കീശയിലെ കാശിന്റെ കനം കാണിക്കാന്‍ കാറുകള്‍ തിരഞ്ഞെടുക്കുന്നവരുടെ കാലമാണ്. സാധാരണ ശമ്പളക്കാരന്‍ മാത്രമാണെങ്കില്‍ ബഡ്ജറ്റ് കാറുകളും സംരംഭകനോ വ്യവസായിയോ ആണെങ്കില്‍ പ്രീമിയം സെഡാന്‍ കാറുകള്‍, ഇതിലേറെ സൂക്ഷ്മമായി നോക്കിയാല്‍ സംരംഭത്തിന്റെ വലിപ്പം അനുസരിച്ച് വിദേശ നിര്‍മ്മിത വാഹനമോ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത വാഹനമോ കാണാന്‍ കഴിയും.
ആഢംബരത്തിന്റെ അവസാന വാക്കായി നാം ഇന്നും കാണുന്നത് വിദേശത്ത് നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളെ തന്നെയാണ്. അക്കാര്യത്തില്‍ മാത്രം നമ്മുടെ അതിസമ്പന്നര്‍ക്ക് സ്വദേശി വത്കരണത്തോട് വലിയ താത്പര്യം കാണാറില്ല. എന്തുതന്നെ ആയാലും അതിസമ്പന്നരുടെ ആ തീരുമാനം രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ദോഷമുണ്ടാക്കാറില്ല. അത്രയേറെ പണം നികുതി ഇനത്തില്‍ രാജ്യത്തിന് നല്‍കിയാല്‍ മാത്രമേ വിദേശത്ത് നിന്ന് വാഹനം ഇറക്കുമതി ചെയ്യാന്‍ സാധിക്കൂ.
എന്നാല്‍ ഇന്ത്യന്‍ കാറുകള്‍ക്ക് വിദേശത്ത് പ്രിയമുള്ളവരും ഏറെയാണ്. രാജ്യത്ത് നിന്ന് പ്രതിവര്‍ഷം ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന വാഹനങ്ങളുടെ പട്ടികയിലുള്ള മഹീന്ദ്ര ആന്റ് മഹീന്ദ്രയും ടാറ്റയും ഉള്‍പ്പെടെ രാജ്യത്തിന് കയറ്റുമതി ഇനത്തില്‍ നേടിത്തരുന്ന വരുമാനം ചെറുതല്ല.
എന്നാല്‍ സമ്പന്നനായ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ തലവന്‍ ആനന്ദ് മഹീന്ദ്ര ഉപയോഗിക്കുന്ന വാഹനം ഏതാണ്? ആനന്ദ് മഹീന്ദ്ര ഉപയോഗിക്കുന്ന വാഹനം വിദേശ നിര്‍മ്മിതമാണോ?
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് വലിയ പിന്തുണ നല്‍കുന്ന ആനന്ദ് മഹീന്ദ്രയുടെ വാഹനത്തെ സംബന്ധിച്ച് എക്‌സില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിന് പിന്നാലെയാണ് വിഷയം ആദ്യം ചര്‍ച്ചയാകുന്നത്. ഫെരാരി കാലിഫോര്‍ണിയ ടി, പോര്‍ഷെ 911, മെഴ്സിഡസ് ബെന്‍സ് എസ്എല്‍എസ് എഎംജി തുടങ്ങിയ ആഡംബര കാറുകള്‍ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ളതായി അവകാശപ്പെടുന്ന ഒരു ഓണ്‍ലൈന്‍ ലേഖനത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് എക്‌സിലെ പോസ്റ്റ്.
Given Mr. Anand Mahindra’s strong advocacy for “Made in India,” why does he opt to drive BMW and Mercedes cars instead of a Mahindra Thar, which is built by his own company? @anandmahindra pic.twitter.com/aHl299W1DI
— Rattan Dhillon (@ShivrattanDhil1) September 1, 2024
എന്നാല്‍ സംഭവത്തിന് പിന്നാലെ ആനന്ദ് മഹീന്ദ്ര ഇതേ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുണ്ട്. മഹീന്ദ്രയുടെ ബാറ്റിസ്റ്റ ഇലക്ട്രിക് ഹൈപ്പര്‍കാറിന്റെ ലോഞ്ചിംഗ് വേളയില്‍ മോണ്ടേറി കാര്‍ വീക്കില്‍ എടുത്ത ഫോട്ടോയാണെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പിനിന്‍ഫാരിന എന്ന കമ്പനിയാണ് ഫോട്ടോയിലെ ക്ലാസിക് സിസിറ്റാലിയയുടെ കാര്‍ ഡിസൈന്‍ ചെയ്തത്.
തന്റെ അമ്മയുടെ ഫിയറ്റ് കാറിലാണ് ഡ്രൈവിംഗ് പഠിച്ചതെന്ന് വ്യക്തമാക്കിയ ആനന്ദ് മഹീന്ദ്രയിലെത്തിയതിന് ശേഷം മഹീന്ദ്രയുടേതല്ലാതെ മറ്റൊരു വാഹനം ഉപയോഗിച്ചിട്ടില്ലെന്നും അറിയിച്ചു. മഹീന്ദ്രയുടെ സ്‌കോര്‍പിയോ എന്‍ ആണ് നിലവില്‍ ആനന്ദ് മഹീന്ദ്ര ഉപയോഗിക്കുന്ന വാഹനം. ചിലപ്പോഴൊക്കെ ഭാര്യയുടെ എസ്‌യുവി 700യും ആനന്ദ് ഉപയോഗിക്കാറുണ്ടെന്നും പറയുന്നു.
Read more
മഹീന്ദ്ര ആന്റ് മഹീന്ദ്രയില്‍ ചേര്‍ന്നതിന് ശേഷം സോഫ്റ്റ് ടോപ്പ് മഹീന്ദ്ര സിജെ 3 യുവി ആയിരുന്നു ആനന്ദിന്റെ വാഹനം. മഹീന്ദ്ര ഹാര്‍ഡ്-ടോപ്പ് അര്‍മാഡ നിര്‍മ്മിച്ചപ്പോള്‍ ആനന്ദ് അതിലേക്ക് മാറി. തുടര്‍ന്ന് വര്‍ഷങ്ങളോളം ആനന്ദ് ബൊലേറോ, സ്‌കോര്‍പ്പിയോ ക്ലാസിക്, എസ്‌യുവി 500 എന്നിവയും ഉപയോഗിച്ചിരുന്നു.