294 കോടി അറ്റാദായം; വായ്പാ വിതരണത്തില്‍ 11.44 ശതമാനം വളര്‍ച്ച; നിക്ഷേപം 99,745 കോടി; സൗത്ത് ഇന്ത്യന്‍ ബാങ്ക് കേരളത്തിന്റെ അഭിമാനം

നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 45 ശതമാനം വാര്‍ഷിക വര്‍ധനയോടെ 294 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 202 കോടി രൂപയായിരുന്നു. 2024 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 490.24 കോടി രൂപയില്‍ നിന്ന് 507.68 കോടി രൂപയായും വര്‍ധിച്ചു. 3.56 ശതമാനമാണ് വളര്‍ച്ച.

മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 5.13 ശതമാനത്തില്‍ നിന്നും 63 പോയിന്റുകള്‍ കുറച്ച് 4.50 ശതമാനമാനത്തിലെത്തിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 41 പോയിന്റുകള്‍ കുറച്ച് 1.85 ശതമാനത്തില്‍ നിന്നും 1.44 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു. ഓഹരികളിന്മേലുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 11.80 ശതമാനത്തില്‍ നിന്നും 12.90 ശതമാനമായി ഉയര്‍ന്നു. ആസ്തികളിന്മേലുള്ള വരുമാനം 0.73 ശതമാനത്തില്‍ നിന്നും 1.00 ശതമാനമായും വര്‍ധിച്ചു.

അറ്റ പലിശ വരുമാനം 7.18 ശതമാനം വര്‍ധിച്ച് 865.77 കോടി രൂപയിലെത്തി. എഴുതി തള്ളല്‍ ഉള്‍പ്പെടാതെ ഉള്ള നീക്കിയിരിപ്പനുപാതം 65.15 ശതമാനത്തില്‍ നിന്നും 69.05 ശതമാനമായി ഉയര്‍ന്നു. എഴുതി തള്ളല്‍ ഉള്‍പ്പടെയുള്ള നീക്കിയിരിപ്പനുപാതം 76.54 ശതമാനത്തില്‍ നിന്നും 79.22 ശതമാനമായും ഉയര്‍ന്നു.

റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 8.37 ശതമാനം വര്‍ധിച്ച് 99,745 കോടി രൂപയിലെത്തി. പ്രവാസി (എന്‍.ആര്‍.ഐ) നിക്ഷേപം 6.06 ശതമാനം വര്‍ധിച്ച് 30,102 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവില്‍ 28,382 കോടി രൂപയായിരുന്നു ഇത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്സ് അക്കൗണ്ട്) നിക്ഷേപം 6.51 ശതമാനം വര്‍ധിച്ചു. സേവിങ്‌സ് ബാങ്ക് നിക്ഷേപത്തില്‍ 4.87 ശതമാനവും കറന്റ് അക്കൌണ്ട് നിക്ഷേപത്തില്‍ 14.80 ശതമാനവുമാണ് വര്‍ധന.

വായ്പാ വിതരണത്തില്‍ 11.44 ശതമാനം വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ കൈവരിച്ചു. 74,102 കോടി രൂപയില്‍ നിന്നും 82,580 കോടി രൂപയിലെത്തി. കോര്‍പറേറ്റ് വായ്പകള്‍ 23.48 ശതമാനം വാര്‍ഷിക വര്‍ധനയോടെ 27,522 കോടി രൂപയില്‍ നിന്നും 33,984 കോടി രൂപയിലെത്തി. ഇവയില്‍ എ റേറ്റിങും അതിനു മുകളിലുമുള്ള അക്കൗണ്ടുകളുടെ വിഹിതം വാര്‍ഷികാടിസ്ഥാനത്തില്‍ 94 ശതമാനത്തില്‍ നിന്നും 96 ആയി വര്‍ധിച്ചു. വ്യക്തിഗത വായ്പകള്‍ 1,935 കോടി രൂപയില്‍ നിന്ന് 2,312 കോടി രൂപയായും, സ്വര്‍ണ വായ്പകള്‍ 14,478 കോടി രൂപയില്‍ നിന്ന് 16,317 കോടി രൂപയായും വര്‍ധിച്ചു. 12.70 ശതമാനമാണ് സ്വര്‍ണ വായ്പകളുടെ വാര്‍ഷിക വളര്‍ച്ച.

‘ബിസിനസ് വളര്‍ച്ചയ്ക്കുവേണ്ടി ബാങ്ക് സ്വീകരിച്ച നയപരമായ തീരുമാനങ്ങളെല്ലാം മികച്ച രീതിയില്‍ നടപ്പിലാക്കി. കോര്‍പ്പറേറ്റ്, ഓട്ടോ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ്, ഗോള്‍ഡ് ലോണ്‍ തുടങ്ങി എല്ലാ മേഖലകളിലും ബാങ്ക് മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മികച്ച ട്രാക്കുള്ള എല്ലാവര്‍ക്കും പുതിയ വായ്പകള്‍ അനുവദിക്കുക വഴി, ഗുണപരമായ വായ്പ്പാ വളര്‍ച്ചയിലൂടെ ലാഭം കണ്ടെത്താനും ബാങ്ക് ലക്ഷ്യമിടുന്നു.’- സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഓയുമായ പി ആര്‍ ശേഷാദ്രി പറഞ്ഞു.

18.11 ശതമാനമാണ് ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എസ്‌ഐബിഒഎസ്എല്ലിന്റെ സാമ്പത്തിക ഫലങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് ബാങ്കിന്റെ ഈ സാമ്പത്തിക ഫലങ്ങള്‍.