ലെജന്ററി സാഗ; 25 വര്‍ഷം മുന്‍പ് ഒരു ഓഹരിയ്ക്ക് ഒരു രൂപ, ഇന്ന് വില 4,800; വിജയഗാഥയുമായി റോയല്‍ എന്‍ഫീല്‍ഡ്

25 വര്‍ഷം മുന്‍പ് ഒരു രൂപ മാത്രം വിലയുണ്ടായിരുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഹരി ഇന്ന് 4800 രൂപയിലെത്തിയത് എങ്ങനെ എന്നറിയാമോ? നിങ്ങളുടെ സംരംഭത്തിനും ഇത് സാധ്യമാകും. ബ്രിട്ടണില്‍ ജനിച്ച് ഇന്ത്യക്കാരുടെ സ്വകാര്യ അഹങ്കാരമായി മാറിയ റോയല്‍ എന്‍ഫീല്‍ഡ് 2000ല്‍ സിദ്ധാര്‍ത്ഥ് ലാല്‍ സിഇഒ ആയി എത്തുമ്പോള്‍ കമ്പനി അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ?

ഇന്ത്യക്കാര്‍ ഒന്നടങ്കം കൈയൊഴിഞ്ഞ റോയല്‍ എന്‍ഫീല്‍ഡ് ഇന്ന് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ചതെങ്ങനെയെന്ന് അറിയേണ്ടേ? 1999ല്‍ സിദ്ധാര്‍ത്ഥ് ലാല്‍ ഐഷര്‍ മോട്ടോര്‍സില്‍ എത്തുമ്പോള്‍ 1950കളില്‍ ജന്മം കൊണ്ട കാസ്റ്റ് അയണ്‍ 350 എന്‍ജിനാണ് എന്‍ഫീല്‍ഡ് സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് എന്നീ ബ്രാന്റുകളില്‍ വില്‍പ്പന നടത്തിയിരുന്നത്.

View this post on Instagram

A post shared by SouthLive (@southlive.in)

എന്‍ഫീല്‍ഡിന്റെ സാരഥിയായി എത്തിയതിന് പിന്നാലെ സിദ്ധാര്‍ത്ഥ് തന്റെ വാഹനം ആളുകള്‍ക്ക് പ്രിയമല്ലാതായതിന്റെ കാരണം കണ്ടത്താന്‍ ഇന്ത്യ മുഴുവന്‍ 350 കാസ്റ്റ് അയണ്‍ എന്‍ജിനില്‍ ഒരു യാത്ര നടത്തി. സ്റ്റാര്‍ട്ടിംഗ് ട്രബിള്‍, ഉയര്‍ന്ന മെയിന്റനന്‍സ് ചാര്‍ജ്, കുറഞ്ഞ മൈലേജ്, ഭാരം, വൈബ്രേഷന്‍, വലതു വശത്തെ ഗിയര്‍, ആംപിയര്‍ സെറ്റ് ചെയ്തുള്ള കിക്ക് സ്റ്റാര്‍ട്ട് തുടങ്ങിയവയായിരുന്നു അക്കാലത്ത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ നേരിട്ടിരുന്ന പ്രധാന പ്രശ്‌നങ്ങള്‍.

സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നോണം പോയിന്റ് സ്റ്റാര്‍ട്ടിംഗില്‍ നിന്നുമാറ്റി സിഐ എന്‍ജിനില്‍ ഇലക്ട്രിക് യൂണിറ്റ് ഉള്‍പ്പെടുത്തി പുറത്തിറക്കിയ ഇലക്ട്ര, മാച്ചിസ്‌മോ, മോഡലുകള്‍ക്ക് എന്‍ഫീല്‍ഡ് വലിയ പരസ്യം നല്‍കിയിരുന്നെങ്കിലും ഫലം നിരാശയായിരുന്നു. തുടര്‍ന്ന് 2001ല്‍ സിദ്ധാര്‍ത്ഥ് മറ്റ് പ്രശ്‌നങ്ങള്‍ക്കുകൂടി പരിഹാരമായി ആസ്ട്രിയന്‍ നിര്‍മ്മാതാക്കളുടെ പങ്കാളിത്തത്തോടെ എവിഎല്‍ എന്‍ജിനുകള്‍ പരീക്ഷിച്ചു.

സിഐ എന്‍ജിനെ അപേക്ഷിച്ച് എവിഎല്‍ എന്‍ജിനുകള്‍ക്ക് മെയിന്റനന്‍സ് കുറവായിരുന്നു, ഇന്ധന ക്ഷമതയും കൂടുതലായിരുന്നു. ഗിയറുകള്‍ ഇടതുവശത്തേക്ക് മാറ്റിയതും എവിഎല്‍ എന്‍ജിന്റെ വരവോടെയാണ്. എന്നാല്‍ ഫൈവ് സ്പീഡ് ഗിയര്‍ ബോക്‌സിലെത്തിയ എവിഎല്‍ എന്‍ജിനുകളും വിപണിയില്‍ വമ്പന്‍ പരാജയമായിരുന്നു.

View this post on Instagram

A post shared by SouthLive (@southlive.in)

എന്നാല്‍ സിദ്ധാര്‍ത്ഥ് തോറ്റ് പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. ബുള്ളറ്റ് പ്രേമികളുടെ എല്ലാ പരാതികളും അയാള്‍ നിരന്തരം ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. അതിന്റെ ഫലം പുറത്തുവന്നത് 2008ല്‍ ആയിരുന്നു. ലളിതമായ റൈഡിംഗ് കംഫര്‍ട്ട് ഉറപ്പുനല്‍കുന്നതായിരുന്നു എന്‍ഫീല്‍ഡ് പുറത്തിറക്കിയ 350 യുസിഇ എന്‍ജിനുകള്‍.

റെട്രോ ക്ലാസിക് ലുക്കില്‍ സെല്‍ഫ് സ്റ്റാര്‍ട്ടില്‍ യുസിഇ എന്‍ജിനില്‍ ക്ലാസിക് 350 എന്ന മോഡല്‍ വില്‍പ്പനയ്‌ക്കെത്തിയതോടെയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ തലവര മാറുന്നത്. 2010ല്‍ ഒരു രൂപയില്‍ നിന്ന് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഹരികള്‍ ആയിരം രൂപയിലേക്കെത്തുന്നതും ഇക്കാലത്താണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്റ്ായി എന്‍ഫീല്‍ഡ് വളര്‍ന്നതും ഇക്കാലയളവിലാണ്.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡ് അഭൂതപൂര്‍വ്വമായ വില്‍പ്പന കൈവരിച്ചു. എന്നാല്‍ യുസിഇ എന്‍ജിനില്‍ തൃപ്തരാകാതിരുന്ന ന്യൂ ജനറേഷന് വേണ്ടി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ രൂപത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ടാപ്പറ്റ് നോയിസ്, വൈബ്രേഷന്‍, ഇനിഷ്യല്‍ പവര്‍ തുടങ്ങിയ കാര്യങ്ങളില്‍ ന്യൂ ജനറേഷന്‍ നിരാശരായിരുന്നു.

യുവാക്കളിലെ നിരാശ എന്‍ഫീല്‍ഡിന്റെ വില്‍പ്പനെയും ബാധിച്ചു. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആഗ്രഹിച്ചിരുന്ന സിദ്ധാര്‍ത്ഥ് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളുടെ പങ്കാളിത്തത്തോടെ 2016ല്‍ 411 സിസിയുടെ ജെ സീരീസ് അഡ്വഞ്ചര്‍ സ്‌പോര്‍ട്ട് ബൈക്കായ ഹിമാലയന്‍ പുറത്തിറക്കിയാണ് മറുപടി നല്‍കിയത്.

ലോകോത്തര ബ്രാന്റുകളായ ട്രയംഫ്, ബിഎസ്എ, ഹാര്‍ലി ഡേവിഡ്‌സണ്‍, കാവസാക്കി, ഹോണ്ട, ജാവ തുടങ്ങിയ കമ്പനികള്‍ ഇക്കാലയളവില്‍ ഇന്ത്യന്‍ വിപണിയിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് കളം പിടിച്ചിരുന്നു. അതിശക്തരായ ഈ വാഹന നിര്‍മ്മാതാക്കള്‍ക്കൊപ്പം കിടപിടിക്കാന്‍ സാധിക്കാതെ റോയല്‍ എന്‍ഫീല്‍ഡ് അടച്ചുപൂട്ടേണ്ടി വരുമെന്ന് വിലയിരുത്തലുകളും അന്ന് ശക്തമായിരുന്നു.

ജെ സീരീസ് ലോംഗ് സ്‌ട്രോക്ക് എന്‍ജിനുകള്‍ സീറോ വൈബ്രേഷനും ഉയര്‍ന്ന ഇനിഷ്യല്‍ പവറും നല്‍കിയിരുന്നു. അത് സിദ്ധാര്‍ത്ഥ് ഒരു അവസരമായി കണ്ടു. 650 സിസി ജെ സീരീസ് എന്‍ജിനില്‍ ഇന്റര്‍സെപ്റ്ററും, കോണ്ടിനെന്റല്‍ ജിടിയും പുറത്തിറക്കിയതോടെ റോയല്‍ എന്‍ഫീല്‍ഡിന്റെ വളര്‍ച്ച ഇന്റര്‍നാഷണല്‍ ലെവലിലും വലിയ ജനപ്രീതിയുണ്ടാക്കി.

ക്ലാസിക്, തണ്ടര്‍ ബേര്‍ഡ്, സ്റ്റാന്റേര്‍ഡ് തുടങ്ങിയ മോഡലുകളില്‍ പുറത്തിറക്കിയിരുന്ന യുസിഇ എന്‍ജിനുകള്‍ അതോടെ നിറുത്തലാക്കി. തുടര്‍ന്ന് തണ്ടര്‍ ബേര്‍ഡിന് പകരം മെറ്റിയോര്‍, ക്ലാസിക്കിന് പകരം റീബോണ്‍ എന്നിങ്ങനെ ജെ സീരീസ് എന്‍ജിനുകളില്‍ എന്‍ഫീല്‍ഡ് വില്‍പ്പന തുടര്‍ന്നു.

ജെന്‍സി റൈഡര്‍മാരെ ആകര്‍ഷിക്കാന്‍ ഇന്റര്‍സെപ്റ്ററിനും, കോണ്ടിനെന്റല്‍ ജിടിയ്ക്കും സാധിച്ചെങ്കിലും കോവിഡിന് ശേഷം യുവാക്കളുടെ യാത്രകളും വര്‍ദ്ധിച്ചതോടെ അഡ്വഞ്ചര്‍ സ്‌പോര്‍ട്ട് ബൈക്കുകള്‍ക്ക് പ്രിയമേറിയിരുന്നു. അപ്പോഴേക്കും സിദ്ധാര്‍ത്ഥ് ലാല്‍ ഇന്ത്യന്‍ യുവാക്കളുടെ മാത്രമല്ല വിദേശികളായ റൈഡര്‍മാരുടെയും പള്‍സ് മനസിലാക്കിയിരുന്നു.

2024 ഷേര്‍പ്പ 450 സിസി എന്‍ജിനില്‍ ഹിമാലയനെ റീ ബില്‍ഡ് ചെയ്ത് പുറത്തിറക്കിയതോടെ ജെന്‍സിയെ തൃപ്തരാക്കാനും റോയല്‍ എന്‍ഫീല്‍ഡിന് സാധിച്ചു. 450 സിസി ഷേര്‍പ്പ എന്‍ജിന്‍ സെപ്ക്‌സില്‍ മാറ്റങ്ങളോടെ ഗോറില്ലയായി അവതരിപ്പിച്ചപ്പോഴും ഇന്ത്യന്‍ വിപണി ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

90സ് കിഡ്‌സ് മുതല്‍ ജെന്‍സി വരെ റോയല്‍ എന്‍ഫീല്‍ഡിനെ ഏറ്റെടുക്കുമ്പോഴും പഴയ കാസ്റ്റ് അയണ്‍ എന്‍ജിന്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ഇന്ത്യന്‍ റൈഡേഴ്‌സ് ആണ് ഇന്നും കമ്പനിയുടെ കരുത്തും ആത്മവിശ്വാസവും. 25 വര്‍ഷം മുന്‍പ് ആക്രിക്കടകളില്‍ ആളുകള്‍ ഉപേക്ഷിച്ചിരുന്നൊരു ബ്രാന്റിനെ ഇന്ന് ലോകോത്തര ബ്രാന്റായി സിദ്ധാര്‍ത്ഥ് വളര്‍ത്തിയത് നിരന്തരം ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിക്കൊണ്ടായിരുന്നു.