റഹ്‌മാന് ബഹുമാനമില്ല, പത്മ പുരസ്‌കാര ജേതാക്കളെ കാത്തിരിപ്പിക്കുന്നത് മൂന്ന് മണിക്കൂറോളം, കണ്ട് ഞെട്ടിപ്പോയി: അഭിജീത് ഭട്ടാചാര്യ

പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികള്‍ നേടിയ ആര്‍ട്ടിസ്റ്റുകളെ സംഗീതസംവിധായകന്‍ ബഹുമാനിക്കാറില്ലെന്ന് ഗായകന്‍ അഭിജീത് ഭട്ടാചാര്യ. പുരസ്‌കാരങ്ങളും ബഹുമതികളും നേടിയ പ്രമുഖരായ ആര്‍ട്ടിസ്റ്റുകളെ രണ്ടും മൂന്നും മണിക്കൂറുകള്‍ തനിക്ക് എആര്‍ റഹ്‌മാന്‍ കാത്തിരിപ്പിക്കാറുണ്ട് എന്നാണ് അഭിജീത് ഭട്ടാചാര്യ പറയുന്നത്.

199ല്‍ പുറത്തിറങ്ങിയ ‘ദില്‍ ഹി ദില്‍’ എന്ന ചിത്രത്തില്‍ റഹ്‌മാന്റെ സംഗീതത്തില്‍ അഭിജീത് ഒരു ഗാനം ആലപിച്ചിട്ടുണ്ട്. അന്ന് റെക്കോര്‍ഡിങ്ങിനായി പോയപ്പോള്‍ പത്മഭൂഷണ്‍, പത്മശ്രീ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രശസ്തരായ കലാകാരന്മാര്‍ മൂന്ന് മണിക്കൂര്‍ വരെ റഹ്‌മാനെ കാത്തിരിക്കുന്നത് കണ്ടതായാണ് അഭിജീത് പറയുന്നത്.

”റഹ്‌മാന്‍ സാബ് പദ്മഭൂഷണും പദ്മശ്രീയുമൊക്കെ നേടിയ പ്രമുഖരെ ഒരു ബെഞ്ചില്‍ ഇരുത്തിയിരിക്കുകയാണ്. അത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. രണ്ട്-രണ്ടര മണിക്കൂറോളം റഹ്‌മാന്‍ താഴേക്ക് ഇറങ്ങി വന്നില്ല. സമയം കളയാനായി എല്ലാവരും സംസാരിച്ചു കൊണ്ടിരുന്നു. ഞാന്‍ എന്റെ വാച്ചിലേക്ക് നോക്കി കൊണ്ടിരുന്നു. റഹ്‌മാന്‍ താഴേക്ക് വന്നതേയില്ല.”

”ഞാന്‍ പാട്ട് പാടി, റഹ്‌മാന്റെ അസിസ്റ്റന്റ് അത് റെക്കോര്‍ഡ് ചെയ്തു, ഞാന്‍ പോവുകയും ചെയ്തു” എന്നാണ് അഭിജീത് എഎന്‍ഐയോട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം, നേരത്തെയും ഗായകന്‍ റഹ്‌മാനെതിരെ രംഗത്തെത്തിയിരുന്നു. റെക്കോര്‍ഡിങ്ങിനായി തന്നെ പുലര്‍ച്ചെ സ്റ്റുഡിയോയില്‍ വിളിപ്പിച്ചു എന്നായിരുന്നു അഭിജീത് പറഞ്ഞത്.

ക്രിയേറ്റിവിറ്റിയുടെ പേരില്‍ പുലര്‍ച്ചെ റെക്കോഡ് ചെയ്യാന്‍ പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല. 3.33ന് ആണ് തന്നോട് ഗാനം റെക്കോര്‍ഡ് ചെയ്യാന്‍ പറഞ്ഞത്. അതില്‍ എന്ത് ക്രിയേറ്റിവിറ്റിയാണ് ഉള്ളതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു അഭിജീത് ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.

Read more