പ്രതിസന്ധിയുണ്ടാക്കും. നിലവിലെ ചൈന-യുഎസ് ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് പരിക്കേറ്റാലും യുഎസ് വീഴണമെന്ന നിലപാടിലേക്കാണ് ചൈന പോകുന്നത്.

ഇതോടകം തങ്ങളുടെ പക്കലുള്ള യുഎസ് ബോണ്ടുകള്‍ വിറ്റഴിക്കാന്‍ ചൈന തീരുമാനിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി കണക്കാക്കിയിരുന്നതാണ് യുഎസ് ട്രഷറി ബോണ്ടുകള്‍. താരിഫ് യുദ്ധം തുടങ്ങിയതോടെ 10 വര്‍ഷ കാലാവധിയുള്ള യുഎസ് ബോണ്ടുകളുടെ പലിശ നിരക്ക് 4.5 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

ബോണ്ടുകള്‍ കൈവശമുള്ളവര്‍ക്ക് ഇത്തരത്തില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരുന്നതും യുഎസിന് ഗുണം ചെയ്യുന്നതല്ല. ഉയര്‍ന്ന പലിശ നിരക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങളും യുഎസ് ഫെഡറല്‍ റിസര്‍വ് ഇതോടകം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ചൈനയുടെ മാര്‍ഗം മറ്റ് രാജ്യങ്ങളും സ്വീകരിക്കുമോ എന്നതാണ് യുഎസിന്റെ പ്രധാന ആശങ്ക.

ചൈന യുഎസ് ബോണ്ടുകള്‍ വിറ്റഴിക്കല്‍ തുടരുകയാണ്. നേരത്തെ 28 ശതമാനം യുഎസ് ട്രഷറി ബോണ്ടുകള്‍ കൈവശമുണ്ടായിരുന്ന ചൈനയുടെ പക്കല്‍ നിലവില്‍ 8.9 ശതമാനം മാത്രമാണുള്ളത്. ജപ്പാന്‍, കാനഡ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളും ചൈനയ്ക്ക് ഒപ്പം കൂടിയാല്‍ യുഎസിനെ വലിയ സാമ്പത്തിക അസ്ഥിരതയിലേക്ക് തള്ളിവിടാന്‍ സാധിച്ചേക്കും.

നേരത്തെ അയല്‍രാജ്യമായ കാനഡയ്ക്ക് മേല്‍ യുഎസ് തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെ പകരച്ചുങ്കം ഏര്‍പ്പെടുത്തിയാണ് കാനഡ ട്രംപിന് മറുപടി നല്‍കിയത്. ഇതുതന്നെയാണ് ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ താത്കാലികമായി പിന്‍വലിക്കാന്‍ ട്രംപ് സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തലുകള്‍.

തീരുവ താത്കാലികമായി പിന്‍വലിച്ചതിന് പിന്നാലെ അമേരിക്കന്‍ വിപണിയിലുണ്ടായ കുതിപ്പും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. യുഎസ്-ചൈന വ്യാപാരയുദ്ധം ആരംഭിച്ചതിന് പിന്നാലെ ചൈന ഇന്ത്യയുടെ പിന്തുണ തേടിയിട്ടുണ്ട്. യുഎസ് തീരുവയ്ക്കെതിരായി ഇന്ത്യയും ചൈനയും ഒരുമിച്ച് നില്‍ക്കണമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ആവശ്യപ്പെടുകയായിരുന്നു.

Read more

ഇപ്പോഴത്തെ തീരുവ യുദ്ധത്തില്‍ ആരും ജയിക്കില്ല. പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോയാലേ എല്ലാ രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കാന്‍ കഴിയൂയെന്നും എംബസി വക്താവ് പറയുന്നു. എന്നാല്‍ ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധം വഷളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവില്ലെന്നതാണ് വിലയിരുത്തലുകള്‍.