സ്വന്തമായി ഒരു വീട് എന്നത് ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സ്വപ്‌നമാണ്. അതേപോലെ തന്നെ വലിയ സാമ്പത്തിക ഉത്തരവാദിത്തം കൂടിയാണിത്. വലിയൊരു തുക ആവശ്യമുള്ളതിനാല്‍ പലരും ബാങ്ക് ലോണുകളെയാണ് ആശ്രയിക്കുന്നത്. ഹോം ലോണുകള്‍ എന്നു പറയുന്നത് പതിനഞ്ചോ ഇരുപതോ മുപ്പതോ വര്‍ഷം നീണ്ടുനില്‍ക്കുന്ന സാമ്പത്തിക ബാധ്യതയാണ്. അങ്ങനെയൊരു ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു മുമ്പ് വരവിനെക്കുറിച്ചൊക്കെ നല്ല ബോധ്യമുണ്ടായിരിക്കണം.
അവസരങ്ങളും ശമ്പള സ്‌കെയിലും വര്‍ധിച്ചതോടെ പല യുവ പ്രഫഷണലുകളും നേരത്തു കാലത്തുതന്നെ ഹോം ലോണുകളെടുത്ത് വീട് എന്ന സ്വപ്‌നം പൂര്‍ത്തിയാക്കുകയാണ് ചെയ്യുന്നത്. നേരത്തെ എടുക്കുന്നതുകൊണ്ടുതന്നെ നീണ്ട കാലാവധി ലഭിക്കുകയും അതിനാല്‍ കുറഞ്ഞ ഇ.എം.ഐ അടയ്ക്കുകയും ചെയ്യാം. എന്നാല്‍ ചിലര്‍ക്ക് റിട്ടയര്‍മെന്റ് പ്രായത്തോട് അടുക്കുമ്പോഴായിരിക്കും ഒരു വീട് വേണമെന്ന് തോന്നുക. അവസാന കാലത്ത് സൈ്വര്യമായി കഴിഞ്ഞു കൂടാനുള്ള ഒരിടം.
എന്നാല്‍ 45 വയസിനുശേഷം ഹോം ലോണിന് അപേക്ഷിക്കുമ്പോള്‍ പ്രധാനപ്പെട്ട ഒരു പ്രശ്‌നമുണ്ട്, കാലാവധി ഏറ്റവും കൂടിയത് പതിനഞ്ചവര്‍ഷത്തേക്ക് മാത്രമാണ് ലഭിക്കുക. മാസം തിരിച്ചടയ്‌ക്കേണ്ട തുക കൂടുമെന്നര്‍ത്ഥം. അങ്ങനെയുള്ളവര്‍ക്ക് മികച്ച വഴി തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ചില ടിപ്‌സുകളാണ് ഇവിടെ പറയുന്നത്.
വായ്പ എവിടെ നിന്ന് എടുക്കണമെന്ന് ബുദ്ധിപൂര്‍വ്വം തെരഞ്ഞെടുക്കുക:
ഹോം ലോണ്‍ വാഗ്ദാനം ചെയ്യുന്ന ഒരുപാട് സ്ഥാപനങ്ങള്‍ സാമ്പത്തിക സേവനരംഗത്തുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ നിന്നും വായ്പയെടുക്കുന്നതിനു മുമ്പ് ശരിയായ കണക്കുകൂട്ടലുകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. 45 വയസില് ഹോം ലോണ്‍ എടുക്കാന്‍ പോകുന്നയാളെ സംബന്ധിച്ച് 0.5%ത്തിന്റെ വ്യത്യാസം പോലും വളരെ വലുതാണ്.
ഉദാഹരണമായി, 50 ലക്ഷം രൂപയാണ് നിങ്ങള്‍ ലോണെടുക്കുന്നതെന്ന് കരുതുക. പ്രതിവര്‍ഷം 7 ശതമാനം നിരക്കില്‍ ഇ.എം.ഐ 44941 രൂപയും 7.5% നിരക്കില്‍ ഇ.എം.ഐ 46351 രൂപയുമാണ്.
വായ്പ നിരക്ക് താരതമ്യം ചെയ്യുന്നതിനൊപ്പം വായ്പയെടുക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത, നിങ്ങള്‍ക്ക് യോജിച്ച ഹോം ലോണ്‍ ആണോ ഇത്, പണം തിരിച്ചടവിന്റെ കാര്യത്തില്‍ എന്തൊക്കെ അയവുകളുണ്ട് എന്നൊക്കെ പരിശോധിച്ചുവേണം വായ്പ എവിടെ നിന്ന് എടുക്കണമെന്ന് തീരുമാനിക്കാന്‍. കൂടാതെ പേപ്പര്‍ വര്‍ക്കുകള്‍ ഏറ്റവും കുറഞ്ഞ സ്ഥാപനം കൂടിയായിരിക്കണം അത്.
ജോയിന്റ് ഹോം ലോണിലൂടെ നിങ്ങളുടെ യോഗ്യത വര്‍ധിപ്പിക്കുക:
നിങ്ങളുടെ ജീവിത പങ്കാളിയുമായോ മക്കളുമായോ ചേര്‍ന്ന് ജോയിന്റ് ഹോം ലോണ്‍ എടുക്കുന്നത് ലോണിനുള്ള നിങ്ങളുടെ യോഗ്യത വര്‍ധിപ്പിക്കും. ഹോം ലോണെടുക്കാന്‍ വൈകി എന്നതുകൊണ്ടുതന്നെ ഉയര്‍ന്ന ഇ.എം.ഐ കൈകാര്യം ചെയ്യുകയെന്നത് പ്രയാസകരമായിരിക്കും. ജോയിന്റ് ഹോം ലോണുകളായാല്‍ ഇ.എം.ഐ കൈകാര്യം ചെയ്യുന്നത് എളുപ്പമാകും. ഇ.എം.ഐയൊക്കെ പുഷ്പം പോലെ അടയ്ക്കാന്‍ പറ്റാവുന്നത്ര നിങ്ങള്‍ സമ്പാദിക്കുന്നുവെന്നാല്‍ പോലും ജോയിന്റെ ഹോം ലോണുകളാണെങ്കില്‍ നിങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങളും കൂടുതല്‍ ലഭിക്കും.
നിങ്ങളുടെ ഡൗണ്‍ പെയ്‌മെന്റ് കൂട്ടുക
45 വയസാകുമ്പോഴേക്കും ഒട്ടുമിക്കയാളുകളും ഏറെക്കാലം ജോലി ചെയ്ത് ഒരു വലിയ തുക സമ്പാദ്യമായി കരുതിയിട്ടുണ്ടാവും. ഇനീഷ്യല്‍ ഡൗണ്‍ പെയ്‌മെന്റ് വര്‍ധിപ്പിക്കാനും അതുവഴി ലോണ്‍ തുകയും ഇ.എം.ഐയും കുറയ്ക്കാനും ഈ തുക ഉപയോഗിക്കാം.
ഉദാഹരണത്തിന് പതിനഞ്ച് വര്‍ഷക്കാലയളവില്‍ 75 ലക്ഷം രൂപയുടെ ലോണിന് നിങ്ങള്‍ 20 ലക്ഷം ഡൗണ്‍ പെയ്‌മെന്റായി നല്‍കുകയാണെങ്കില്‍ ലോണ്‍ തുക 55 ലക്ഷമായി കുറയും. പത്തുലക്ഷം ഡൗണ്‍ പെയ്‌മെന്റായാലും പ്രോസസ് ചെയ്യുന്ന ലോണ്‍ 65 ലക്ഷം രൂപയുടേതാകും. പക്ഷേ അതുവരെയുള്ള സേവിങ്‌സ് മുഴുവനായും ഡൗണ്‍ പെയ്‌മെന്റിലേക്ക് മാറ്റിയാല്‍ അത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കില്‍ അതുകൂടി കണക്കിലെടുത്തേ തീരുമാനമെടുക്കാവൂ. അടിയന്തരാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നിര്‍ബന്ധമായും കുറച്ചു തുക കരുതിവെക്കണം.
ഏറ്റവും കൂടിയ കാലാവധി തെരഞ്ഞെടുക്കുക:
സാധാരണ നിലയില്‍ ഹോം ലോണുകളുടെ ഏറ്റവും ഉയര്‍ന്ന കാലപരിധി 30 വര്‍ഷമാണ്. ഇരുപതുകളിലോ മുപ്പതുകളിലോ ലോണെടുക്കുന്ന ഒരാളെ സംബന്ധിച്ചു മാത്രമേ ഈ കാലപരിധി ലഭിക്കുകയുള്ളൂ. 60ാം വയസില്‍ റിട്ടയര്‍ ചെയ്യുന്ന ഒരാള്‍ 45ാം വയസിലാണ് ഹോം ലോണിന് അപേക്ഷിക്കുകയാണെങ്കില്‍ കിട്ടാവുന്ന ഏറ്റവും കൂടിയ കാലാവധി പതിനഞ്ചു വര്‍ഷമാണ്. എങ്കിലും, നിങ്ങള്‍ക്ക് നല്ല ക്രഡിറ്റ് സ്‌കോറും സ്ഥിരമായ ജോലിയുമുണ്ടെങ്കില്‍ റിട്ടയര്‍മെന്റിനപ്പുറം കുറച്ചുവര്‍ഷം കൂടി കാലപരിധി നീട്ടിനല്‍കുന്ന തരത്തില്‍ നിങ്ങള്‍ വായ്പയെടുക്കുന്ന സ്ഥാപനത്തെ ബോധ്യപ്പെടുത്താനായേക്കും. ബാങ്ക് പറയുന്ന കൂടിയ കാലാവധി അംഗീകരിക്കുന്നതും റിട്ടയര്‍മെന്റിനുശേഷവും ഇ.എം.ഐ അടക്കുന്നത് ഒഴിവാക്കാന്‍ കാലപരിധി നീട്ടിലഭിക്കാതിരിക്കുന്നതുമാണ് നല്ലത്.